ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരാനിരിക്കെ അതിന് മുന്നോടിയായി തമിഴ്‌നാട്ടിലെ കന്യാകുമാരിയിലുള്ള വിവേകാനന്ദ പാറ പ്രധാനമന്ത്രി നരേന്ദ്ര മോദി (Narendra Modi) സന്ദര്‍ശിക്കും. രണ്ടു ദിവസം വിവേകാനന്ദപാറയില്‍ തങ്ങുന്ന പ്രധാനമന്ത്രി മേയ് 31-ന് വിവേകാനന്ദ പാറ മെമ്മോറിയല്‍ ഹാളില്‍ ധ്യാനമിരിക്കും. ജൂണ്‍ ഒന്നിന് അദ്ദേഹം കന്യാകുമാരിയില്‍ നിന്ന് തിരിക്കും. ജൂണ്‍ നാലിനാണ് ഏഴു ഘട്ടങ്ങളായി നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവരിക.
ജൂണ്‍ ഒന്നിനും വിവേകാനന്ദ പാറയില്‍ ധ്യാനിക്കാന്‍ തീരുമാനിച്ചാല്‍ അദ്ദേഹം രണ്ടുദിവസം അവിടെയുണ്ടാകുമെന്ന് ‘ദി ഹിന്ദു’ റിപ്പോര്‍ട്ടു ചെയ്തു.
2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് വരുന്നതിന് മുമ്പായി ഉത്തരാഖണ്ഡിലെ കേദാര്‍നാഥ് ക്ഷേത്രത്തില്‍ പ്രധാനമന്ത്രി ധ്യാനമിരുന്നിരുന്നു. ഹിമാലയത്തില്‍ 11,700 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഗുഹയിലാണ് മോദി അന്ന് ധ്യാനമിരുന്നത്. കേദാര്‍നാഥില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെയായി സ്ഥിതി ചെയ്യുന്ന പ്രശസ്തമായ രുദ്ര ധ്യാനഗുഹയില്‍ ഒരു രാത്രി മുഴുവനുമാണ് അദ്ദേഹം ചെലവഴിച്ചത്. ഈ ഗുഹ ഇന്ന് ഏറെ പ്രശസ്തമാണ്.
ഗുഹയ്ക്കുള്ളില്‍ വൈദ്യുതി, ഹീറ്റര്‍, ചെറിയൊരു കിടക്ക, മെത്ത, കുളിക്കാനുള്ള സ്ഥലം, ടോയ്‌ലറ്റ്, ചൂടുവെള്ളം ലഭിക്കുന്ന ഇലക്ട്രിക് ഗീസർ, ടെലിഫോണ്‍ തുടങ്ങിയ സൗകര്യങ്ങളുണ്ടെന്ന് രുദ്രപ്രയാഹ് ജില്ലാ മജിസ്‌ട്രേറ്റിനെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ഇത്തവണത്തെ തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സംഖ്യം 400-ല്‍ പരം സീറ്റുകള്‍ നേടുമെന്നാണ് പാര്‍ട്ടി നേതാക്കള്‍ പ്രതീക്ഷിക്കുന്നത്. ബിജെപി സഖ്യം ഭൂരിപക്ഷം നേടിയാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തുടര്‍ച്ചയായി മൂന്നാം തവണയും അധികാരത്തിലെത്തും.