മലപ്പുറം: വളാഞ്ചേരിയിൽ കടയുടെ ഉദ്ഘാടനത്തിന് ‘വളി’ എന്ന പദംവച്ച് പാടുകയും പറയുകയും ചെയ്ത കേസിൽ യൂട്യൂബർ ‘തൊപ്പി’ പോലീസ് കസ്റ്റഡിയിൽ. എറണാകുളത്ത് സുഹൃത്തിന്റെ വീട്ടിൽനിന്നാണ് ‘തൊപ്പി’ എന്ന മുഹമ്മദ് നിഹാലി (26)നെ വളാഞ്ചേരി പോലീസ് രാത്രി 3ന് കസ്റ്റഡിയിൽ എടുത്തത്. സുഹൃത്തിന്റെ വീട്ടിലെ മുറിയുടെ വാതിൽ ചവിട്ടിപ്പൊളിച്ചാണ് പോലീസ് നിഹാലിനെ കസ്റ്റഡിയിൽ എടുത്തത്. ഇതിന്റെ വീഡിയോ തൊപ്പി ലൈവിട്ടിരുന്നു. പോലീസുകാർ ചവിട്ടിപ്പൊളിച്ച ഭാഗത്തുകൂടി നിഹാൽ മുറിക്ക് പുറത്തേക്ക് ഇറങ്ങുന്നതടക്കമുള്ള ദൃശ്യം ലൈവിലുണ്ട്.
മലപ്പുറം വളാഞ്ചേരി പോലീസാണ് തൊപ്പിക്കെതിരെ കേസെടുത്തത്. കഴിഞ്ഞ ദിവസം വളാഞ്ചേരിയിൽ കട ഉദ്ഘാടനത്തിനെത്തിയപ്പോൾ ഗതാഗത തടസം സൃഷ്ടിച്ചു, അശ്ലീല പദപ്രയോഗം നടത്തി തുടങ്ങിയ വകുപ്പുകളിലാണ് കേസ്.
അതേസമയം, കണ്ണൂരിരിലെ വീട്ടിൽ അതിതീവ്ര മതവിശ്വാസ പശ്ചാത്തലത്തിൽ വളർന്ന ഇയാൾ പലപ്പോഴും അതിനെതിരെ അഭിപ്രായങ്ങൾ പറഞ്ഞിരുന്നത് യാഥാസ്ഥിതികരെ പ്രകോപിപ്പിച്ചിരുന്നു. വളാഞ്ചേരി പൈങ്കണ്ണൂർ പാണ്ടികശാല സ്വദേശിയും സന്നദ്ധപ്രവർത്തകനുമായ സെയ്ഫുദ്ദീൻ പാടത്തിൻറെ പരാതിയിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഇതേസംഭവത്തിൽ എ.ഐ.വൈ.എഫ്. ജില്ലാ എക്‌സിക്യുട്ടീവ് അംഗം മുർഷിദുൽ ഹഖും വളാഞ്ചേരി സ്‌റ്റേഷനിൽ പരാതി കൊടുത്തിരുന്നു.
ചുരുങ്ങിയ കാലം കൊണ്ട് സോഷ്യൽ മീഡിയയിൽ വൈറലായ യൂട്യൂബറാണ് ‘തൊപ്പി’. ആറുലക്ഷത്തിൽ കൂടുതൽ സബ്‌സ്‌ക്രൈബേഴ്‌സ് തൊപ്പിയുടെ യൂട്യൂബ് ചാനലിനുണ്ട്. ഗെയിമിംഗ് പ്ലാറ്റ്‌ഫോമിലൂടെയാണ് തൊപ്പി കുട്ടികൾക്കിടയിൽ ശ്രദ്ധിക്കപ്പെടുന്നത്.
അതേസമയം, ഇവിടെക്കുറേ രാഷ്ട്രീയക്കേസുകൾ കിടക്കുന്നുണ്ടെന്നും അവ ഒളിപ്പിക്കാനും മുക്കാനുമാണ് തനിക്കെതിരായ കേസ് വലുതായി കാണിക്കുന്നതെന്നും നിഹാൽ ലൈവിൽ ആരോപിച്ചു. ഇത്ര വലിയ പ്രശ്‌നമൊന്നും ആക്കേണ്ട കാര്യമില്ല. പോലീസ് ഉദ്യോഗസ്ഥർ വിളിച്ചപ്പോൾ അടുത്തദിവസം സ്‌റ്റേഷനിൽ ഹാജരാകാമെന്ന് അറിയിച്ചതാണ്. വെറുതേ വാർത്തയാക്കാൻ വേണ്ടിയാണ് ഇപ്പോൾ വന്ന് അറസ്റ്റ് ചെയ്യുന്നതെന്നും നിഹാൽ കുറ്റപ്പെടുത്തി.
ഹാർഡ് ഡിസ്‌ക്, കംപ്യൂട്ടർ, രണ്ട് മൊബൈൽ ഫോണുകൾ എന്നിവ പോലീസ് പിടിച്ചെടുത്തു. കഴിഞ്ഞദിവസം മുഹമ്മദ് നിഹാലിനും അയാളെ ഉദ്ഘാടനത്തിനു ക്ഷണിച്ച കടയുടമ സൈനുൽ ആബിദിന്റെ പേരിലും വളാഞ്ചേരി പോലീസ് കേസെടുത്തിരുന്നു. നഗരത്തിൽ ദേശീയപാതയിൽ കരിങ്കല്ലത്താണിയിൽ തുടങ്ങിയ ‘പെപ്പെ’ എന്ന കടയുടെ ഉദ്ഘാടകനായാണ് ‘തൊപ്പി’ എത്തിയത്. 17ന് രാവിലെ പതിനൊന്നിനായിരുന്നു ഉദ്ഘാടനം. സമയത്തിനുമുൻപുതന്നെ ദേശീയപാതയോരം കൗമാരക്കാരെക്കൊണ്ട് നിറഞ്ഞു.
ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെടുത്തിയതിനും സ്ഥലത്ത് കൂടിയിരുന്നവർക്കിടയിൽ അശ്ലീലം പറയുകയും തെറിപ്പാട്ട് പാടുകയും ചെയ്തതിനാണ് കേസ്.