ന്യൂഡൽഹി: പുതിയ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട് ഡൽഹിയിൽ ചേർന്ന എൻഡിഎ സഖ്യകക്ഷികളുടെ യോഗം അവസാനിച്ചു. എൻഡിഎ കക്ഷി നേതാവായി നരേന്ദ്ര മോദിയെ യോഗം തിരഞ്ഞെടുത്തു. ഏഴാം തീയതി എംപിമാരുടെ യോഗത്തിന് ശേഷം സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിച്ച് രാഷ്ട്രപതിയെ കാണും.
ലോക്സഭാ തിരഞ്ഞെടുപ്പിൽ 292 സീറ്റുകൾ നേടിയതിനു പിന്നാലെ ബുധനാഴ്ച വൈകിട്ടോടെയാണ് യോഗം ചേർന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നഡ്ഡ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ടിഡിപി നേതാവ് ചന്ദ്രബാബു നായിഡു, ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, ജന സേനാ നേതാവ് പവൻ കല്യാൺ, മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ തുടങ്ങിയവർ പങ്കെടുത്തു.
നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ സർക്കാർ രൂപീകരണത്തന് അവകാശവാദം ഉന്നയിച്ച് എൻഡിഎ നേതാക്കൾ ഇന്നുതന്നെ രാഷ്ട്രപതി ദ്രൗപതി മുർവിനെ കാണുമെന്നായിരുന്നു നേരത്തെ പുറത്തുവന്ന വിവരം. എന്നാൽ, ഏഴാംതീയതി കണ്ടാൽ മതിയെന്ന് യോഗത്തിൽ തീരുമാനിക്കുകയായിരുന്നു.
സർക്കാർ രൂപീകരിക്കുന്നതിന് പിന്തുണ അറിയിച്ച് ജെ പി നഡ്ഡയ്ക്ക് ഏക്നാഥ് ഷിൻഡെയുടെ ശിവസേന കത്ത് കൈമാറിയിട്ടുമുണ്ട്. ടിഡിപി, ജെഡിയു, പവൻ കല്യാണിന്റെ ജന സേന എന്നീ പാർട്ടികൾ സർക്കാർ രൂപീകരണത്തിൽ നിർണായകമാകും. തങ്ങൾ എൻഡിഎയിൽ ആണെന്നും കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കാമെന്നും യോഗത്തിൽ പങ്കെടുക്കുന്നതിന് തൊട്ടുമുൻപ് ചന്ദ്രബാബു നായിഡു പറഞ്ഞിരുന്നു.
ആന്ധ്രയിലെ 25 ലോക്സഭാ സീറ്റുകളിൽ 16 ഇടത്താണ് ടിഡിപി വിജയിച്ചത്. ബിഹാറിൽ 40ൽ 12 സീറ്റിലാണ് ജെഡിയുവിന്റെ വിജയം. 2019ൽ ബിജെപി 303 സീറ്റുകളാണ് നേടിയിരുന്നത്. വലിയ പ്രതീക്ഷകൾ ഉണ്ടായിരുന്നുവെങ്കിലും ഇത്തവണ 240 സീറ്റുകൾ നേടാൻ മാത്രമേ ബിജെപിയ്ക്ക് സാധിച്ചുള്ളൂ.
272 എന്ന കേവലഭൂരിപക്ഷത്തിലേക്കെത്താൻ 32 സീറ്റുകളുടെ കുറവാണ് ഇപ്പോഴുള്ളത്. മൂന്നാം തവണ അധികാരത്തിലേക്കെത്താൻ എൻഡിഎ സഖ്യ കക്ഷികളുടെ പിന്തുണ ബിജെപിക്ക് വേണ്ടിവരും.
നേരത്തെ രാഷ്ട്രപതി ഭവനിലെത്തിയ നരേന്ദ്ര മോദി രാഷ്ട്രപതി ദ്രൗപതി മുർവിന് രാജിസമർപ്പിച്ചു. പ്രധാനമന്ത്രിയായി നരേന്ദ്രമോദി ശനിയാഴ്ച സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടുചെയ്യുന്നത്. മൂന്നാം തവണയും സര്‍ക്കാര്‍ രൂപവത്കരിക്കാനുള്ള അവസരം തന്നതിന് ജനങ്ങളോട് നന്ദി പറയുന്നുവെന്ന് വാരാണസിയില്‍ ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് കഴിഞ്ഞദിവസം മോദി പറഞ്ഞിരുന്നു.