Wednesday, March 12, 2025

HomeNewsIndiaഒരാള്‍ പിന്‍മാറുന്നതോടെ ലിവ്-ഇന്‍-റിലേഷന്‍ഷിപ്പ് അവസാനിക്കുമെന്ന് ഹൈക്കോടതി

ഒരാള്‍ പിന്‍മാറുന്നതോടെ ലിവ്-ഇന്‍-റിലേഷന്‍ഷിപ്പ് അവസാനിക്കുമെന്ന് ഹൈക്കോടതി

spot_img
spot_img

ചെന്നൈ: നിലവില്‍ വിവാഹിതനായ ഒരു വ്യക്തി മറ്റൊരു സ്ത്രീയുമായി ലിവിംഗ് ഇന്‍ റിലേഷനിലേര്‍പ്പെടുമ്പോള്‍ ആ ബന്ധത്തിന് നിയമസാധുത ലഭിക്കില്ലെന്ന് മദ്രാസ് ഹൈക്കോടതി. കൂടാതെ ആ സ്ത്രീയുടെ സ്വത്തിന്മേൽ പുരുഷന് അവകാശം ഉന്നയിക്കാനാകില്ലെന്നും കോടതി പറഞ്ഞു.

ജസ്റ്റിസ് ആര്‍ എം ടി ടീക്ക രാമന്‍ ആണ് വിധി പ്രസ്താവിച്ചത്. റാണിപേട്ട് സ്വദേശിയായ പി. ജയചന്ദ്രന്‍ സമര്‍പ്പിച്ച അപ്പീല്‍ ഹര്‍ജി പരിഗണിക്കുകയായിരുന്നു അദ്ദേഹം. ദാമ്പത്യത്തില്‍ അഭിപ്രായ വ്യത്യാസങ്ങളും അസ്വസ്ഥതയും ഉണ്ടെങ്കിലും നിയമത്തിന്റെ മുമ്പില്‍ വിവാഹ ബന്ധം നിയമപരമായി തുടരും. എന്നാല്‍ ലിവ് ഇന്‍ റിലേഷന്റെ സ്ഥിതി വ്യത്യസ്തമാണ്. രണ്ടുപേര്‍ തമ്മിലുള്ള ഉടമ്പടിയുടെ അടിസ്ഥാനത്തിലാണ് ഇത്തരം ബന്ധങ്ങള്‍ നിലനില്‍ക്കുന്നത്. രണ്ടുപേരില്‍ ആരെങ്കിലും ഒരാള്‍ പിന്‍മാറുന്നതോടെ ഈ ബന്ധം അവസാനിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി.

ഹര്‍ജിക്കാരനായ ജയചന്ദ്രന്‍ ഒരു സ്‌കൂള്‍ അധ്യാപകനാണ്. സ്റ്റെല്ല എന്നാണ് ഇയാളുടെ ഭാര്യയുടെ പേര്. ഈ ബന്ധത്തില്‍ ഇയാള്‍ക്ക് അഞ്ച് കുട്ടികളുമുണ്ട്. ഇദ്ദേഹം സ്‌കൂള്‍ ഹെഡ്മിസ്ട്രസായിരുന്ന മാര്‍ഗരറ്റ് അരുള്‍മൊഴിയുമായി ലിവ് ഇന്‍ റിലേഷനില്‍ ആയിരുന്നു. 2010ല്‍ ഇയാള്‍ അരുൾമൊഴിയുടെ പേരില്‍ കുറച്ച് സ്ഥലം എഴുതി നല്‍കി. എന്നാല്‍ 2013ല്‍ അരുൾമൊഴി മരിച്ചതിന് പിന്നാലെ ഈ കരാര്‍ ഇദ്ദേഹം ഏകപക്ഷീയമായി റദ്ദാക്കി.

എന്നാല്‍ 2013ല്‍ അരുൾമൊഴിയുടെ പിതാവ് എ. യേശുരത്‌നം ഭൂമിയുടെ ഏക അവകാശി താനാണെന്നും ആ നിലയില്‍ സ്വത്തിന്റെ അവകാശം പ്രഖ്യാപിക്കണമെന്നുമാവശ്യപ്പെട്ട് കോടതിയെ സമീപിച്ചു.

2016ല്‍ യേശുരത്‌നത്തിന് അനുകൂലമായി കോടതി വിധി പ്രഖ്യാപിച്ചു. ജയചന്ദ്രനും അരുള്‍മൊഴിയും തമ്മിലുള്ള ബന്ധം നിയമപരമായി വിവാഹത്തില്‍ കലാശിച്ചിരുന്നില്ലെന്നും ജയചന്ദ്രനും ഭാര്യ സ്റ്റെല്ലയുമായുള്ള വിവാഹ ബന്ധം വേര്‍പെടുത്തിയിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

എന്നാല്‍ ഇതിനെതിരെ ജയചന്ദ്രന്‍ അപ്പീല്‍ നല്‍കി. സ്‌പെഷ്യല്‍ പ്രോവിഡന്റ് ഫണ്ട് കം ഗ്രാറ്റുവിറ്റിയുടെ നോമിനിയായി അരുൾ മൊഴി തന്റെ പേരാണ് നല്‍കിയിരിക്കുന്നതെന്ന് ജയചന്ദ്രന്‍ പറഞ്ഞു. അവരുടെ മരണശേഷം കുടുംബ പെന്‍ഷന്‍ ലഭിക്കുന്നുണ്ടെന്നും ഇയാള്‍ പറഞ്ഞു.

എന്നാല്‍ ജയചന്ദ്രന്റെ വാദങ്ങള്‍ തള്ളിയ ബെഞ്ച് കരാര്‍ ഏകപക്ഷീയമായി റദ്ദാക്കുന്നത് നിയമപരമായി അനുവദനീയമല്ലെന്ന് പറഞ്ഞു. ടെര്‍മിനല്‍ ആനൂകൂല്യങ്ങള്‍ ലഭിക്കുന്നതിന് വേണ്ടി മാത്രമാണ് സര്‍വ്വീസ് രേഖകളില്‍ നോമിനിയെ വെയ്ക്കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി.

പരമ്പരാഗത വിവാഹ മോചനത്തിലൂടെ സ്റ്റെല്ലയുമായുള്ള ബന്ധം വേര്‍പ്പെടുത്തിയെന്നും ഇദ്ദേഹം കോടതിയില്‍ വാദിച്ചു. എന്നാല്‍ ക്രിസ്ത്യന്‍ മതത്തില്‍പ്പെട്ടവര്‍ ഇന്ത്യന്‍ വിവാഹമോചന നിയമം അനുസരിച്ചായിരിക്കണം ബന്ധം നിയമപരമായി വേര്‍പ്പെടുത്തേണ്ടതെന്ന് കോടതി ഇദ്ദേഹത്തെ ഓര്‍മ്മിപ്പിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments