ചെന്നൈ: തമിഴ്നാട്ടിലെ കള്ളക്കുറിച്ചിയിൽ വ്യാജമദ്യ ദുരന്തത്തെ തുടർന്ന് 10 പേർ മരിച്ചു. 35 പേർ കള്ളക്കുറിച്ച് ഗവ. മെഡിക്കൽ കോളേജ് അടക്കമുള്ള വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. ഇവരിൽ 9 പേരുടെ നില ഗുരുതരമാണ്.
കരുണാപുരത്തുനിന്നാണ് ഇവർ മദ്യം കഴിച്ചതെന്നാണു വിവരം. കള്ളക്കുറിച്ചി മെഡിക്കൽ കോളജ്, പുതുച്ചേരി ജിപ്മെർ എന്നീ ആശുപത്രികളിലായി 35 പേർ ചികിത്സയിലാണ്. തമിഴ്നാട് ആരോഗ്യമന്ത്രി മാ സുബ്രഹ്മണ്യൻ സംഭവസ്ഥലത്തേക്ക് പുറപ്പെട്ടു. വ്യാജമദ്യം വിറ്റെന്നു കരുതുന്ന ഗോവിന്ദരാജ് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളിൽനിന്ന് 200 ലിറ്റർ മദ്യം കണ്ടെടുത്തു. മദ്യത്തിൽ മെഥനോളിന്റെ അംശം സ്ഥിരീകരിച്ചതായി തമിഴ്നാട് സർക്കാർ അറിയിച്ചു.
അതേസമയം, ഇത് വ്യാജ മദ്യദുരന്തമാണോയെന്ന് ജില്ലാ കളക്ടർ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. മരിച്ചവരിൽ ഒരാൾ മദ്യപിക്കുന്നയാളല്ലെന്നും മരിച്ച മറ്റു രണ്ടുപേർ വയറിളക്കത്തെത്തുടർന്നാണ് മരിച്ചതെന്നുമാണ് ജില്ലാ കളക്ടർ ശ്രാവൺ കുമാർ ശെഖാവത്ത് അറിയിച്ചു. മരിച്ചവരുടെയും ചികിത്സയിലുള്ളവരുടെയും പരിശോധന പൂർത്തിയായാൽ മാത്രമേ മരണകാരണം വ്യക്തമാകൂവെന്ന് പൊലീസ് അറിയിച്ചു.
എന്നാൽ ദുരന്തത്തിന് പിന്നാലെ കള്ളക്കുറിച്ചി കളക്ടർ ശ്രാവൺ കുമാർ ശെഖാവത്തിനെ സ്ഥലം മാറ്റാനും പൊലീസ് സൂപ്രണ്ട് സമയ് സിങ് മീണയെ സസ്പെൻഡ് ചെയ്യാനും തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ഉത്തരവിട്ടു. മദ്യദുരന്തത്തിൽ സിബിസിഐഡി അന്വേഷണത്തിനും മുഖ്യമന്ത്രി ഉത്തരവിട്ടിട്ടുണ്ട്. കൂടുതൽ പൊലീസുകാർക്കെതിരെ നടപടിയുണ്ടാകുമെന്നാണു സൂചന.
ഇതിനിടെ, സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപി രംഗത്തുവന്നു. സംസ്ഥാനത്ത് വ്യാജമദ്യമൊഴുകുന്നത് തടയുന്നതിൽ സർക്കാർ പരാജയമാണെന്ന് ബിജെപി തമിഴ്നാട് അധ്യക്ഷൻ കെ അണ്ണാമലൈ പറഞ്ഞു.