യുജിസി-നാഷണൽ എലിജിബിലിറ്റി ടെസ്റ്റ് (NET) പരീക്ഷയുടെ ‘സമഗ്രതയിൽ പാളിച്ച’ ഉണ്ടായേക്കാമെന്ന റിപ്പോർട്ടുകളെ തുടർന്ന്, നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) ജൂൺ 18ന് രാജ്യത്തെ വിവിധ കേന്ദ്രങ്ങളിൽ നടത്തിയ യു.ജി.സി. നെറ്റ് പരീക്ഷ റദ്ദാക്കി. ജൂൺ 18 ന്, രണ്ട് ഷിഫ്റ്റുകളിലായി, രാജ്യത്തെ വിവിധ നഗരങ്ങളിൽ 83 വിഷയങ്ങളിൽ UGC-NET പരീക്ഷ OMR മോഡിൽ നടന്നിരുന്നു. നേരത്തെയുള്ള രീതിയിൽ നിന്നും വ്യത്യസ്തമായി ഇത്തവണ ഒറ്റ ദിവസം കൊണ്ട് പേനയും പേപ്പറും ഉൾപ്പെട്ട രീതിയിലാണ് നെറ്റ് പരീക്ഷ നടത്തിയത്.
പരീക്ഷ വീണ്ടും നടത്തുമെന്നും, അതിന്റെ വിവരങ്ങൾ പ്രത്യേകം പുറത്തുവിടുമെന്നും വിദ്യാഭ്യാസ മന്ത്രാലയം രാത്രി വൈകിയുള്ള പ്രസ്താവനയിൽ അറിയിച്ചു. അതേസമയം, സമഗ്രമായ അന്വേഷണത്തിനായി വിഷയം സിബിഐക്ക് കൈമാറുന്നുമുണ്ട്. 2024 ജൂൺ 19-ന്, പരീക്ഷയ്ക്കിടെ നടന്ന വ്യാപകമായ കോപ്പിയടിയെക്കുറിച്ച് സൈബർ സുരക്ഷാ വിദഗ്ധരിൽ നിന്ന് യൂണിവേഴ്സിറ്റി ഗ്രാൻ്റ്സ് കമ്മീഷന് മുന്നറിയിപ്പ് ലഭിച്ചിരുന്നു.
“പരീക്ഷാ പ്രക്രിയയുടെ സുതാര്യതയും പവിത്രതയും ഉറപ്പാക്കാൻ, UGC-NET ജൂൺ 2024 പരീക്ഷ റദ്ദാക്കാൻ വിദ്യാഭ്യാസ മന്ത്രാലയം തീരുമാനിച്ചു. പുതിയ പരീക്ഷ നടത്തും, അതിനായുള്ള വിവരങ്ങൾ പ്രത്യേകം പങ്കിടും. അതേസമയം, സമഗ്രമായ അന്വേഷണത്തിനായി വിഷയം സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന് കൈമാറുന്നു,” എന്ന് ഔദ്യോഗികമായി പുറപ്പെടുവിച്ച പ്രസ്താവനയിൽ പറയുന്നു.
ഇന്ത്യയിലെ സർവ്വകലാശാലകളിലെയും കോളേജുകളിലെയും ജൂനിയർ റിസർച്ച് ഫെലോഷിപ്പിനും അസിസ്റ്റൻ്റ് പ്രൊഫസർ തസ്തികയിലേക്കുമുള്ള യോഗ്യത നിർണ്ണയിക്കുന്നതിനായി സംഘടിപ്പിച്ച പരീക്ഷയിൽ ഈ വർഷം മൊത്തം 11,21,225 പേർ രജിസ്റ്റർ ചെയ്തു. ആകെ 9,08,580 പേരാണ് പരീക്ഷ എഴുതിയത്.
എൻടിഎ, നീറ്റ് എന്നിവ റദ്ദാക്കുന്നതിനൊപ്പം വിദ്യാഭ്യാസ മന്ത്രിയുടെയും യുജിസി ചെയർപേഴ്സണിൻ്റെയും രാജി ആവശ്യപ്പെട്ട് വ്യാഴാഴ്ച മന്ത്രാലയത്തിന് മുന്നിൽ പ്രതിഷേധിക്കുമെന്ന് ജവഹർലാൽ നെഹ്‌റു സർവകലാശാലയിലെ വിദ്യാർത്ഥി യൂണിയൻ അറിയിച്ചു.
കഴിഞ്ഞ ഒരു മാസമായി, മെഡിക്കൽ പ്രവേശന പരീക്ഷയിലെ ക്രമക്കേടുകൾ ആരോപിച്ച് രാജ്യത്തുടനീളം വിദ്യാർത്ഥി പ്രതിഷേധം അരങ്ങേറിയിരുന്നു.