ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയില്‍വേ പാലമായ ചെനാബ് പാലത്തിലൂടെയുള്ള സങ്കല്‍ദാന്‍-റിയാസി ട്രെയിനിന്റെ പരീക്ഷണ ഓട്ടം വിജകരമായി പൂര്‍ത്തിയാക്കിയതായി കേന്ദ്ര റെയില്‍വേമന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. ജമ്മു കശ്മീരിലെ സങ്കല്‍ദാന്‍-റിയാസി റൂട്ടിലാണ് ഈ പാലം സ്ഥിതി ചെയ്യുന്നത്.‘യുഎസ്ബിആര്‍എല്ലിന്റെ(Udhampur Srinagar Baramulla Rail Link) ഭൂരിഭാഗം പണികളും പൂര്‍ത്തിയായി. ടണല്‍ 1ന്റെ നിര്‍മ്മാണം മാത്രമാണ് ഇനി പൂര്‍ത്തിയാകാനുള്ളത്’ റെയിൽമന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.
പാരീസിലെ ഈഫല്‍ ടവറിനെക്കാള്‍ ഉയരമുണ്ട് ജമ്മു കശ്മീര്‍ താഴ്‌വരയിലെ ചെനാബ് പാലത്തിന് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ജമ്മു കശ്മീരിലെ റിയാസി ജില്ലയില്‍ ചെനാബ് നദിയ്ക്ക് കുറുകെയാണ് ഈ പാലം നിര്‍മ്മിച്ചിരിക്കുന്നത്. ചെനാബ് നദിയില്‍ നിന്ന് 359 മീറ്റര്‍ ഉയരത്തിലാണ് പാലം നിര്‍മ്മിച്ചിരിക്കുന്നത്.
ഉദംപൂർ ശ്രീനഗര്‍ ബാരാമുള്ള റെയില്‍ ലിങ്ക് പൂര്‍ത്തിയാക്കുന്നതിലൂടെ ജമ്മുകശ്മീരിനെ രാജ്യത്തെ മറ്റ് റെയില്‍വേ ശൃംഖലയുമായി ബന്ധിപ്പിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.അതേസമയം ഇത് രണ്ടാം വട്ടമാണ് കേന്ദ്ര റെയില്‍വേമന്ത്രിയായി അശ്വിനി വൈഷ്ണവ് ചുമതലയേല്‍ക്കുന്നത്. റെയില്‍വേ കൂടാതെ ഇന്‍ഫര്‍മേഷന്‍ ബ്രോഡ്കാസ്റ്റിംഗ്, ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ വകുപ്പിന്റെ ചുമതല കൂടി ഇദ്ദേഹം വഹിക്കും.ഇന്ത്യയുടെ വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ രണ്ട് മാസത്തിനുള്ളില്‍ ട്രാക്കിലിറങ്ങുമെന്നും അദ്ദേഹം മുമ്പ് പറഞ്ഞിരുന്നു. വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനുകളുടെ ബോഡി ഓസ്റ്റെനിറ്റിക് സ്റ്റെയിന്‍ലെസ് സ്റ്റീല്‍ കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ബിഇഎംഎല്‍ രൂപകല്‍പ്പന ചെയ്ത വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ക്ക് അവയുടെ രൂപകല്‍പ്പനയിലും കാര്യക്ഷമതയിലുമാണ് മുന്‍ഗണന നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച സെമി-ഹൈസ്പീഡ് ട്രെയിനായ വന്ദേഭാരത് ട്രെയിനുകള്‍ യാത്രക്കാര്‍ക്ക് പുതിയൊരു അനുഭവമാണ് നല്‍കിയത്. വന്ദേഭാരത് ട്രെയിനിന്റെ വിജയത്തിന് പിന്നാലെ വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ ട്രാക്കിലിറക്കാനാണ് റെയില്‍വേ മന്ത്രാലയം തീരുമാനിച്ചിരിക്കുന്നത്.ദീര്‍ഘദൂര യാത്രയ്ക്ക് വേണ്ടി നിര്‍മ്മിച്ചിരിക്കുന്ന വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ നിലവിലെ രാജധാനി എക്‌സ്പ്രസിന് ബദല്‍ ആകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കാൻ കഴിയുന്ന വിധത്തിലാണ് വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.