2021 ഡിസംബറിൽ ഹരിയാനയിലെ പാനിപ്പത്ത് സ്വദേശിയായ ബിസിനസുകാരൻ വിനോദ് ബറാറ വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ വഴിത്തിരിവ്. കൊലപാതകം നടന്ന് മൂന്ന് വര്‍ഷത്തിന് ശേഷം യഥാര്‍ത്ഥ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. ഇതിന് പോലീസിനെ സഹായിച്ചതാകട്ടെ ഒരു വാട്സ് ആപ്പ് സന്ദേശവും. വിനോദിന്റെ ഭാര്യയും കാമുകനുമാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പോലീസ് കണ്ടെത്തി. 2021 ഡിസംബര്‍ 15നാണ് വിനോദ് കൊല്ലപ്പെട്ടത്.
വിനോദിന്റെ സഹോദരൻ പ്രമോദ് പോലീസിന് അയച്ച ഒരു വാട്സ് ആപ്പ് സന്ദേശമാണ് കേസിന് വഴിത്തിരിവായത്. കേസ് വീണ്ടും സൂക്ഷ്മമായി അന്വേഷിക്കണമെന്നും വിനോദുമായി അടുത്ത ബന്ധമുള്ളയാളാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് തനിക്ക് തോന്നുന്നതെന്നും പ്രമോദ് ജില്ലാ പോലീസ് മേധാവിക്കും ഐപിഎസ് ഉദ്യോഗസ്തനായ അജിത് സിംഗ് ഷെഖാവത്തിനും അയച്ച സന്ദേശത്തില്‍ പറഞ്ഞിരുന്നു.
ഓസ്‌ട്രേലിയയിലാണ് പ്രമോദ് താമസിക്കുന്നത്. തുടർന്ന് കേസിൽ പുനരന്വേഷണം നടത്താൻ പോലീസ് തീരുമാനിച്ചു. അപകടത്തിന് നഷ്ടപരിഹാരം നല്‍കിയില്ലെന്നാരോപിച്ചാണ് വിനോദിനെ ദേവ് സുനാര്‍ എന്ന ട്രക്ക് ഡ്രൈവര്‍ വീട്ടില്‍ കയറി വെടിവെച്ച് കൊന്നതെന്നായിരുന്നു ഇതുവരെ വിശ്വസിച്ചിരുന്നത്. എന്നാല്‍ വിനോദിനെ കൊലപ്പെടുത്താൻ വിനോദിന്റെ ഭാര്യയായ നിധി ബറാറയും കാമുകന്‍ സുമിത്തും ദേവ് സുനാറിനെ ഏര്‍പ്പെടുത്തിയതാണെന്ന് പിന്നീടുള്ള അന്വേഷണത്തില്‍ പോലീസ് കണ്ടെത്തി.
‘‘കേസ് പഠിച്ചപ്പോള്‍ ഒരു കാര്യം എന്നെ വല്ലാതെ അലട്ടി. അപകട നഷ്ടപരിഹാരം നല്‍കിയില്ലെന്ന് പറഞ്ഞ് ഒരാള്‍ മറ്റൊരാളെ വെടിവെച്ച് കൊല്ലുമോ?,’ അന്വേഷണ ഉദ്യോഗസ്ഥനായ അജിത് സിംഗ് ഷെഖാവത്ത് പറഞ്ഞു. സുമിത്ത് എന്ന ജിം പരിശീലകന്റെ പരിചയക്കാരനാണ് ദേവ് സുനാര്‍ എന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. വിനോദിന്റെ ഭാര്യയായ നിധിയേയും സുമിത്തിന് അറിയാമായിരുന്നു. തുടര്‍ന്ന് പോലീസ് ഇവര്‍ മൂന്നുപേരെയും ചോദ്യം ചെയ്തപ്പോഴാണ് സത്യാവസ്ഥ പുറം ലോകം അറിഞ്ഞത്.
മകൾ സ്ഥിരമായി പോകുന്ന ജിമ്മില്‍ വെച്ചാണ് നിധി സുമിത്തിനെ പരിചയപ്പെട്ടത്. ഈ പരിചയം പിന്നീട് പ്രണയമായി വളര്‍ന്നു. ഇതേപ്പറ്റി അറിഞ്ഞ വിനോദ് രണ്ടുപേര്‍ക്കും താക്കീത് നല്‍കി. പിന്നീട് ഉണ്ടായ വാക്കുതര്‍ക്കങ്ങളാണ് വിനോദിന്റെ കൊലപാതകത്തിലേക്ക് നയിച്ചത്. വിനോദിനെ കൊല്ലാന്‍ പഞ്ചാബ് സ്വദേശിയായ ദേവ് സുനാറിന് നിധിയും സുമിത്തും ക്വട്ടേഷന്‍ കൊടുത്തു. 10 ലക്ഷം രൂപയാണ് ഇവര്‍ സുനാറിന് വാഗ്ദാനം ചെയ്തത്.
തുടര്‍ന്ന് 2021 ജനുവരി 5ന് സുനാര്‍ തന്റെ വാഹനം വിനോദിന്റെ കാറിന് മുകളിലേക്ക് ഇടിച്ചുകയറ്റി അപകടമുണ്ടാക്കി. എന്നാല്‍ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ വിനോദ് രക്ഷപ്പെടുകയായിരുന്നു. ആദ്യ ശ്രമം പരാജയപ്പെട്ടതിന്റെ വിഷമത്തിലായിരുന്നു നിധിയും സുമിത്തും. പിന്നീട് ഇവര്‍ സുനാറിനെ വീണ്ടും സമീപിച്ചു. അതുപ്രകാരം സുനാര്‍ വിനോദിന്റെ വീട്ടിലെത്തി. അപകടത്തിന് നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് സുനാര്‍ വിനോദിനെ സമീപിച്ചത്.
തരില്ലെന്ന് വിനോദ് പറഞ്ഞതോടെ സുനാര്‍ വിനോദിനെ വെടിവെച്ച് കൊല്ലുകയായിരുന്നു. വിനോദ് മരിച്ച് ദിവസങ്ങള്‍ക്ക് ശേഷം സുമിത്തും നിധിയും മണാലിയിലേക്ക് ട്രിപ്പ് പോയ വിവരവും അന്വേഷണ സംഘത്തിന് ലഭിച്ചു. ഇതോടെയാണ് പ്രതികളുടെ മേല്‍ അന്വേഷണം വഴിതിരിച്ചുവിട്ടത്. ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റസമ്മതം നടത്തുകയും ചെയ്തു. കോടതിയില്‍ ഹാജരാക്കിയ ഇവര്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്.