Thursday, November 21, 2024

HomeNewsKeralaകണ്ണൂരിൽ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു; പത്ത് ഫാമുകളിലെ പന്നികളെ ഉന്‍മൂലനം ചെയ്യാന്‍ നിർദ്ദേശം

കണ്ണൂരിൽ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു; പത്ത് ഫാമുകളിലെ പന്നികളെ ഉന്‍മൂലനം ചെയ്യാന്‍ നിർദ്ദേശം

spot_img
spot_img

കണ്ണൂർ: ഉദയഗിരി ഗ്രാമപഞ്ചായത്തിലെ മണ്ണാത്തികുണ്ട് ബാബു കൊടകനാലിന്റെ ഉടമസ്ഥതയിലുള്ള പന്നി ഫാമില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു. ഈ ഫാമിലെയും കൂടാതെ പ്രഭവകേന്ദ്രത്തിന്റെ ഒരു കിലോ മീറ്റര്‍ ചുറ്റളവിലുള്ള മുഴുവന്‍ പന്നികളെയും അടിയന്തിരമായി ഉന്മൂലനം ചെയ്ത് മാനദണ്ഡങ്ങള്‍ പ്രകാരം സംസ്‌കരിക്കാനും കലക്ടർ നിർദ്ദേശിച്ചു. ഉദയഗിരി പഞ്ചായത്തില്‍ രോഗം സ്ഥീരീകരിച്ച പന്നിഫാമിനു ചുറ്റുമുള്ള ഒരു കീലോമീറ്റര്‍ പ്രദേശം രോഗ ബാധിത പ്രദേശം ആയും 10 കീലോമീറ്റര്‍ ചുറ്റളവ് രോഗ നിരീക്ഷണ മേഖലയായും പ്രഖ്യാപിച്ച് ജില്ലാ കലക്ടര്‍ ഉത്തരവായി.

ഈ പ്രദേശങ്ങളില്‍ പന്നി മാംസം വിതരണം ചെയ്യുന്നതും വിതരണം ചെയ്യുന്ന കടകളുടെ പ്രവര്‍ത്തനവും പന്നികളെ ജില്ലയിലെ മറ്റു പ്രദേശങ്ങളില്‍ കൊണ്ടുപോകുന്നതും മറ്റ് പ്രദേശങ്ങളില്‍ നിന്ന് നിരീക്ഷണ മേഖലയിലേയ്ക്ക് കൊണ്ട് വരുന്നതും മൂന്ന് മാസത്തേക്ക് ജില്ലാ കലക്ടര്‍ നിരോധിച്ചു. പന്നികളെ ഉന്മൂലനം ചെയ്ത് ജഡങ്ങള്‍ മാനദണ്ഡങ്ങള്‍ പ്രകാരം സംസ്‌കരിച്ച് ജില്ലാ മൃഗ സംരക്ഷണ ഓഫീസര്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ നിര്‍ദേശിച്ചു. ഉദയഗിരി ഗ്രാമ പഞ്ചായത്തിലെ രോഗം സ്ഥിരീകരിച്ച പന്നി ഫാമുകളില്‍ നിന്നും മറ്റ് പന്നി ഫാമുകളിലേക്ക് കഴിഞ്ഞ രണ്ടു മാസങ്ങള്‍ക്കുള്ളില്‍ പന്നികളെ കൊണ്ടുപോയിട്ടുണ്ടോ എന്ന് പരിശോധിച്ച് അടിയന്തിര റിപ്പോര്‍ട്ട് ജില്ലാ മൃഗ സംരക്ഷണ ഓഫീസര്‍ക്ക് സമര്‍പ്പിക്കണം.

മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ജില്ലകളില്‍ നിന്നും പന്നി മാംസവും പന്നികളെയും അനധികൃതമായി ജില്ലയിലേക്ക് കടത്താന്‍ സാധ്യതയുള്ളതിനാല്‍ ചെക്ക് പോസ്റ്റുകളിലും ജില്ലയിലേക്കുള്ള മറ്റ് പ്രവേശന മാര്‍ഗങ്ങളിലും പോലീസുമായും ആര്‍ടിഒയുമായും ചേര്‍ന്ന് മൃഗ സംരക്ഷണ വകുപ്പ് കര്‍ശനമായ പരിശോധന നടത്തും. രോഗ വിമുക്ത മേഖലയില്‍ നിന്നുള്ള പന്നികളെ മാത്രമേ ജില്ലയിലേക്ക് പ്രവേശിപ്പിക്കുന്നുള്ളൂ എന്ന് ഉറപ്പ് വരുത്തും. രോഗം സ്ഥിരീകരിച്ച തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിയില്‍ പോലീസ്, മൃഗസംരക്ഷണ വകുപ്പ്, ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥന്‍, വില്ലേജ് ഓഫീസര്‍ കെ എസ് ഇ ബി എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ എന്നിവരുള്‍പ്പെട്ട സംഘം രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിക്കാനുള്ള നടപടി ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍, തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറി എന്നിവര്‍ ചേര്‍ന്ന് സ്വീകരിക്കണം.

പന്നികളെ ശാസ്ത്രീയമായി ഉന്മൂലനം ചെയ്ത് മറവ് ചെയ്യുന്നതിനാവശ്യമായ എല്ലാ സഹായവും ആരോഗ്യ വകുപ്പും കെ എസ് ഇ ബി അധികൃതരും നല്‍കേണ്ടതാണ്. ജില്ലയിലെ മറ്റ് ഭാഗങ്ങളില്‍ പന്നിപ്പനി വൈറസ് കണ്ടെത്തുന്ന പക്ഷം ബന്ധപ്പെട്ട തദ്ദേശ സ്വയം ഭരണ സ്ഥാപന അധികാരികള്‍, വില്ലേജ് ആപ്പീസര്‍മാര്‍, റൂറല്‍ ഡയറി ഡെവലപ്മെന്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ബന്ധപ്പെട്ട വെറ്ററിനറി ഓഫീസറെ വിവരം അറിയിക്കണം. വെറ്ററിനറി ഓഫീസര്‍ വൈറസ് വ്യാപനം നിയന്ത്രിക്കുന്നതിനുള്ള തുടര്‍നടപടികള്‍ സ്വീകരിക്കണം. ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വീസിന്റെ നേതൃത്വത്തില്‍ ഫാമുകളില്‍ അണുവിമുക്തമാക്കാനുള്ള പ്രവര്‍ത്തനം നടത്താനും കലക്ടര്‍ നിര്‍ദേശിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments