ആളുകളുടെ ശരീരത്തില്‍ നിന്ന് തലമുടി, കല്ലുകള്‍ തുടങ്ങിയ വസ്തുക്കള്‍ നീക്കം ചെയ്തുവെന്ന വാര്‍ത്തകള്‍ മുമ്പ് പലപ്പോഴും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ലോകമെമ്പാടും ഇത്തരത്തിലുള്ള കേസുകള്‍ റിപ്പോര്‍ട്ടു ചെയ്യപ്പെടുന്നുണ്ട്. ഇപ്പോഴിതാ മധ്യപ്രദേശ് സ്വദേശിയുടെ മലാശയത്തില്‍ നിന്നും ചുരയ്ക്ക് നീക്കം ചെയ്ത വാര്‍ത്തയാണ് ശ്രദ്ധ നേടുന്നത്.
കടുത്ത വയറുവേദനയെത്തുടര്‍ന്നാണ് 60കാരനായ കര്‍ഷകന്‍ ഡോക്ടറുടെ അടുത്ത് ചികിത്സയ്ക്കായി എത്തിയത്. തുടര്‍ന്ന് വയറിന്റെ എക്‌സ് റേ എടുത്തപ്പോഴാണ് വയറിനുള്ളില്‍ ചുരയ്ക്ക കുടുങ്ങിയിരിക്കുന്നത് കണ്ടത്. എന്നാല്‍, ഈ ചുരയ്ക്ക എങ്ങനെയാണ് കര്‍ഷകന്റെ മലാശയത്തില്‍ എത്തിയത് എന്നതുസംബന്ധിച്ച് ഇതുവരെ വ്യക്തത വന്നിട്ടില്ല. ഇതുസംബന്ധിച്ച് കര്‍ഷകന്‍ കൂടുതല്‍ വിവരങ്ങള്‍ നല്‍കിയിട്ടില്ലെന്നാണ് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്.
തുടര്‍ന്ന് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും രണ്ട് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയ്ക്ക് ശേഷം ചുരയ്ക്ക നീക്കം ചെയ്യുകയും ചെയ്തു. നിലവില്‍ കര്‍ഷകന്‍ അപകടനില തരണം ചെയ്തതായും സുഖം പ്രാപിച്ചുവരികയാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. ചുരയ്ക്ക കര്‍ഷകന്റെ മലാശയത്തില്‍ എങ്ങനെയെത്തി എന്നതുസംബന്ധിച്ച് ആശുപത്രിയുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഈ വര്‍ഷം മാര്‍ച്ചില്‍ വിയറ്റ്‌നാമിലും ഇത്തരത്തിലൊരു സംഭവം റിപ്പോര്‍ട്ടു ചെയ്തിരുന്നു. 34കാരനായ യുവാവിന്റെ വയറ്റില്‍ നിന്ന് ജീവനുള്ള ആരലിനെ ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ ചെയ്ത് നീക്കം ചെയ്തിരുന്നു. യുവാവിന്റെ മലദ്വാരത്തിലൂടെയാകാം 30 സെന്റീമീറ്റര്‍ നീളമുള്ള ആരല്‍ ശരീരത്തിനകത്ത് കടന്നതെന്ന് ഡോക്ടര്‍മാര്‍ വിശ്വസിക്കുന്നു.