Thursday, March 13, 2025

HomeNewsKeralaപ്രധാനമന്ത്രി നരേന്ദ്ര മോദി വയനാട്ടിലേക്ക്; വിമാനമിറങ്ങുന്നത് കണ്ണൂരിൽ; പ്രത്യേക പാക്കേജ് കാത്ത് കേരളം

പ്രധാനമന്ത്രി നരേന്ദ്ര മോദി വയനാട്ടിലേക്ക്; വിമാനമിറങ്ങുന്നത് കണ്ണൂരിൽ; പ്രത്യേക പാക്കേജ് കാത്ത് കേരളം

spot_img
spot_img

വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തപ്രദേശത്ത് സന്ദര്‍ശനം നടത്തുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നെത്തും. രാവിലെ 11 മണിയോടെ കണ്ണൂര്‍ വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രി ഉച്ചയ്ക്ക് 12.10 വരെ ദുരന്തമുണ്ടായ പ്രദേശങ്ങളില്‍ വ്യോമനിരീക്ഷണം നടത്തും. തുടര്‍ന്ന് ഉച്ചയ്ക്ക് 12.15 മുതല്‍ ദുരന്തപ്രദേശങ്ങള്‍ സന്ദര്‍ശിക്കും. ദുരിതാശ്വാസക്യാമ്പിലും ആശുപത്രിയിലും കഴിയുന്നവരുമായി സംസാരിക്കും. തുടര്‍ന്ന് വയനാട് കളക്ടറേറ്റില്‍ എത്തുന്ന അദ്ദേഹം അവലോകനയോഗത്തില്‍ പങ്കെടുക്കും. 3.15-ന് തിരികെ കണ്ണൂരിലേക്ക് മടങ്ങും. വൈകീട്ട് 3.55-ന് കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് ഡല്‍ഹിയിലേക്ക് തിരിക്കും

പ്രധാനമന്ത്രിയുടെ വരവിൽ മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കുമെന്നാണ് കരുതുന്നതെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. കേരളത്തിലെത്തിയാൽ പ്രധാനമന്ത്രി മോദി മുഖ്യമന്ത്രിയുമായി സംസാരിക്കും. ജനകീയ തിരച്ചിൽ വരും ദിവസങ്ങളിലും തുടരാനാണ് തീരുമാനം. ദുരന്ത മുഖത്ത് നിന്ന് സൈന്യം മാത്രമാണ് മടങ്ങിയത്. എൻഡിആർഎഫ് അടക്കം പ്രദേശത്ത് തുടരുന്നുണ്ട്. ദുരന്തസമയത്ത് പ്രതിപക്ഷത്തിന്റെ ഭാഗത്തു നിന്നും മികച്ച സഹകരണം ലഭിച്ചെന്നും എല്ലാവരും ഒത്തൊരുമിച്ചു പ്രവർത്തിച്ചുവെന്നും റിയാസ് പ്രതികരിച്ചു.

വയനാട് ജില്ലയില്‍ ഗതാഗത നിയന്ത്രണം

പ്രധാനമന്ത്രി നരേന്ദ്ര മോദി മുണ്ടക്കൈ – ചൂരല്‍മല ദുരന്ത ബാധിത പ്രദേശം സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായി ശനിയാഴ്ച രാവിലെ 10 മണി മുതല്‍ ജില്ലയില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി ജില്ലാ കളക്ടര്‍ ഡി ആര്‍ മേഘശ്രീ അറിയിച്ചു. കല്‍പ്പറ്റ, മേപ്പാടി ടൗണുകളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പാടില്ല. ഇവിടേക്ക് ആംബുലന്‍സ് ഉള്‍പ്പെടെയുള്ള അത്യാവശ്യ വാഹനങ്ങളെ മാത്രമേ കയറ്റിവിടൂ. ടാക്‌സി, ഓട്ടോറിക്ഷ ഉള്‍പ്പെടെയുള്ള സ്വകാര്യ വാഹനങ്ങള്‍ രാവിലെ 11 മുതല്‍ പ്രധാനമന്ത്രി സന്ദര്‍ശനം കഴിഞ്ഞ് മടങ്ങുന്നത് വരെ കല്‍പ്പറ്റ-കൈനാട്ടി ബൈപാസ് ജംഗ്ഷന്‍ മുതല്‍ മേപ്പാടി വിംസ് ആശുപത്രി വരെയും, മേപ്പാടി ടൗണ്‍ മുതല്‍ ചൂരല്‍മല വരെയുള്ള റോഡിന്റെ ഇരുവശങ്ങളിലും പാര്‍ക്ക് ചെയ്യാന്‍ പാടില്ല. കല്‍പ്പറ്റ ജനമൈത്രി ജങ്ഷന്‍ മുതല്‍ കെ.എസ്.ആര്‍.ടി.സി ഗാരേജ് ജങ്ഷന്‍ വരെയും പാര്‍ക്കിംഗ് നിയന്ത്രണം ബാധകമാണ്.

സുല്‍ത്താന്‍ ബത്തേരി-മാനന്തവാടി ഭാഗത്ത് നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന കെഎസ്ആര്‍ടിസി, സ്വകാര്യ ബസുകള്‍ കല്‍പ്പറ്റ, കൈനാട്ടി ജംഗ്ഷന്‍ കഴിഞ്ഞുള്ള ബൈപ്പാസ് റോഡില്‍ കയറി ആളുകളെ ഇറക്കുകയും കയറ്റുകയും ചെയ്ത ശേഷം കല്‍പ്പറ്റ ബൈപാസിലൂടെ പോകണം. കോഴിക്കോട് നിന്നും മാനന്തവാടി, ബത്തേരി ഭാഗത്തേക്ക് വരുന്ന കെ.എസ്.ആര്‍.ടി.സി, സ്വകാര്യ ബസുകള്‍ കല്‍പ്പറ്റ ജനമൈത്രി ജങ്ഷന്‍ കഴിഞ്ഞുള്ള ബൈപാസ് റോഡിലൂടെ കയറി ആളെയിറക്കുകയും കയറ്റുകയും ചെയ്ത ശേഷം ബൈപാസിലൂടെ തന്നെ പോകണം. വടുവന്‍ചാല്‍ ഭാഗത്ത് നിന്നും വരുന്ന കെ.എസ്.ആര്‍.ടി.സി, സ്വകാര്യ ബസുകള്‍ മൂപ്പൈനാട് – നെടുമ്പാല – തൃക്കൈപ്പറ്റ – മുട്ടില്‍ – കൈനാട്ടി വഴി ബൈപാസിലേക്ക് കയറണം. സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി ഭാഗത്ത് നിന്നും കല്‍പ്പറ്റക്ക് വരുന്ന വാഹനങ്ങള്‍ ബൈപാസില്‍ കയറി കൈനാട്ടി ജങ്ഷനില്‍ ആളെയിറക്കി തിരിച്ചു പോകണം.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments