കൊച്ചി: കേരളത്തിലെ ആദ്യ ഇന്‍റർനാഷണൽ റോബോട്ടിക്സ് റൗണ്ട് ടേബിൾ കോൺഫറൻസ് ആഗസ്ത് 23ന്. കൊച്ചിയിൽ നടക്കുന്ന പരിപാടിയിലേക്ക് റോബോട്ടിക്സ് കമ്പനികൾക്ക് ക്യു ആർ കോഡ് വഴി രജിസ്റ്റർ ചെയ്യാമെന്ന് മന്ത്രി പി രാജീവ് അറിയിച്ചു. ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ്, റോബോട്ടിക്സ് മേഖലകളിൽ ലോകത്തെ ഏത് മാറ്റങ്ങളും മറ്റേത് സംസ്ഥാനങ്ങളേക്കാളും ഉപയോഗപ്പെടുത്താൻ സാധിക്കുന്ന സാഹചര്യം കേരളത്തിലുണ്ടെന്ന് മന്ത്രി പറഞ്ഞു.
മികച്ച മാനവ വിഭവശേഷിയും മറ്റ് സൗകര്യങ്ങളും ലഭ്യമാണെന്നതിനാൽ റോബോട്ടിക്സ് മേഖലയിൽ വളർച്ചയ്ക്കായുള്ള ശ്രമങ്ങളിലാണ് സംസ്ഥാന സർക്കാരെന്ന് മന്ത്രി പി രാജീവ് അറിയിച്ചു. നേരത്തെ ഇന്ത്യയിലെ ആദ്യ ജെൻ എ ഐ കോൺക്ലേവ് ഐ ബി എമ്മിനൊപ്പം ചേർന്ന് കേരളം സംഘടിപ്പിച്ചിരുന്നു. ഇനി റോബോട്ടിക്സിലും മുന്നേറേണ്ടതുണ്ടെന്നും ഇതിനായാണ് അന്താരാഷ്ട്ര കമ്പനികൾ ഉൾപ്പെടെ പങ്കെടുക്കുന്ന ഇന്‍റർ നാഷണൽ റോബോട്ടിക്സ് റൗണ്ട് ടേബിൾ കോൺഫറൻസ് സംഘടിപ്പിക്കുന്നതെന്നും മന്ത്രി വിശദീകരിച്ചു.
റോബോട്ടിക്സ് മേഖലയിൽ ഇന്‍റസ്ട്രി – അക്കാദമിക് സഹകരണത്തിന്‍റെ ഭാഗമായി നൂതന റോബോട്ടിക് വാണിജ്യവൽക്കരണ ഗവേഷണ കേന്ദ്രം, ഹ്യൂമണോയിഡ് റോബോട്ട് ഗവേഷണ കേന്ദ്രം എന്നിവ സ്ഥാപിക്കുകയാണ് ലക്ഷ്യം. ഇത് കൂടാതെ റോബോട്ടിക്സ്, ഓട്ടോമേഷൻ മേഖലയിലെ കഴിവും ട്രാക്ക് റെക്കോർഡും അടിസ്ഥാനമാക്കി തെരഞ്ഞെടുത്ത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ റോബോട്ടിക്സ് ഇന്നൊവേഷൻ / ഇൻകുബേഷൻ സെന്‍ററുകൾ സ്ഥാപിക്കും. റോബോട്ടിക് സൊല്യൂഷൻ വികസനത്തിൽ നിക്ഷേപം ആകർഷിക്കുന്നതിനായി കൃഷി, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, ടൂറിസം, ഡിസാസ്റ്റർ മാനേജ്മെന്‍റ്, ലോജിസ്റ്റിക്സ് തുടങ്ങിയ മേഖലകളിലെ റോബോട്ടിക്സ് പദ്ധതികളുടെ സാധ്യതകൾ ഉയർത്തിക്കാട്ടി അന്താരാഷ്ട്ര എക്സ്പോകളും നിക്ഷേപ റോഡ് ഷോകളും സംഘടിപ്പിക്കാനും പദ്ധതിയുണ്ടെന്ന് മന്ത്രി രാജീവ് വ്യക്തമാക്കി.