തിരുവനന്തപുരം: നിര്‍മ്മിതബുദ്ധി (എഐ), എഡ്ജ് കമ്പ്യൂട്ടിംഗ് എന്നിവ സംയോജിപ്പിച്ചിട്ടുള്ള എഡ്ജ് എഐ സാങ്കേതികവിദ്യയുടെ സാധ്യതകള്‍ ഐടി ഉള്‍പ്പെടെയുള്ള വിവിധ മേഖലകളില്‍ ഉപയോഗപ്പെടുത്തേണ്ട സമയമാണിതെന്ന് നേത്രസെമിയുടെ സഹസ്ഥാപകനും സിഇഒയുമായ ജ്യോതിസ് ഇന്ദിരാഭായ് പറഞ്ഞു.
ടെക്നോപാര്‍ക്കിലെ വിജ്ഞാന സമൂഹമായ നാസ്കോം ഫയ:80 യുടെ ആഭിമുഖ്യത്തില്‍ എഐ സാങ്കേതികവിദ്യയായ എഡ്ജ് എഐയെക്കുറിച്ച് നടന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫയയുടെ പ്രതിമാസ ടെക്നോളജി സെമിനാറിന്‍റെ 118-ാം പതിപ്പാണിത്.
ക്ലൗഡ് ഇന്‍ഫ്രാസ്ട്രക്ചറുകളെ നിരന്തരം ആശ്രയിക്കാതെ തത്സമയ ഡാറ്റ പ്രോസസ്സിംഗും വിശകലനവും പ്രാപ്തമാക്കുന്ന ലോക്കല്‍ എഡ്ജ് ഉപകരണങ്ങളായ സെന്‍സറുകള്‍ അല്ലെങ്കില്‍ ഇന്‍റര്‍നെറ്റ് ഓഫ് തിംഗ്സ് പോലുള്ളവയില്‍ എഐ അല്‍ഗോരിതങ്ങളുടെയും എഐ മോഡലുകളുടെയും നേരിട്ടുള്ള വിന്യാസത്തെയാണ് എഡ്ജ് എഐ സൂചിപ്പിക്കുന്നത്.
ഏറ്റവും കൗതുകമുണര്‍ത്തുന്ന എഐ സാങ്കേതികവിദ്യകളിലൊന്നാണ് എഡ്ജ് എഐ എന്നും ക്ലൗഡില്‍ നിന്ന് ഉപഭോക്തൃ ഉപകരണങ്ങളിലേക്ക് വരുന്നതിലൂടെ പുത്തന്‍ സാധ്യതകള്‍ തുറക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. എഡ്ജ് എഐയുടെ ഉത്ഭവത്തെക്കുറിച്ചും അത് ഉപയോഗിച്ച് നവീകരിക്കാനുള്ള അവസരങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.
തിരുവനന്തപുരം ആസ്ഥാനമായ ഇന്ത്യയിലെ ആദ്യത്തെ എഐ ചിപ്പ് സ്റ്റാര്‍ട്ടപ്പാണ് നേത്രസെമി. എഡ്ജ് എഐക്കായി ഉയര്‍ന്ന പ്രവര്‍ത്തനക്ഷമതയുള്ള എഐ ചിപ്സെറ്റുകളുമായാണ് നേത്രസെമി എഐ രംഗത്തേക്ക് പ്രവേശിച്ചത്.
എഡ്ജ് എഐ സാങ്കേതിക വിദ്യയുടെ പ്രസക്തിയെക്കുറിച്ചും നൂതന എഐ ചിപ്സെറ്റുകള്‍ക്ക് അതിലുള്ള പങ്കിനെക്കുറിച്ചും സെമിനാറില്‍ ചര്‍ച്ച ചെയ്തു. ഡെവലപ്പര്‍മാര്‍, ക്ലൗഡ് ആര്‍ക്കിടെക്റ്റുകള്‍, എഐ സാങ്കേതികവിദ്യയെക്കുറിച്ച് അറിയാന്‍ താല്പര്യമുള്ളവര്‍, ഇന്‍റേണുകള്‍ എന്നിവര്‍ സെമിനാറില്‍ പങ്കെടുത്തു.
സെമിനാറുകള്‍, ചര്‍ച്ചകള്‍, ശില്പശാലകള്‍ എന്നിവയിലൂടെ ടെക്കികളുടെ അറിവ് വര്‍ദ്ധിപ്പിക്കാന്‍ പ്രതിമാസ പരിപാടിയിലൂടെ നാസ്കോം ഫയ:80 ലക്ഷ്യമിടുന്നു.