പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആദ്യ ബ്രൂണൈ സന്ദർശനത്തിന് തുടക്കമായി. ബ്രൂണൈയുമായുള്ള ഇന്ത്യയുടെ ബന്ധം ശക്തിപ്പെടുത്തുക, ഇരുരാജ്യങ്ങളും തമ്മിലുള്ള 40 വർഷത്തെ നയതന്ത്ര ബന്ധത്തെ അനുസ്മരിക്കുക എന്നിവയാണ് പ്രധാനമന്ത്രിയുടെ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിന്റെ ലക്ഷ്യം. ഇത് ആദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ബ്രൂണൈ സന്ദർശിക്കുന്നത്.
സുൽത്താൻ ഹസ്സനല്‍ ബോൾകിയയുടെ ക്ഷണപ്രകാരമാണ് പ്രധാനമന്ത്രി ബ്രൂണെെയിലെത്തിയത്. സമ്പത്തിനും ആഢംബര ജീവിതശൈലിക്കും പേരുകേട്ട സുല്‍ത്താനാണ് ഹസ്സനല്‍ ബോള്‍കിയ. ബ്രിട്ടണിലെ എലിസബത്ത് രാജ്ഞിക്ക് ശേഷം ഏറ്റവും കൂടുതല്‍ കാലം അധികാരത്തിലിരുന്ന ഭരണാധികാരിയാണ് ഹസ്സനല്‍ ബോൾകിയ. സുല്‍ത്താന്റെ 30 ബില്യൺ ഡോളറോളം (ഏകദേശം രണ്ടര ലക്ഷം കോടി രൂപ) വരുന്ന ആസ്തിയുടെ ആധാരം രാജ്യത്തെ എണ്ണ, പ്രകൃതിവാതക ശേഖരമാണ്.
ലോകത്തിലെ ഏറ്റവും വലിയ സ്വകാര്യ കാർ ശേഖരണവും ഇദ്ദേഹത്തിന്റെ പക്കലാണുള്ളത്.. നിലവിൽ 7,000-ത്തിലധികം കാറുകളുടെ ഉടമയാണ് ബ്രൂണൈ സുൽത്താൻ. അതായത് 5 ബില്യൺ ഡോളർ മൂല്യമുള്ള കാറുകളാണ് അദ്ദേഹത്തിന്റെ ഗാരേജിലുള്ളത്. 7,000 ആഡംബര വാഹനങ്ങളിൽ, ഏകദേശം 600 എണ്ണം റോൾസ് റോയ്‌സ് കാറുകളാണ്. ഏറ്റവും കൂടുതൽ കാറുകൾ കൈവശമുള്ള വ്യക്തിയെന്ന ഗിന്നസ് വേൾഡ് റെക്കോഡും അദ്ദേഹത്തിന്റെ പേരിലാണ്. 450 ഫെരാരികളും 380 ബെന്‍റ്ലികളും ഈ ശേഖരത്തിൽ ഉൾപ്പെടുന്നുവെന്ന് ദി സൺ റിപ്പോർട്ട് ചെയ്യുന്നു. ഇതിനുപുറമേ പോർഷെ, ലംബോർഗിനി, മെയ്ബാക്ക്, ജാഗ്വാർ, ബിഎംഡബ്ല്യു, മക്ലാരൻസ് എന്നിവയും അദ്ദേഹത്തിന്റെ ശേഖരത്തിലുണ്ട്.
ഏകദേശം 80 മില്യൺ ഡോളർ(ഏകദേശം 663.6 കോടി രൂപ) വിലമതിക്കുന്ന ബെന്‍റ്ലി ഡോമിനാർ എസ്‌യുവി, ഹൊറൈസൺ ബ്ലൂ പെയിന്‍റ് ഉള്ള ഒരു പോർഷെ 911, 24 കാരറ്റ് സ്വർണം പൂശിയ റോൾസ് റോയ്സ് സിൽവർ സ്പർ II എന്നിവയാണ് ഹസനൽ ബോൾകിയയുടെ ശേഖരത്തിലെ ഏറ്റവും ശ്രദ്ധേയമായ വാഹനങ്ങൾ. 2007-ൽ തന്‍റെ മകൾ മജീദെദായുടെ വിവാഹത്തിനായി സുൽത്താൻ ഒരു കസ്റ്റമൈസ് ചെയ്ത സ്വർണ്ണം പൂശിയ റോൾസ് റോയ്‌സും സ്വന്തമാക്കിയിരുന്നു.
ലോകത്തിലെ ഏറ്റവും വലിയ പാർപ്പിട കൊട്ടാരമെന്ന ഗിന്നസ് വേൾഡ് റെക്കോർഡ് നേടിയ ഇസ്താന നൂറുൽ ഇമാൻ കൊട്ടാരത്തിലാണ് സുൽത്താൻ താമസിക്കുന്നത്. ഏകദേശം 20 ലക്ഷം ചതുരശ്ര അടിയിൽ പരന്നുകിടക്കുന്ന കൊട്ടാരം 22 കാരറ്റ് സ്വർണ്ണം പൂശിയിരിക്കുന്നു. കൊട്ടാരത്തിൽ അഞ്ച് നീന്തൽക്കുളങ്ങൾ, 1,700 കിടപ്പുമുറികൾ, 257 കുളിമുറികൾ, 110 ഗാരേജുകൾ എന്നിവയുണ്ട്. 30 ബംഗാൾ കടുവകളെയും വിവിധയിനം പക്ഷികളെയും പാർപ്പിച്ചിരിക്കുന്ന ഒരു സ്വകാര്യ മൃഗശാലയും സുൽത്താന് സ്വന്തമായുണ്ട്. ഇത് കൂടാതെ ഒരു ബോയിംഗ് 747 വിമാനവും സുൽത്താന് സ്വന്തമായി ഉണ്ട്.