മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അദ്ധ്യക്ഷനായ ഉന്നതാധികാര സമിതി സമർപ്പിച്ച ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് റിപ്പോർട്ടിലെ ശുപാർശകൾക്ക് മന്ത്രി സഭ അംഗീകാരം നൽകിയ തീരുമാനത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ചു.
‘ഈ ശ്രമത്തിന് നേതൃത്വം നൽകിയതിനും വിവിധ തലത്തിലുള്ളവരുമായി കൂടിയാലോചനകൾ നടത്തിയതിനും മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ അഭിനന്ദിക്കുന്നു. നമ്മുടെ ജനാധിപത്യത്തെ കൂടുതൽ ഉർജ്ജസ്വലമാക്കുന്ന സുപ്രധാന ചുവടുവയ്പ്പാണിത്’. പ്രധാനമന്ത്രി സമൂഹമാധ്യമമായ എക്സിൽ കുറിച്ചു.
നിയമസഭാ ലോക്സഭാ തിരഞ്ഞെടുപ്പുകൾ ഒന്നിച്ച് നടത്തുന്നതിനെ സംബന്ധിച്ച് പഠനം നടത്തിയ റിപ്പോർട്ടാണ് മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അദ്ധ്യക്ഷനായ ഉന്നതാധികാര സമിതി സമർപ്പിച്ചത്. കഴിഞ്ഞ മാർച്ചിലായിരുന്നു റിപ്പോർട്ട് സമർപ്പിച്ചത്. ഇത് സംബന്ധിച്ച ബിൽ പാർലമെൻ്റിന്റെ ശീതകാല സമ്മേളനത്തിൽ അവതരിപ്പിക്കും. ഒരു സമയം തിരഞ്ഞെടുപ്പ് നടത്തുന്നതിലൂടെ ചെലവ് വലിയ രീതിയിൽ കുറയ്ക്കാനാകുമെന്നാണ് കേന്ദ്രം അവകാശപ്പെടുന്നത്. പല സമയങ്ങളിൽ തിരഞ്ഞെടുപ്പ് നടത്തുമ്പോൾ ഓരോ സമയവും മാതൃകാ പെരുമാറ്റ ചട്ടം കൊണ്ടുവരുന്നത് വികസന പ്രവർത്തനങ്ങളെ ബാധിക്കുമെന്നും പറയുന്നു.