Thursday, October 17, 2024

HomeNewsIndiaസുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്, ജസ്റ്റിസ് സഞ്ജീവ് ഖന്നയെ പിന്‍ഗാമിയായി നിർദേശിച്ചു

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്, ജസ്റ്റിസ് സഞ്ജീവ് ഖന്നയെ പിന്‍ഗാമിയായി നിർദേശിച്ചു

spot_img
spot_img

ജസ്റ്റിസ് സഞ്ജീവ് ഖന്നയെ തന്റെ പിന്‍ഗാമിയായി നിയമിക്കണമെന്ന നിര്‍ദേശവുമായി നിലവിലെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്. സുപ്രീം കോടതിയിലെ മുതിര്‍ന്ന ജഡ്ജിമാരിലൊരാളാണ് സഞ്ജീവ് ഖന്ന. സഞ്ജീവ് ഖന്നയെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയി നിയമിക്കണമെന്നാവശ്യപ്പെട്ട് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് കേന്ദ്രസര്‍ക്കാരിന് കത്തയച്ചിട്ടുണ്ട്. സ്ഥാനമൊഴിയുന്ന ചീഫ് ജസ്റ്റിസ് പിന്‍ഗാമിയെ നിര്‍ദേശിക്കുന്ന കീഴ്‌വഴക്കം അനുസരിച്ചാണ് അദ്ദേഹം കേന്ദ്രസര്‍ക്കാരിന് കത്തയച്ചത്. ഇദ്ദേഹത്തിന്റെ ശുപാര്‍ശ കേന്ദ്ര നിയമകാര്യവകുപ്പ് അംഗീകരിച്ചാല്‍ രാജ്യത്തിന്റെ 51-ാമത് ചീഫ് ജസ്റ്റിസായി സഞ്ജീവ് ഖന്ന നിയമിതനാകും. 2025 മെയ് 13 ന് വിരമിക്കുന്ന സഞ്ജീവ് ഖന്നയ്ക്ക് ആറ് മാസമാകും ചീഫ് ജസ്റ്റിസ് പദവിയില്‍ തുടരാന്‍ കഴിയുക.

2016 മെയ് 13നാണ് ഡിവൈ ചന്ദ്രചൂഡ് സുപ്രീം കോടതി ജഡ്ജിയായി നിയമിക്കപ്പെട്ടത്. തുടര്‍ന്ന് 2022 നവംബര്‍ 9നാണ് അദ്ദേഹം സുപ്രീം കോടതി ചീഫ് ജസ്റ്റിസായി നിയമിതനായത്. രണ്ട് വര്‍ഷത്തെ സേവനത്തിനിപ്പുറം 2024 നവംബര്‍ പത്തിനാണ് അദ്ദേഹം വിരമിക്കുന്നത്. സുപ്രീം കോടതി ജഡ്ജിമാരുടെ വിരമിക്കല്‍ പ്രായം 65 വയസാണ്.

ഭാവിയെക്കുറിച്ചും ചരിത്രം ചീഫ് ജസ്റ്റിസ് എന്ന നിലയില്‍ തന്നെ എങ്ങനെ വിലയിരുത്തുമെന്ന് ആലോചിച്ചും താന്‍ അസ്വസ്ഥനാണെന്ന് ഇക്കഴിഞ്ഞ ഒക്ടോബര്‍ 9-ന് ഭൂട്ടാനില്‍ വെച്ച് നടന്ന ചടങ്ങില്‍ ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് പറഞ്ഞിരുന്നു.

’’ രണ്ട് വര്‍ഷത്തെ രാജ്യസേവനത്തിന് ശേഷം 2024 നവംബറില്‍ ഞാന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സ്ഥാനത്ത് നിന്ന് വിരമിക്കുകയാണ്. ഭാവിയെക്കുറിച്ചും കഴിഞ്ഞ കാലത്തെക്കുറിച്ചോര്‍ത്തും ഞാന്‍ അല്‍പ്പം അസ്വസ്ഥനാണ്. നിരവധി ചിന്തകളാണ് ഇപ്പോള്‍ എന്റെ മനസിലൂടെ കടന്നുപോകുന്നത്. ഞാന്‍ ചെയ്യാന്‍ ആഗ്രഹിച്ചതെല്ലാം നേടാന്‍ കഴിഞ്ഞോ? എങ്ങനെയാണ് ചരിത്രം എന്നെ ഓര്‍ക്കുക? എന്നീ ചോദ്യങ്ങളാണ് എന്റെ മനസില്‍ ഇപ്പോള്‍,’’ എന്ന് അദ്ദേഹം പറഞ്ഞു.

ആരാണ് സഞ്ജീവ് ഖന്ന?

നിലവില്‍ സുപ്രീം കോടതിയിലെ രണ്ടാമത്തെ മുതിര്‍ന്ന ജഡ്ജിയാണ് ജസ്റ്റിസ് സഞ്ജീവ് ഖന്ന. 1983-ല്‍ ഡല്‍ഹി ബാര്‍ കൗണ്‍സിലില്‍ അഭിഭാഷകനായാണ് അദ്ദേഹം തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. പിന്നീട് ഡല്‍ഹി ഹൈക്കോടതിയിലും ട്രൈബ്യൂണലിലും അദ്ദേഹം പ്രാക്ടീസ് ചെയ്തു.

2004-ല്‍ ഇന്‍കം ടാക്‌സ് സീനിയര്‍ സ്റ്റാന്‍ഡിംഗ് കൗണ്‍സല്‍, ഡല്‍ഹി നാഷണല്‍ ക്യാപിറ്റല്‍ ടെറിട്ടറി കൗണ്‍സല്‍ (സിവില്‍) എന്നിവയായും ഇദ്ദേഹം പ്രവര്‍ത്തിച്ചു. പിന്നീട് ഡല്‍ഹി ഹൈക്കോടതിയിലെ ക്രിമിനല്‍ കേസുകളില്‍ അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍, അമിക്കസ് ക്യൂറി എന്നീ പദവികളും വഹിച്ചു. 2005-ല്‍ ഡല്‍ഹി ഹൈക്കോടതിയുടെ അഡീഷണല്‍ ജഡ്ജിയായി അദ്ദേഹം ചുമതലയേറ്റു. 2006-ല്‍ സ്ഥിരം ജഡ്ജിയാകുകയും ചെയ്തു.

ഡല്‍ഹി ജുഡീഷ്യല്‍ അക്കാദമി, ഡല്‍ഹി ഇന്റര്‍നാഷണല്‍ ആര്‍ബിട്രേഷന്‍ സെന്റര്‍, ജില്ലാ കോടതി മീഡിയേഷന്‍ കേന്ദ്രങ്ങള്‍ എന്നിവയുടെ ചെയര്‍മാന്‍/ജഡ്ജ്-ഇന്‍-ചാര്‍ജ് സ്ഥാനവും ഇദ്ദേഹം വഹിച്ചിട്ടുണ്ട്. 2023 ജൂണ്‍ 17 മുതല്‍ 2023 ഡിസംബര്‍ 25 വരെ സുപ്രീം കോടതി ലീഗല്‍ സര്‍വീസ് കമ്മിറ്റിയുടെ ചെയര്‍മാനായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.

2019 ജനുവരി 18ന് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആകുന്നതിന് മുമ്പ് തന്നെ അദ്ദേഹം സുപ്രീം കോടതി ജഡ്ജിയായി സ്ഥാനമേറ്റു. നിലവില്‍ ഇദ്ദേഹം നാഷണല്‍ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ എക്‌സിക്യൂട്ടീവ് ചെയര്‍മാനാണ്. കൂടാതെ ഭോപ്പാലിലെ നാഷണല്‍ ജുഡീഷ്യല്‍ അക്കാദമിയിലെ ഗവേണിംഗ് കൗണ്‍സില്‍ അംഗം കൂടിയാണിദ്ദേഹം.

വിവാദമായ സെന്‍ട്രല്‍ വിസ്ത പദ്ധതിയ്ക്ക് അനുമതി നല്‍കി ബെഞ്ചിലെ അംഗമായിരുന്നു ജസ്റ്റിസ് സഞ്ജീവ് ഖന്ന. ജമ്മുകശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത് ശരിവെച്ച ഭരണഘടനാ ബെഞ്ചിലും ഇദ്ദേഹം അംഗമായിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments