കൊച്ചി വിമാനത്താവളത്തിലെ എയ്റോ ലോഞ്ചിന്റെ 41 ഗസ്റ്റ് റൂമുകൾ പ്രവർത്തനസജ്ജമായി. വിമാനത്താവളത്തിലെ ടെർമിനൽ 2-ൽ സെപ്റ്റംബർ 1 ന് ഉദ്‌ഘാടനം ചെയ്ത 0484 എയ്റോ ലോഞ്ചിന്റെ 41 ഗസ്റ്റ് റൂമുകളുടെ ബുക്കിങാണ് ആരംഭിച്ചത്.ഒക്ടോബർ 21 തിങ്കളാഴ്ച മുതൽ യാത്രക്കാർക്കും സന്ദർശകർക്കും ഇവിടെ താരതമ്യേന കുറഞ്ഞ ചെലവിൽ ഗസ്റ്റ് റൂമുകൾ ലഭ്യമാക്കാവുന്നതാണ്. 6, 12, 24 മണിക്കൂർ പാക്കേജുകളിൽ റൂമുകൾ ബുക്ക് ചെയ്യാവുന്നതാണ്.
ഇതോടൊപ്പം കോ-വർക്കിങ് സ്പേസ്, ബോർഡ് റൂമുകൾ, കോൺഫറൻസ് ഹാളുകൾ, ജിം, സ്‌പാ എന്നിവയും സജ്ജമായിട്ടുണ്ട്. റസ്റ്റോറന്റും കഫേ ലോഞ്ചും രണ്ടാം ഘട്ടത്തിൽ പ്രവർത്തനം തുടങ്ങും. 0484 ലോഞ്ചിന്റെ തൊട്ടടുത്തായി തന്നെ വൈവിധ്യമാർന്ന വിഭവങ്ങൾ ലഭ്യമാകുന്ന ഫൂഡ് കോർട്ടിന്റെ സൗകര്യങ്ങളും യാത്രക്കാർക്ക് ഉപയോഗിക്കാം.

സെക്യൂരിറ്റി ഹോൾഡിങ് ഏരിയയ്ക്ക് പുറത്തായി ആഭ്യന്തര, അന്താരാഷ്ട്ര ടെർമിനലുകൾക്ക് സമീപമാണ് ഈ പുതിയ ലോഞ്ച് ഒരുക്കിയിരിക്കുന്നത്. ബിസിനസ് ജെറ്റുകൾക്കായി ഒരുക്കിയിട്ടുള്ള രണ്ടാം ടെർമിനലിൽ ആണ് ലോഞ്ച് ഉള്ളത്.
0484 എയ്റോ ലോഞ്ചിന്റെ സൗകര്യങ്ങൾ 0484-3053484, +91 – 7306432642, 7306432643 എന്നീ നമ്പറുകളിലും 0484reservation@ciasl.in എന്ന ഇ-മെയിൽ വഴിയും ബുക്ക് ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് www.0484aerolounge.com സന്ദർശിക്കുക.