Thursday, April 3, 2025

HomeNewsKeralaതാമസസ്ഥലത്ത് മയക്കുമരുന്ന് ലാബ് സ്ഥാപിച്ച ഏഴ് എഞ്ചിനീയറിംഗ്, കെമിസ്ട്രി വിദ്യാര്‍ഥികള്‍ അറസ്റ്റില്‍

താമസസ്ഥലത്ത് മയക്കുമരുന്ന് ലാബ് സ്ഥാപിച്ച ഏഴ് എഞ്ചിനീയറിംഗ്, കെമിസ്ട്രി വിദ്യാര്‍ഥികള്‍ അറസ്റ്റില്‍

spot_img
spot_img

താമസസ്ഥലത്ത് രഹസ്യമായി ലാബ് ഒരുക്കി മയക്കുമരുന്ന് (മെത്താംഫെറ്റാമിൻ) നിർമ്മാണം നടത്തിയ ഏഴ് കോളേജ് വിദ്യാർത്ഥികളെ ചെന്നൈ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട്ടിലെ കൊടുങ്ങയ്യൂരിലാണ് സംഭവം. അറസ്റ്റിലായ സംഘത്തിൽ എംഎസ്‌സി കെമിസ്ട്രി വിദ്യാർഥിയും നാല് റോബോട്ടിക്സ് എൻജിനീയറിംഗ് വിദ്യാർഥികളുമുൾപ്പെടുന്നു. പ്രതികൾ മെത്താംഫെറ്റാമൈൻ എന്ന സിന്തറ്റിക് മയക്കുമരുന്ന് ഉൽപ്പാദിപ്പിക്കുന്നതിനായി താൽക്കാലികമായി ഒരു ലാബ് നടത്തി വരികയായിരുന്നുവെന്ന്ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.

രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തില്‍ ആൻ്റി ഡ്രഗ് ഇൻ്റലിജൻസ് യൂണിറ്റ് (എഡിഐയു) നടത്തിയ റെയ്ഡിൽ 250 ഗ്രാം മെത്താംഫെറ്റാമിൻ പിടിച്ചെടുത്തു. കൂടാതെ മയക്കുമരുന്ന് ഉൽപാദനത്തിന് ഉപയോഗിക്കുന്ന ചില ലാബ് ഉപകരണങ്ങളും രാസവസ്തുക്കളും പ്രതികളുടെ പക്കൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. വെയിംഗ് മെഷീനുകൾ, ഗ്ലാസ് ജാറുകൾ, ടെസ്റ്റ് ട്യൂബുകൾ, പിപ്പറ്റുകൾ, ബ്യൂററ്റുകൾ, മൊബൈൽ ഫോണുകൾ എന്നിവയാണ് അധികൃതർ പിടിച്ചെടുത്തത്.

ഫ്ലെമിംഗ് ഫ്രാൻസിസ് (21), നവീൻ (22), പ്രവീണ്‍ പ്രണവ് (21), കിഷോർ (21), ജ്ഞാനപാണ്ഡ്യൻ (22), അരുണ്‍കുമാർ (22), ധനുഷ് (23) എന്നിവരാണ് അറസ്റ്റിലായത്. കെമിസ്ട്രിയിൽ എംഎസ്‌സി ബിരുദധാരിയായ ജ്ഞാനപണ്ഡ്യൻ്റെ നേതൃത്വത്തിലായിരുന്നു മയക്കുമരുന്ന് ഉത്പാദനം നടന്നതെന്നും പോലീസ് പറഞ്ഞു. താമസസ്ഥലത്ത് മയക്കുമരുന്ന് നിർമ്മിക്കുന്നതിനായി ഫാർമസ്യൂട്ടിക്കൽ കമ്പനികളിൽ നിന്നും ഓൺലൈനിൽ നിന്നും രാസവസ്തുക്കളും ഉപകരണങ്ങളും പ്രതികൾ വാങ്ങിയതായും അന്വേഷണസംഘം പറയുന്നു. സംഭവത്തിൽ കൂടുതൽ ആളുകൾക്ക് പങ്കുണ്ടെന്നും പോലീസ് സംശയിക്കുന്നു.

ഇതോടെ സംസ്ഥാനത്ത് മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളിൽ വിദ്യാസമ്പന്നരായ യുവാക്കളുടെ പങ്കിനെക്കുറിച്ച് ഏറെ ആശങ്ക ഉയർന്നിട്ടുണ്ട്. സംഭവത്തിൽ നിലവിൽ കൂടുതൽ അന്വേഷണം നടത്തി വരികയാണ്. വിദ്യാർത്ഥികൾ എങ്ങനെയാണ് ഇത്തരം കുറ്റകൃത്യങ്ങളിൽ ഉൾപ്പെടുന്നത് എന്നതിനെ കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്. കൂടാതെ നഗരത്തിൽ മെത്താംഫെറ്റാമൈൻ പോലുള്ള സിന്തറ്റിക് മയക്കുമരുന്നുകളുടെ ഉത്പാദനം പരമാവധി തടയുന്നതിനുള്ള നടപടികളും ആൻ്റി ഡ്രഗ് ഇൻ്റലിജൻസ് യൂണിറ്റ് (എഡിഐയു) സ്വീകരിച്ചിട്ടുണ്ട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments