തൃശൂര്‍: വിദ്യാർത്ഥിനിയുടെ ബാങ്ക് അക്കൗണ്ട് ഉപയോഗിച്ച് ഒരു കോടിയിലധികം രൂപയുടെ ഷെയര്‍ ട്രേഡിങ് തട്ടിപ്പ് നടത്തിയ കേസില്‍ രണ്ടുപോരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. മലപ്പുറം സ്വദേശികളായ കൊട്ടന്‍ചാല്‍ ഒളകര കാവുങ്ങല്‍ വീട്ടില്‍ കെ മുഹമ്മദ് ഫൈസല്‍ (26), വേങ്ങര ചേറൂര്‍ കരുമ്പന്‍ വീട്ടില്‍ ഖാദര്‍ ഷെരീഫ് (37) എന്നിവരെയാണ് തൃശൂര്‍ സിറ്റി പൊലീസ് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
ഷെയര്‍ ട്രേഡിങ്ങിൽ പണം നിക്ഷേപിച്ചാല്‍ 500 ശതമാനത്തിലധികം ഇരട്ടി പണം ലാഭിക്കാം എന്നു വിശ്വസിപ്പിച്ച് വിയ്യൂര്‍ സ്വദേശിയുടെ ഒരു കോടിയിലധികം രൂപ തട്ടിയെടുക്കുകയായിരുന്നു. കഴിഞ്ഞ ഏപ്രില്‍ മാസത്തിലാണ് കേസിനാസ്പദമായ സംഭവം.
സിഐഎന്‍വി എന്ന കമ്പനിയുടെ ഫ്രാഞ്ചൈസിയാണെന്ന് പറഞ്ഞ് വിയ്യൂര്‍ സ്വദേശിക്ക് ഫോൺകോള്‍ വരികയായിരുന്നു. ഷെയര്‍ ട്രേഡിങ്ങിനെ കുറിച്ച് സംസാരിക്കുകയും ഓണ്‍ലൈന്‍ വഴി ക്ലാസ് എടുത്തുകൊടുത്ത് ഷെയര്‍ ട്രേഡിങ്ങിനെ കുറിച്ച് വിശ്വസിപ്പിക്കുകയും ചെയ്തു.
500 ശതമാനം നേട്ടമുണ്ടാക്കാം എന്ന് ഉറപ്പുനല്‍കി വിവിധ ഘട്ടങ്ങളിലായി പരാതിക്കാരനില്‍നിന്നും 1,24,80,000 രൂപയാണ് തട്ടിയെടുത്തത്. പിന്നീട് തട്ടിപ്പു മനസിലാക്കി സിറ്റി സൈബര്‍ ക്രൈം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. സിറ്റി പൊലീസ് കമ്മീഷണര്‍ ആര്‍ ഇളങ്കോയുടെ നിര്‍ദേശപ്രകാരം കേസന്വേഷണം സിറ്റി ക്രൈംബ്രാഞ്ചിലേക്ക് കൈമാറി. തുടര്‍ന്ന് വിശദമായ അന്വേഷണത്തിലാണ് പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്തത്.
പൊലീസ് അന്വേഷണത്തില്‍ പ്രതിയായ മുഹമ്മദ് ഫൈസലിന്റെ സുഹൃത്തായ ഒരു വിദ്യാർത്ഥിനിയുടെ അക്കൗണ്ടിലേക്കാണ് പണം അയച്ചതെന്ന് കണ്ടെത്തിയിരുന്നു. വിദ്യാർത്ഥിളുടെ അക്കൗണ്ട് സൈബര്‍ തട്ടിപ്പുകാര്‍ ദുരുപയോഗം ചെയ്യുന്നതിനെ കുറിച്ച് സോഷ്യൽ മീഡിയയിലൂടെ തൃശൂര്‍ സിറ്റി പൊലീസ് ബോധവത്കരണം നല്‍കിയിരുന്നു. സിറ്റി ക്രൈം ബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷണര്‍ വൈ നിസാമുദ്ദീന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തില്‍ സബ് ഇന്‍സ്‌പെ്കടര്‍മാരായ ജയപ്രദീപ്, കെ എസ്. സന്തോഷ്, സുധീപ്, അസിസ്റ്റന്റ് സബ് ഇന്‍സ്‌പെ്കടര്‍ ജെസി ചെറിയാന്‍, സിവില്‍ പൊപോലീസ് ഓഫീസര്‍ സച്ചിന്‍ദേവ് എന്നിവരും ഉണ്ടായിരുന്നു.