കൊല്ലം: അമ്മായിയമ്മയെ പാറക്കല്ല് കൊണ്ട് തലയ്ക്കടിച്ച് കൊന്ന കേസിൽ മരുമകൾക്ക് ജീവപര്യന്തം കഠിന തടവ്. കൊട്ടാരക്കര പുത്തൂർ പൊങ്ങൻപാറയിൽ ആമ്പാടിയിൽ വീട്ടിൽ രമണിയമ്മയെ (69) കൊലപ്പെടുത്തിയെന്ന കേസിൽ മരുമകൾ ഗിരിതകുമാരിയെയാണ് (45) ശിക്ഷിച്ചത്. കൊല്ലം ഫസ്റ്റ് അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി പി എൻ വിനോദാണ് ശിക്ഷ വിധിച്ചത്.
രമണിഅമ്മയുടെ മൂന്ന് ആൺമക്കളിൽ ഇളയമകൻ വിമൽകുമാറിന്റെ ഭാര്യയാണ് ഗിരിതകുമാരി. പ്രതിക്ക് അയൽവാസിയുമായുള്ള ബന്ധം കണ്ടെത്തിയതിന്റെ വൈരാഗ്യത്തിൽ രമണിയമ്മയെ കൊലപ്പെടുത്തിയെന്നാണ് കുറ്റപത്രം. 2019 ഡിസംബർ 11ന് ഉച്ചയ്ക്ക് 1.30 ഓടെയായിരുന്നു സംഭവം. ആമ്പാടിയിൽ വീട്ടിലെ കിടപ്പുമുറിയിൽ കിടന്നുറങ്ങുന്ന സമയം ഗിരിതകുമാരി വലിയ പാറക്കല്ല് കൊണ്ട് മുഖത്തും തലയിലും ഇടിച്ച് കൊലപ്പെടുത്തി. നിലവിളികേട്ട് ഓടി വന്ന രമണിഅമ്മയുടെ ഭർത്താവ് ചന്ദ്രശേഖരപിള്ളയും മറ്റുള്ളവരും ചേർന്ന് അടുക്കള വാതിൽ ചവിട്ടിത്തുറന്ന് പ്രവേശിച്ചപ്പോൾ രക്തത്തിൽ കുളിച്ചു കിടക്കുന്ന രമണിയമ്മയെയും പ്രതിയേയും മുറിയിൽ കണ്ടെത്തി.
ബോധരഹിതയായ രമണിയമ്മയെ പെട്ടെന്ന് തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും തിരുവനന്തപുരം മെഡിക്കല്‍ ആശുപത്രിയിൽ മരിച്ചു. കേസിലെ പ്രധാന സാക്ഷിയായ ചന്ദ്രശേഖരപിള്ള വിചാരണ തുടങ്ങും മുൻപ് മരിച്ചു. പ്രതിയുടെ ഭർത്താവ് വിമൽ കുമാർ പ്രതിഭാഗത്തേക്ക് കൂറുമാറി. എന്നാൽ കൊലപാതകത്തിന് ശേഷം വിമൽകുമാർ ഭാര്യയിൽ നിന്ന് വിവാഹമോചനം നേടുന്നതിന് കുടുംബകോടതിയിൽ കൊടുത്ത കേസിലെ ഹർജികളിൽ പ്രതിക്ക് അവിഹിതബന്ധമുള്ളതായി ആരോപിച്ചത് പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയിരുന്നു.
നിർണായകമായ സാഹചര്യതെളിവുകളും നിലവിളികേട്ട് ഓടിയെത്തിയ സാക്ഷികളുടെ മൊഴിയും പരിഗണിച്ചാണ് പ്രതിയെ കോടതി ശിക്ഷിച്ചത്. പുത്തൂർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർമാരായിരുന്ന എസ് അരുൺ, ശൈലേഷ് കുമാർ, എസ് ഐ രതീഷ്‌കുമാർ എന്നിവർ അന്വേഷിച്ച് കുറ്റപത്രം ഹാജരാക്കിയ കേസിൽ പ്രോസിക്യൂഷനു വേണ്ടി ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സിസിൻ ജി മുണ്ടയ്ക്കൽ ഹാജരായി. വനിതാ സിപിഒ ദീപ്തി പ്രോസിക്യൂഷൻ സഹായിയായി.