ജീവകാരുണ്യ പ്രവർത്തനങ്ങൾ ചെയ്യുന്നതിൽ മുന്നിൽ നിൽക്കുന്ന ബോളിവുഡ് നടനാണ് അക്ഷയ് കുമാർ. താരം നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളാണ് ചെയ്തിട്ടുള്ളത്. ഇത്തവണ ദീപാവലി സമ്മാനമായി അയോദ്ധ്യയിലെ വാനരന്മാരെ സഹായിച്ചിരിക്കുകയാണ് അക്ഷയ് കുമാർ.
അയോദ്ധ്യ രാമക്ഷേത്രത്തിന്റെ പരിസരത്തുള്ള വാനരന്മാർക്ക് ഭക്ഷണം നൽകുന്നതിനായാണ് ഒരു കോടി രൂപ സംഭാവനയായി താരം നൽകിയിരിക്കുന്നത്. 1200-ഓളം വാനരന്മാർക്ക് പ്രതിദിനം ഭക്ഷണം നൽകാനുള്ള സഹായമാണ് താരം നൽകിയിരിക്കുന്നതെന്നാണ് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ആഞ്ജനേയ സേവ ട്രസ്റ്റിനാണ് പണം കൈമാറിയത്. മാതാപിതാക്കളായ ഹരി ഓമിന്റെയും അരുണ ഭാട്ടിയുടെയും ഭാര്യാപിതാവ് രാജേഷ് ഖന്നയുടെയും പേരിലാണ് അക്ഷയ് കുമാർ പണം നൽകിയത്. ജഗത്ഗുരു സ്വാമി രാഘവാചാര്യ ജി മഹാരാജിന്റെ കീഴിലുള്ള ട്രസ്റ്റാണ് ആഞ്ജനേയ സേവ ട്രസ്റ്റ്. അയോദ്ധ്യയിലേക്കുളള ദീപാവലി സമ്മാനമായിട്ടാണ് അക്ഷയ് കുമാറിന്റെ തീരുമാനമെന്ന് താരത്തിന് ഒപ്പമുളളവർ പറഞ്ഞു.
പുണ്യ സ്ഥലങ്ങളിൽ വാനരന്മാർ നേരിടുന്ന പ്രശ്നത്തെ കുറിച്ച് അറിഞ്ഞപ്പോഴാണ് ചെറിയൊരു സഹായം നൽകാൻ തീരുമാനിച്ചതെന്നാണ് അക്ഷയ് കുമാർ സഹായത്തെ കുറിച്ച് പറഞ്ഞത്. സാധാരണ ക്ഷേത്രത്തിലെത്തുന്ന ഭക്തർ നൽകുന്ന ആഹാരമാണ് വാനരന്മാർ കഴിച്ചിരുന്നത്. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് അക്ഷയ്കുമാർ സംഭാവന നൽകിയത്.
കഴിഞ്ഞ മാസം അക്ഷയ് കുമാർ ഹാജി അലി ദർഗ നവീകരണ പദ്ധതിക്കായി 1.21 കോടി രൂപ സംഭാവന നൽകിയിരുന്നു.