കേരളത്തിന് പുതിയ പദ്ധതികൾ പ്രഖ്യാപിച്ച് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ഷോർണൂർ- ബംഗളൂരു നാലുവരിപ്പാത, ഷോർണൂർ- എറണാകുളം മൂന്നുവരിപ്പാത, എറണാകുളത്ത് നിന്ന് കോട്ടയം വഴി തിരുവനന്തപുരത്തേക്ക് മൂന്നുവരിപ്പാത, ശബരി റെയിൽപാത തുടങ്ങിയവയാണ് റെയിൽവേ മന്ത്രിയുടെ പ്രഖ്യാപനങ്ങൾ.
അതേസമയം കെ റെയിൽ പദ്ധതിക്ക് പിന്തുണ പ്രഖ്യാപിച്ച് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. സാങ്കേതിക തടസ്സങ്ങൾ പരിഹരിച്ചാൽ പദ്ധതി നടപ്പാക്കാൻ റെയിൽവേ തയ്യാറാകുമെന്ന് കേന്ദ്രമന്ത്രി അറിയിച്ചു. തൃശ്ശൂർ റെയിൽവേ സ്റ്റേഷൻ സന്ദർശിക്കുന്ന വേളയിലാണ് അശ്വിനി വൈഷ്ണവ് ഇക്കാര്യത്തിൽ വ്യക്തത വരുത്തിയത്.
മുഖ്യമന്ത്രി പിണറായി വിജയനുമായി ഡൽഹിയിൽവെച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു. കെ റെയിൽ പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്നും അതുമായി മുന്നോട്ട് പോകാൻ തന്നെയാണ് തീരുമാനമെന്നുമാണ് സംസ്ഥാന സർക്കാരിന്റെ നിലപാട്. കേന്ദ്ര അനുമതി ലഭിക്കാത്തതാണ് പദ്ധതി വൈകാൻ കാരണമെന്നും സർക്കാർ വിശദീകരിക്കുന്നു. ഈ വേളയിലാണ് കെ റെയിലിനെ പിന്തുണച്ചുകൊണ്ട് റെയിൽവേ മന്ത്രി രംഗത്തെത്തിയിരിക്കുന്നത്.