ഭാര്യയുടെ മുന്നില്‍വെച്ച് അങ്കിള്‍ എന്ന് വിളിച്ച കടയുടമയെ കസ്റ്റമര്‍ നടുറോഡിലിട്ട് തല്ലിച്ചതച്ചതായി റിപ്പോര്‍ട്ട്. മധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം നടന്നത്. ഭോപ്പാലിലെ ജാത്‌കേഡിയില്‍ സാരി ഷോപ്പ് നടത്തുന്ന വിശാല്‍ ശാസ്ത്രിയ്ക്കാണ് മര്‍ദ്ദനമേറ്റത്.
കടയിലെത്തിയ രോഹിത് എന്ന കസ്റ്റമറും അയാളുടെ സുഹൃത്തുക്കളുമാണ് തന്നെ മര്‍ദ്ദിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ശനിയാഴ്ചയാണ് രോഹിത് ഭാര്യയോടൊപ്പം കടയിലെത്തിയത്. ഭാര്യയ്ക്ക് സാരി വാങ്ങാനായിരുന്നു ഇദ്ദേഹം എത്തിയത്. ഒരുപാട് സാരികള്‍ നോക്കിയെങ്കിലും ഇവര്‍ക്ക് ഒന്നും ഇഷ്ടപ്പെട്ടില്ല.
ഒടുവില്‍ എത്ര രൂപവരെയുള്ള സാരിയാണ് നോക്കുന്നതെന്ന് വിശാല്‍ രോഹിതിനോട് ചോദിച്ചു. ആയിരം രൂപ വരെയുള്ള സാരിയാണ് നോക്കുന്നതെന്ന് രോഹിത് മറുപടി പറഞ്ഞു. മറ്റ് വിലയിലുള്ള സാരികള്‍ കൂടി താന്‍ കാണിക്കാം എന്ന് പറഞ്ഞ വിശാല്‍ ആ സമയം രോഹിതിനെ അങ്കിള്‍ എന്ന് അഭിസംബോധന ചെയ്തു.
ഇതുകേട്ടതോടെ രോഹിത് ക്ഷുഭിതനായി. തന്നെ അങ്കിള്‍ എന്ന് വിളിക്കരുതെന്ന് രോഹിത് വിശാലിനോട് പറഞ്ഞു. ഇതേച്ചൊല്ലി ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടാകുകയും ചെയ്തു.
ഉടന്‍ തന്നെ രോഹിത് ഭാര്യയേയും കൂട്ടി കടയില്‍ നിന്നിറങ്ങി. കുറച്ച് സമയത്തിന് ശേഷം രോഹിത് കുറച്ച് സുഹൃത്തുക്കളുമായി വിശാലിന്റെ കടയിലേക്ക് എത്തി. തുടര്‍ന്ന് കടയില്‍ നിന്ന് വിശാലിനെ നടുറോഡിലേക്ക് വലിച്ചിട്ട ശേഷം ക്രൂരമായി മര്‍ദ്ദിക്കാന്‍ തുടങ്ങി. വടികൊണ്ടും ബെല്‍റ്റ് കൊണ്ടുമാണ് രോഹിതും സുഹൃത്തുക്കളും വിശാലിനെ മര്‍ദിച്ചത്. അതിന് ശേഷം രോഹിതും സംഘവും സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുകയും ചെയ്തു.
മര്‍ദനത്തില്‍ പരിക്കേറ്റ വിശാല്‍ അടുത്തുള്ള പോലീസ് സ്റ്റേഷനിലെത്തി രോഹിതിനും സുഹൃത്തുക്കള്‍ക്കുമെതിരെ പരാതി നല്‍കി. വിശാലിനെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയതായി മുതിര്‍ന്ന പോലീസുദ്യോഗസ്ഥന്‍ മനീഷ് രാജ് സിംഗ് ബദൗരിയ പറഞ്ഞു. രോഹിതിനും സുഹൃത്തുക്കള്‍ക്കുമെതിരെ കേസെടുത്തിട്ടുണ്ടെന്നും ഇവരെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും പോലീസ് വ്യക്തമാക്കി.