മനുഷ്യര്‍ തങ്ങളെ ഉപദ്രവിച്ചവര്‍ക്കെതിരെ പ്രതികാരം ചെയ്യുന്നത് സാധാരണ സംഭവമാണ്. എന്നാല്‍ പക്ഷികളും മൃഗങ്ങളും തങ്ങളുടെ ശത്രുക്കള്‍ക്കെതിരെ പക പോക്കാന്‍ ഇറങ്ങിത്തിരിച്ചാലുള്ള അവസ്ഥയെപ്പറ്റി ചിന്തിച്ചിട്ടുണ്ടോ? അത്തരത്തില്‍ ഞെട്ടിപ്പിക്കുന്ന ഒരു പഠനറിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. നമ്മുടെ നാട്ടില്‍ കാണപ്പെടുന്ന കാക്കകളെപ്പറ്റിയുള്ള പഠന റിപ്പോര്‍ട്ടിലാണ് അവയുടെ പ്രതികാര മനോഭാവത്തെപ്പറ്റി പറയുന്നത്. തങ്ങളെ ഉപദ്രവിച്ചയാളെ 17 വര്‍ഷത്തോളം ഓര്‍ത്തുവെച്ച് പ്രതികാരം ചെയ്യുന്ന പക്ഷികളാണ് കാക്കകള്‍ എന്നാണ് പഠനറിപ്പോര്‍ട്ടില്‍ പറയുന്നത്. വാഷിംഗ്ടണ്‍ യൂണിവേഴ്‌സിറ്റിയിലെ പരിസ്ഥിതി ശാസ്ത്രജ്ഞനായ പ്രൊഫസര്‍ ജോണ്‍ മാര്‍സ്ലഫിന്റെ ഗവേഷണ റിപ്പോര്‍ട്ടിലാണ് കാക്കകളുടെ പ്രതികാരത്തെപ്പറ്റി പറയുന്നത്. 2006-ലാണ് കാക്കകളുടെ പ്രതികാരത്തെപ്പറ്റി ഗവേഷണം നടത്താന്‍ അദ്ദേഹം തീരുമാനിച്ചത്.
പരീക്ഷണത്തിന്റെ ഭാഗമായി അദ്ദേഹം ഭീകരരൂപത്തിന്റെ മുഖംമൂടി ധരിച്ച് ഏഴ് കാക്കകളെ വലയിട്ട് പിടികൂടി. ശേഷം അവയെ തിരിച്ചറിയാന്‍ ചിറകുകളില്‍ അടയാളം വെച്ച ശേഷം വിട്ടയയ്ക്കുകയും ചെയ്തു. കാക്കകളെ പരിക്കേല്‍പ്പിക്കാതെ വിട്ടയച്ചെങ്കിലും ഈ ഏഴ് കാക്കകളും ഇദ്ദേഹത്തെ പിന്തുടര്‍ന്നു. ക്യാംപസിലേക്ക് മുഖംമൂടി ധരിച്ചെത്തുമ്പോഴെല്ലാം കാക്കകള്‍ അദ്ദേഹത്തെ ഉപദ്രവിക്കാന്‍ തുടങ്ങി.പരീക്ഷണത്തിനായി പിടികൂടിയ ഏഴ് കാക്കകളെ കൂടാതെ മറ്റ് കാക്കകളും ഈ കൂട്ടത്തില്‍ കൂടി. ഏകദേശം ഏഴ് വര്‍ഷത്തോളം കാക്കകളുടെ ആക്രമണം തുടര്‍ന്നു. 2013ന് ശേഷം ഇവയുടെ ആക്രമണം കുറയാന്‍ തുടങ്ങിയെന്ന് അദ്ദേഹം പറഞ്ഞു.
തന്റെ പരീക്ഷണം തുടങ്ങി 17 വര്‍ഷത്തിന് ശേഷം ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ അദ്ദേഹം മുഖംമൂടി ധരിച്ച് പുറത്തിറങ്ങി. എന്നാല്‍ കാക്കകള്‍ അന്ന് അദ്ദേഹത്തെ ആക്രമിച്ചില്ല. തന്റെ ഈ ഗവേഷണ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് ജോണ്‍ മാര്‍സ്ലഫ്. സസ്തനികളിലെ മസ്തിഷ്‌കത്തിലെ അമിഗ്ഡാലയ്ക്ക് സമാനമായ ഭാഗം കാക്കകളുടെ തലച്ചോറിലുമുണ്ടെന്ന് ജോണിന്റെ ഗവേഷണത്തില്‍ കണ്ടെത്തി. വികാരങ്ങളും ഓര്‍മ്മകളും പ്രോസസ് ചെയ്യപ്പെടുന്ന തലച്ചോറിന്റെ ഭാഗമാണിത്. കാക്കകള്‍ മനുഷ്യരുടെ പെരുമാറ്റം നിരീക്ഷിക്കുക മാത്രമല്ല, അവരുടെ മുഖം തിരിച്ചറിയാനും അവയ്ക്ക് സാധിക്കുന്നുണ്ടെന്ന കാര്യം തന്നെ അദ്ഭുതപ്പെടുത്തിയെന്ന് അദ്ദേഹം പറഞ്ഞു. തങ്ങളെ ഉപദ്രവിച്ചവരെ തിരിച്ചറിയാനും അവരെ ഓര്‍ത്തുവെയ്ക്കാനും കാക്കകള്‍ക്ക് കഴിയുന്നു. കൂടാതെ ഇക്കാര്യം മറ്റ് കാക്കകളിലേക്ക് എത്തിക്കാനും ഇവയ്ക്ക് സാധിക്കുന്നുവെന്നും പഠനത്തില്‍ പറയുന്നു.