ചെന്നൈയിലെ കലൈഞ്ജര്‍ സെന്റിനറി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിലെ ഡോക്ടറെ രോഗിയുടെ മകന്‍ കുത്തിപ്പരിക്കേല്‍പ്പിച്ചു. കത്തിയുപയോഗിച്ച് ഒന്നിലേറെ തവണ ഡോക്ടറെ കുത്തിയശേഷം പ്രതി ശാന്തനായി മടങ്ങുന്ന വീഡിയോ പുറത്തുവന്നു. മടങ്ങുന്നതിനിടെ ഡോക്ടറെ കുത്താന്‍ ഉപയോഗിച്ച കത്തി ഇയാൾ സ്വന്തം ഷര്‍ട്ടില്‍ തുടയ്ക്കുന്നതും വഴിയില്‍ ഉപേക്ഷിക്കുന്നതും വീഡിയോയില്‍ കാണാം. കലൈഞ്ജര്‍ സെന്റിനറി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിലെ ഓങ്കോളജി വിഭാഗം ഡോക്ടറാണ് കുത്തേറ്റ ഡോ. ബാലാജി ജഗന്നാഥന്‍. അദ്ദേഹത്തിന്റെയടുത്ത് മുമ്പ് ചികിത്സ തേടിയിരുന്ന രോഗിയുടെ മകനാണ് പ്രതി.
ഡോക്ടറെ കുത്തി പരിക്കേല്‍പ്പിച്ച ശേഷം പ്രതി വിഘ്‌നേഷ് രഹസ്യമായി കത്തി പുറത്തെടുക്കുന്നതും വലതുവശത്തേക്ക് മറയ്ക്കുന്നതും വ്യക്തമാക്കുന്ന വീഡിയോ വൈറലായി. അതിനുശേഷം കത്തി ആശുപത്രിയുടെ ഉള്ളില്‍ തന്നെ ഉപേക്ഷിക്കുന്നതും വീഡിയോയിലുണ്ട്.
“അവന്‍ ഡോക്ടറെ കുത്തിയെന്ന്” മറ്റൊരാള്‍ ആവര്‍ത്തിച്ച് പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം. ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാര്‍ വിഘ്‌നേഷിനെ ചൂണ്ടിക്കാട്ടി അയാളെ പിടിക്കാന്‍ ശ്രമിക്കുന്നതും വീഡിയോയിലുണ്ട്. അതിനിടെ “അവനെ പിടിക്കൂവെന്നും” അവര്‍ പറയുന്നുണ്ട്.
ഇതിനിടെ വിഘ്‌നേഷ് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പോലീസ് പിടികൂടി അറസ്റ്റു ചെയ്തു. സൈദാപേട്ട് കോടതി മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ ഇയാളെ 15 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
വീഡിയോയില്‍ ഇയാള്‍ സെക്യൂരിറ്റി ജീവനക്കാരുമായി തര്‍ക്കിക്കുന്നത് കാണാന്‍ കഴിയും. ഒരാള്‍ പ്രതിയെ അടിക്കാന്‍ നോക്കുമ്പോള്‍ ഒരു സ്ത്രീ അയാളെ തടയുന്നതും വീഡിയോയില്‍ ഉണ്ട്.
സര്‍ക്കാറിന്റെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന കലൈജ്ഞര്‍ സെന്റിനറി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിലെ പ്രശസ്ത കാന്‍സര്‍രോഗ വിദഗ്ധനും പ്രൊഫസറുമാണ് ഡോ. ജഗന്നാഥ്.
അമ്മയുടെ ചികിത്സയുമായി ബന്ധപ്പെട്ട സംസാരത്തിനിടെയാണ് പ്രതി വിഘ്‌നേഷ് ഒപി മുറിയില്‍വെച്ച് ഡോക്ടറെ ഒന്നിലധികം തവണ കുത്തിയത്. അമ്മയ്ക്ക് ഡോക്ടര്‍ തെറ്റായ മരുന്നാണ് എഴുതി നല്‍കിയതെന്ന് സംശയിച്ചാണ് ഡോക്ടറെ ആക്രമിച്ചത്. ഡോ. ജഗന്നാഥിന് ഏഴ് തവണ കുത്തേറ്റു. ചികിത്സയിലുള്ള അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണ്.