തമിഴ്‌നാട്ടിലെ കൃഷ്ണഗിരി ജില്ലയിൽ കോടതി സമുച്ചയത്തിന് പുറത്ത് അഭിഭാഷകനെ അസിസ്റ്റന്റ് അരിവാളുകൊണ്ട് വെട്ടിക്കൊന്നു. ഹൊസൂർ മേഖലയിൽ ബുധനാഴ്ച രാവിലെയോടെയാണ് സംഭവം നടന്നത്. 30 കാരനായ കണ്ണൻ എന്ന അഭിഭാഷകനെ ആനന്ദൻ എന്ന അദ്ദേഹത്തിന്റെ അസിസ്റ്റന്റ് ആണ് വെട്ടിക്കൊലപ്പെടുത്തിയത്. ഒരു കേസുമായി ബന്ധപ്പെട്ട് കോടതിയിൽ എത്തിയ കണ്ണൻ പുറത്തിറങ്ങുന്നതിനിടെയാണ് ആക്രമിക്കപ്പെട്ടത്.
ആനന്ദൻ ഇയാളെ തടഞ്ഞുനിർത്തി അരിവാൾ കൊണ്ട് വെട്ടുകയായിരുന്നു. കണ്ണൻ ബോധരഹിതനായി നിലത്ത് വീണതിന് ശേഷവും അക്രമി ഇയാളുടെ തലയിൽ അരിവാളുകൊണ്ട് ആവർത്തിച്ച് വെട്ടുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവരുന്ന വീഡിയോയിൽ കാണാം.
ആനന്ദന്റെ ഭാര്യയുമായി കണ്ണന് അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ചാണ് ആക്രമണം എന്നാണ് ലഭിക്കുന്ന സൂചന. ഇതിന്റെ പേരിൽ ഇരുവരും തമ്മിൽ ശത്രുതയുണ്ടായിരുന്നതായി പൊലീസ് പറയുന്നു. കണ്ണനെ കഴുത്തിനും തോളിനും ഗുരുതരമായി പരിക്കേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സ തുടരുന്നതിനിടയിൽ മരണപ്പെടുകയായിരുന്നു.
സംഭവത്തിൽ പ്രതിഷേധിച്ച് അഭിഭാഷകർ ഹൊസൂർ കോടതി വളപ്പിൽ പ്രതിഷേധ പ്രകടനം നടത്തി. തുടർന്ന്, ഹൊസൂർ കോടതി ജഡ്ജിയും ജില്ലാ പോലീസ് സൂപ്രണ്ടും നടത്തിയ ചർച്ചയെ തുടർന്ന് പ്രതിഷേധം അവസാനിപ്പിച്ചു. ഇതിനിടെ കൊലപാതകം നടത്തിയ ആനന്ദൻ കോടതിയിൽ കീഴടങ്ങി.