പഴയ കറന്‍സി നോട്ടുകള്‍ ശേഖരിക്കുന്ന സ്വഭാവമുള്ളവര്‍ നമുക്കിടയില്‍ ധാരാളമുണ്ട്. അത്തരത്തിലൊരു പഴയനോട്ടിന്റെ കഥയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്. തന്റെ മുത്തശ്ശിയില്‍ നിന്നും പാരമ്പര്യസ്വത്തായി ലഭിച്ച ഒരു അഞ്ച് ഡോളറിന്റെ കറന്‍സിനോട്ടിന് കോടിക്കണക്കിന് രൂപ വിലപറഞ്ഞിട്ടും കൊടുക്കാന്‍ തയ്യാറല്ലെന്ന് പറയുകയാണ് യുഎസ് സ്വദേശിയായ യുവാവ്. 1988ല്‍ പുറത്തിറങ്ങിയ ഈ നോട്ട് ടോമി എന്ന യുവാവിന്റെ കൈയ്യിലാണിപ്പോള്‍ ഉള്ളത്. അച്ചടിപിശക് സംഭവിച്ച നോട്ടുകൂടിയാണിത്. ടോമിയുടെ മുത്തശ്ശിയാണ് ഈ നോട്ട് ഇദ്ദേഹത്തിന് നല്‍കിയത്.
നോട്ടിന്റെ വലതുകോണില്‍ ഏറ്റവും താഴെയായി ‘5’ എന്ന സംഖ്യ രണ്ട് തവണ അച്ചടിച്ചിട്ടുണ്ട്. വലതുവശത്ത് തെറ്റായി ക്രമീകരിച്ച മഷിയടയാളവും ഉണ്ട്. ഇത്തരത്തില്‍ അച്ചടിപ്പിശക് പറ്റിയ നോട്ടാണ് ടോമി നിധിപോലെ കാത്തുസൂക്ഷിക്കുന്നത്.
ഈ നോട്ടിന്റെ ചിത്രമടങ്ങുന്ന വീഡിയോ ടോമിയുടെ കാമുകിയായ ചാര്‍ലറ്റ് കാരോള്‍ ടിക് ടോക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. ഈ നോട്ടിന് 3.3 കോടി രൂപ വരെ വിലയിട്ട് ചിലര്‍ ടോമിയെ സമീപിച്ചിരുന്നുവെന്നും കാരോള്‍ പറഞ്ഞു. എന്നാല്‍ മുത്തശ്ശിയുടെ ഓര്‍മ്മയ്ക്കായി സൂക്ഷിച്ചിരിക്കുന്ന ഈ കറന്‍സി നോട്ട് വില്‍ക്കാന്‍ ടോമി തയ്യാറായില്ല എന്നാണ് കാരോള്‍ പറയുന്നത്.
കാലിഫോര്‍ണിയയിലെ യൂണിവേഴ്‌സല്‍ സ്റ്റുഡിയോയുടെ ഫിനാന്‍സ് വിഭാഗത്തിലാണ് ടോമിയുടെ മുത്തശ്ശി ജോലി ചെയ്തിരുന്നത്. അവിടെ നിന്നുമാണ് ഈ കറന്‍സി നോട്ട് മുത്തശ്ശിയ്ക്ക് ലഭിച്ചതെന്ന് കരുതപ്പെടുന്നുവെന്ന് കാരോള്‍ പറഞ്ഞു.
ഇത്തരത്തില്‍ അച്ചടിപ്പിശക് സംഭവിച്ച നോട്ടുകള്‍ക്ക് അവയുടെ മുഖവിലയെക്കാള്‍ വലിയ വില നല്‍കി ശേഖരിക്കുന്ന ആളുകള്‍ ഉണ്ടെന്ന് പേപ്പര്‍ കറന്‍സി വിദഗ്ധനായ വയറ്റ് മക്‌ഡോണാള്‍ഡ് പറഞ്ഞു. ചുവപ്പ്, നീല, ഗോള്‍ഡ് മുദ്ര പതിച്ച തെറ്റായ രീതിയില്‍ അച്ചടിച്ച നോട്ടുകള്‍ക്ക് വലിയ വില ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഏതായാലും ടോമിയും കാരോളും പാരമ്പര്യസ്വത്തായി ലഭിച്ച ഈ അപൂര്‍വ്വ കറന്‍സി നോട്ട് എത്ര വില ലഭിച്ചാലും വില്‍ക്കില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ്. കറന്‍സി നോട്ടിനോടുള്ള വൈകാരിക അടുപ്പം തന്നെയാണ് ഈ തീരുമാനത്തിന് കാരണം. വിലമതിക്കാനാകാത്ത വസ്തുവാണ് ഈ അഞ്ച് ഡോളറിന്റെ നോട്ട് എന്നാണ് ഇരുവരും പറയുന്നത്.