Monday, March 31, 2025

HomeNewsKeralaഅക്ഷരം മ്യൂസിയം രാജ്യത്തിന് സമർപ്പിച്ചു; ഒറ്റഭാഷയായി രാജ്യത്തെ ചുരുക്കാനുള്ള നീക്കങ്ങൾക്കെതിരേയുള്ള ചെറുത്തുനിൽപ്പെന്ന് മുഖ്യമന്ത്രി

അക്ഷരം മ്യൂസിയം രാജ്യത്തിന് സമർപ്പിച്ചു; ഒറ്റഭാഷയായി രാജ്യത്തെ ചുരുക്കാനുള്ള നീക്കങ്ങൾക്കെതിരേയുള്ള ചെറുത്തുനിൽപ്പെന്ന് മുഖ്യമന്ത്രി

spot_img
spot_img

കോട്ടയം: ഒരൊറ്റ ഭാഷ സംസാരിക്കുന്ന നാട് എന്ന നിലയിലേക്ക് രാജ്യത്തെ ചുരുക്കാൻ ചിലർ കിണഞ്ഞു പരിശ്രമിക്കുമ്പോൾ, അതിനെതിരെയുള്ള ചെറുത്തുനിൽപ്പുകൂടിയായി മാറും അക്ഷരം മ്യൂസിയം എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന സഹകരണ വകുപ്പ് നിർമിച്ച ഇന്ത്യയിലെ ആദ്യത്തെ ഭാഷാ-സാഹിത്യ-സാംസ്‌കാരിക മ്യൂസിയമായ ‘അക്ഷരം’ കോട്ടയം മറിയപ്പള്ളി ഇന്ത്യാപ്രസ് പുരയിടത്തിൽ നടന്ന ചടങ്ങിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.

മലയാളമടക്കമുള്ള ഭാഷകളെ ഇല്ലാതാക്കി രാജ്യത്തെ ഭാഷാ വൈവിധ്യങ്ങളെ ഇല്ലായ്മ ചെയ്യാനുള്ള ശ്രമങ്ങൾ നടക്കുന്ന ഘട്ടമാണിത്. ഭാഷയ്ക്കും സാഹിത്യത്തിനുമായി മ്യൂസിയം എന്ന ആശയം നൂതനമാണ്. മിക്കവാറും മ്യൂസിയങ്ങൾ ചരിത്രവസ്തുക്കളെ സംരക്ഷിക്കാനോ കലകളുടെയും കലാപ്രകടനങ്ങളുടെയും ചരിത്രം പ്രചരിപ്പിക്കുന്നതിനോ മഹദ് വ്യക്തികളുടെ ജീവിതം പ്രദർശിപ്പിക്കുന്നതിനോ ആയിരിക്കും.- മുഖ്യമന്ത്രി പറഞ്ഞു.

നമ്മുടെ ഭാഷയെയും സംസ്‌കാരത്തെയും സംരക്ഷിച്ചുകൊണ്ട് വൈവിധ്യങ്ങളെ നിലനിർത്തണം എന്ന സന്ദേശമാണ് ഈ മ്യൂസിയത്തിലൂടെ ലോകത്തിന് പകർന്നു നൽകുന്നത്.15,000 ചതുരശ്രയടിയിൽ ഒരുക്കുന്ന മ്യൂസിയം പൂർണമാകുന്നതോടെ കേരളത്തിന്റെ സാംസ്‌കാരിക ചരിത്രവും ഭാഷാ ചരിത്രവും സാഹിത്യചരിത്രവും എല്ലാം അടയാളപ്പെടുത്തപ്പെടും.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഭാഷകളുടെ ചരിത്രവും മ്യൂസിയത്തിൽ പ്രദർശിപ്പിക്കപ്പെടും. അങ്ങനെ ലോകംതന്നെ ശ്രദ്ധിക്കുന്ന വിജ്ഞാനകേന്ദ്രമായി മ്യൂസിയം മാറുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ദ്ഘാടനം ചെയ്യപ്പെടുന്ന ഒന്നാം ഘട്ടത്തിൽ പ്രധാനമായും നാല് ഗ്യാലറികളാണ് ഒരുക്കിയിരിക്കുന്നത്. ആദ്യ ഗ്യാലറിയിൽ ഭാഷയുടെ ഉത്ഭവവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്. രണ്ടാം ഗ്യാലറിയിൽ ഇന്ത്യൻ ലിപികളുടെ പരിണാമചരിത്രത്തെയാണ് അടയാളപ്പെടുത്തിയിരിക്കുന്നത്. അധിനിവേശവും വിവേചനങ്ങളും നമ്മുടെ ചില ഭാഷകളെ തകർക്കുകയും മറ്റു ചിലതിനെ വളർത്തുകയും ചെയ്തിട്ടുണ്ട്.

ഹിന്ദിക്ക് ഉറുദുവുമായി ഉണ്ടായിരുന്ന ഇഴപിരിയാത്ത ബന്ധം ഇന്ത്യാചരിത്രത്തിൽ വ്യക്തമായി അടയാളപ്പെടുത്തിയിട്ടുണ്ട്. ഹിന്ദിയും ഉറുദുവും ചേർന്ന ഹിന്ദുസ്ഥാനി എന്ന മൊഴി തന്നെ പ്രചാരത്തിലുണ്ടായിരുന്നു. എന്നാൽ ഒരു പ്രത്യേക ഘട്ടത്തിൽ ഉറുദുവിന്റെ പേർഷ്യൻ അറബിക് ലിപിയിൽ നിന്ന് സംസ്‌കൃതത്തിന്റെ ദേവനാഗരി ലിപിയിലേക്ക് ഹിന്ദി മാറ്റപ്പെട്ടു. അധിനിവേശ ശക്തികൾ ആവിഷ്‌ക്കരിച്ചതും രാജ്യത്തിനകത്ത് പ്രചാരം നേടിയതുമായ വർഗീയ ചിന്തകളാണ് ഇത്തരം മാറ്റങ്ങൾക്ക് കാരണമായത്. നമ്മുടെ ലിപികളുടെ ചരിത്രം പഠിക്കുമ്പോൾ ഇത്തരം ചരിത്രവസ്തുതകളെ കൂടി മനസ്സിലാക്കാൻ സഹായകരമാകുന്ന ഒന്നാകും രണ്ടാം ഗ്യാലറി.

മൂന്നാം ഗ്യാലറി ആധുനികതയുടെ കടന്നുവരവിനു ശേഷമുള്ള അച്ചടിയെക്കുറിച്ചാണ് പ്രതിപാദിക്കുന്നത്. കേരളത്തിലെ ആദ്യത്തെ അച്ചടിശാല ആരംഭിക്കപ്പെട്ടത് കോട്ടയത്താണ്. ഇംഗ്ലീഷ്-മലയാളം നിഘണ്ടുവും ആദ്യമായി അച്ചടിച്ച് പ്രസിദ്ധീകരിച്ചതും കോട്ടയത്തു നിന്നാണ്. ആ കോട്ടയത്തു തന്നെ അച്ചടിയുടെ ചരിത്രം പ്രതിപാദിക്കുന്ന ഗ്യാലറി ഒരുങ്ങുന്നതിൽ ഔചിത്യഭംഗിയുണ്ട്. നാലാം ഗ്യാലറി സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിന്റെ ചരിത്രം അടയാളപ്പെടുത്തുന്നതാണ്.

തുറമുഖം-സഹകരണം-ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ബാക്കി മൂന്നു ഘട്ടങ്ങൾ കൂടി പൂർത്തിയാകുമ്പോൾ ആഗോളതലത്തിൽ ശ്രദ്ധയാകർഷിക്കുന്ന കേന്ദ്രമായി അക്ഷരം മ്യൂസിയം മാറുമെന്ന് മന്ത്രി വി.എൻ. വാസവൻ അധ്യക്ഷപ്രസംഗത്തിൽ പറഞ്ഞു. വർത്തമാനകാലത്ത് വായനയിലേക്കു പുതുതലമുറയെ തിരികെക്കൊണ്ടുവരുന്നതിന് എല്ലാവരിലൂടെയും സഹകരണത്തിലൂടെ സാധ്യമാകുമെന്നും മന്ത്രി പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments