ബാങ്കോക്കില്‍ നിന്നെത്തിയ യുവതിയുടെ ബാഗില്‍ നിന്നും കോടിക്കണക്കിന് രൂപയുടെ കഞ്ചാവ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. മുംബൈ എയര്‍പോര്‍ട്ടിലാണ് സംഭവം നടന്നത്. ബാങ്കോക്കില്‍ നിന്നെത്തിയ മറ്റൊരു മലയാളി യുവാവിന്റെ ബാഗിലും കഞ്ചാവ് കണ്ടെത്തിയതായി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇവര്‍ രണ്ട് പേരെയും പോലീസ് അറസ്റ്റ് ചെയ്തു.
രണ്ട് പേരില്‍ നിന്നായി 21 കിലോഗ്രാം കഞ്ചാവാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ കണ്ടെടുത്തത്. ഏകദേശം 22 കോടി രൂപയോളം വിലവരുന്ന കഞ്ചാവാണ് ഇരുവരുടെയും കൈയ്യിലുണ്ടായിരുന്നത്.
ഗുജറാത്തിലെ നവസാരി സ്വദേശിയായ പാത്രിഗ്നാബെന്‍ കപാഡിയ എന്ന യുവതിയില്‍ നിന്നുമാണ് 14.62 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തത്. ബാങ്കോക്കില്‍ നിന്ന് മുംബൈ എയര്‍പോര്‍ട്ടിലെത്തിയ ഇവരുടെ ബാഗ് ഉദ്യോഗസ്ഥര്‍ പരിശോധിക്കുകയായിരുന്നു. ഇവരുടെ ബാഗില്‍ ധാരാളം വസ്ത്രങ്ങള്‍ ഉണ്ടായിരുന്നു. ആദ്യപരിശോധനയില്‍ അസ്വാഭാവികമായ ഒന്നും കണ്ടെത്താനായില്ല. എന്നാല്‍ ബാഗിലെ തുണികള്‍ ഓരോന്നായി മാറ്റിയപ്പോള്‍ അസാധാരണമായൊരു ഗന്ധം പരക്കാന്‍ തുടങ്ങി. ഇതില്‍ സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ബാഗ് വിശദമായി പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്.
ഹൈഡ്രോപോണിക് ഗഞ്ച (കഞ്ചാവ്) ആണ് ഇതെന്ന് വിദഗ്ധ പരിശോധനയില്‍ സ്ഥിരീകരിച്ചു. 14.62 കിലോഗ്രാം കഞ്ചാവാണ് ഇവരുടെ ബാഗിലുണ്ടായിരുന്നത്. അന്താരാഷ്ട്ര വിപണിയില്‍ ഏകദേശം 14 കോടിരൂപയോളം വിലവരുന്ന കഞ്ചാവാണ് ഇവര്‍ കടത്താന്‍ ശ്രമിച്ചതെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ബാങ്കോക്കില്‍ നിന്ന് മുംബൈ എയര്‍പോര്‍ട്ടിലെത്തിയ മലയാളിയായ യുവാവില്‍ നിന്നും കസ്റ്റംസ് ഉദ്യോഗസ്ഥര്‍ കഞ്ചാവ് പിടിച്ചെടുത്തിരുന്നു. മുഹമ്മദ് പുളിക്കലകത്ത് എന്ന 31കാരനില്‍ നിന്ന് 8 കോടി രൂപ വിലമതിക്കുന്ന 8.3 കിലോഗ്രാം കഞ്ചാവാണ് കണ്ടെടുത്തത്.