ഓഫീസിലിരുന്ന് മയങ്ങിപ്പോയതിന്റെ പേരില്‍ ജോലിയില്‍ നിന്നും പുറത്താക്കിയ കമ്പനിയ്‌ക്കെതിരെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ജീവനക്കാരന്‍. ഇദ്ദേഹത്തിന്റെ കേസ് പരിഗണിച്ച കോടതി 40 ലക്ഷം നഷ്ടപരിഹാരം നല്‍കാന്‍ കമ്പനിയോട് ആവശ്യപ്പെട്ടു.
ചൈനയിലെ ജിയാംഗ്‌സു പ്രവിശ്യ സ്വദേശിയായ സാങ് ആണ് കമ്പനിയ്‌ക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റോറിലെ മാനേജരായി ജോലി ചെയ്തുവരികയായിരുന്നു സാങ്. 20 വര്‍ഷമായി ഇദ്ദേഹം ഇതേ കമ്പനിയില്‍ ജോലി ചെയ്തുവരികയായിരുന്നു.
അര്‍ദ്ധരാത്രിയില്‍ ഓഫീസിലിരുന്ന് സാങ് ഉറങ്ങുന്ന ദൃശ്യങ്ങള്‍ കമ്പനിയിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞു. ഇതോടെ വിഷയത്തില്‍ ഇടപെട്ട് എച്ച്ആര്‍ ഡിപ്പാര്‍ട്ട്‌മെന്റ് രംഗത്തെത്തി. ഓഫീസിലിരുന്ന് ഉറങ്ങുന്നത് കമ്പനിയുടെ അച്ചടക്ക നയങ്ങള്‍ക്ക് വിരുദ്ധമാണെന്ന് പറഞ്ഞ അധികൃതര്‍ സാങിനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു.
ഇതോടെയാണ് സാങ് കമ്പനിയ്‌ക്കെതിരെ പരാതിയുമായി കോടതിയെ സമീപിച്ചത്. സാങ് ആദ്യമായാണ് ജോലിക്കിടെ ഓഫീസിലിരുന്ന് ഉറങ്ങിപ്പോയത്. അതുകൊണ്ട് കമ്പനിയ്ക്ക് സാരമായ നഷ്ടം സംഭവിച്ചിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. 20 വര്‍ഷത്തോളം കമ്പനിയില്‍ സേവനമനുഷ്ടിച്ച ജീവനക്കാരനെ ഈയൊരു കാരണത്തിന്റെ പേരില്‍ പുറത്താക്കാന്‍ കഴിയില്ല. തുടര്‍ന്ന് സാങിന് നഷ്ടപരിഹാരമായി 40 ലക്ഷം രൂപ കമ്പനി നല്‍കണമെന്നും കോടതി പറഞ്ഞു.