ചില ആളുകൾ മരണത്തിനു ശേഷവും നമ്മുടെ ഓർമകളിൽ തന്നെ ഒരുപാട് കാലം ജീവിക്കും. അത്തരം അനശ്വരമായ ഓർമകളാണ് ആളുകൾക്ക് ഡയാന രാജകുമാരിയെ കുറിച്ചുള്ളത്. അത്തരത്തിലൊരു ഓർമ സൂചകമായി, 1985-ൽ ഡയാന രാജകുമാരി ധരിച്ച നീല നിറത്തിലുള്ള വസ്ത്രം ലേലത്തിൽ വിറ്റത് 9 കോടി രൂപയ്ക്കാണ്. പ്രതീക്ഷിച്ചതിനേക്കാൾ കൂടുതൽ തുകയ്ക്കാണ് ഈ വസ്ത്രം ലേലത്തിൽ വിറ്റത്. വെൽവെറ്റ് തുണിയിൽ തീർത്ത ഈവനിംഗ് പാർട്ടി ഡ്രസ് ആണ് വൻ തുകയ്ക്ക് വിറ്റത്. ഡയാന രാജകുമാരി ധരിച്ചതിൽ ഏറ്റവും ഉയർന്ന തുകയ്ക്ക് ലേലത്തിൽ വിറ്റ വസ്ത്രം എന്ന റെക്കോർഡും ഇത് സ്വന്തമാക്കി.
ചാൾസ് രാജകുമാരനൊപ്പം ഫ്ലോറൻസിലെ രാജകീയ പര്യടനത്തിനിടെ ഡയാന രാജകുമാരി ധരിച്ച വസ്ത്രമാണിത്. പിന്നീട് 1986-ൽ വാൻകൂവർ സിംഫണി ഓർക്കസ്ട്രയിലും ഇതേ വസ്ത്രം ധരിച്ചാണ് ഡയാന പ്രത്യക്ഷപ്പെട്ടത്. 100,000 ഡോളർ (ഏകദേശം 80 ലക്ഷം രൂപ) ആണ് ഈ വസ്ത്രത്തിന്റെ യഥാർത്ഥ മൂല്യം. മൊറോക്കൻ-ബ്രിട്ടീഷ് ഫാഷൻ ഡിസൈനറായ ജാക്വസ് അസാഗുരിയാണ് ഈ വസ്ത്രം ഡിസൈൻ ചെയ്തത്. ജാക്വസ് അസഗുരി ഡിസൈൻ ചെയ്ത നിരവധി വസ്ത്രങ്ങൾ ഡയാന ധരിച്ചിട്ടുണ്ട്.

വിക്ടർ എഡൽസ്റ്റൈൻ രൂപകൽപ്പന ചെയ്ത ഡയാനയുടെ പർപ്പിൾ നിറത്തിലുള്ള വസ്ത്രം ഈ വർഷം ആദ്യം 604,800 ഡോളറിന് (ഏകദേശം 5 കോടി രൂപ) ലേലത്തിൽ വിറ്റിരുന്നു. ഈ റെക്കോർഡാണ് ഇപ്പോളീ നീല വെൽവെറ്റ് വസ്ത്രം മറികടന്നിരിക്കുന്നത്. ജൂലീസ് ഓക്ഷൻസ് എന്ന കമ്പനിയാണ് വസ്ത്രം ലേലത്തിൽ വിറ്റത്. ആരാണ് ഇത് സ്വന്തമാക്കിയത് എന്ന കാര്യം ഇതുവരെ പുറത്തു വിട്ടിട്ടില്ല. വസ്ത്രം സ്വന്തമാക്കിയ ആൾ അത് ശ്രദ്ധയോടെയും ബഹുമാനത്തോടെയും കൂടി കൈകാര്യം ചെയ്യുമെന്നാണ് പ്രതീക്ഷയെന്ന് ഫാഷൻ നിരൂപക എലിസബത്ത് ഹോംസ് പറഞ്ഞു.
ഡയാനയുടെ ഫാഷൻ സമവാക്യങ്ങളും അതിനായി രാജനിയമങ്ങൾ വരെ ലംഘിക്കുന്നതുമൊക്കെ ഏറെ ശ്രദ്ധേയമായിരുന്നു. രാജകുമാരി ധരിച്ച വസത്രങ്ങളിൽ ഏറ്റവും കൂടുതൽ ശ്രദ്ധേയമായത് ഒരുപക്ഷേ തന്റെ വിവാഹ സുദിനത്തിൽ ധരിച്ച ടഫേറ്റ ഡ്രസ്സാവും. ബ്രിട്ടീഷ് ഫാഷൻ ഡിസൈനർമാരായ ഡേവിഡും എലിസബത്ത് ഇമ്മാനുവേലുമായിരുന്നു ഈ മനോഹരമായ ഡ്രസ് ഡിസൈൻ ചെയ്തത്. 1981ൽ വെയ്ൽസ് രാജകുമാരനായ പ്രിൻസ് ചാൾസുമായുള്ള തന്റെ വിവാഹ ദിവസമാണ് ഡയാന രാജകുമാരി ഈ തൂവെള്ള വസ്ത്രം ധരിച്ചത്. മനോഹരമായ ഈ വസ്ത്രം അതിന്റെ ഫാഷൻ എന്നതിലപ്പുറം റോയൽ കോഡുകൾ ലംഘിച്ചു എന്ന കാരണത്താലും വാർത്തകളിൽ ഇടം നേടിയിരുന്നു. ഈ വസത്രത്തിന്റെ നീളം (ടെയിൻ) കൊണ്ടാണ് അത് ഡ്രസ് കോഡ് നിയമങ്ങൾ തെറ്റിച്ചത്.