ആലപ്പുഴ: കഴിഞ്ഞ ദിവസമാണ് കേരള ജനതെയാകെ ഞെട്ടിച്ച വാഹനാപകടം ആലപ്പുഴ കളർകോട് ചങ്ങനാശ്ശേരി മുക്ക് ജംഗ്ഷനിൽ നടന്നത്. കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസും കാറും കൂട്ടിയിടിച്ച് 5 മെഡിക്കൽ വിദ്യാർഥികളാണ് സംഭവത്തിൽ മരിച്ചത്. പാലക്കാട് സ്വദേശി ശ്രീദീപ് വത്സൻ ,ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇബ്രാഹിം, കണ്ണൂർ സ്വദേശി മുഹമ്മദ് അഫ്സൽ ജബ്ബാർ, കോട്ടയം സ്വദേശി ആയുഷ് ഷാജി, മലപ്പുറം സ്വദേശി ദേവാനന്ദ് എന്നിവരാണ് അപകടത്തിൽ മരിച്ചത്. 11 പേരായിരുന്നു വാഹനത്തിലുണ്ടായിരുന്നത്. അതിൽ ഒരു പരിക്കുപോലുമേൽക്കാതെ അത്ഭുകരമായി രക്ഷപ്പെട്ടത് തിരുവനന്തപുരം മരിയനാട് സ്വദേശി ഷെയ്ൻ ഡെൻസ്റ്റൻ മാത്രമാണ്.
എന്നാൽ അപകടത്തിൽ നിന്നും രക്ഷപ്പെട്ടെങ്കിലും സംഭവം മനസ്സിനേൽപ്പിച്ച ആഘാതത്തിൽ നിന്നും ഷെയ്ൻ ഇനിയും മുക്തനായിട്ടില്ല. അപകട സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിലേർപ്പെട്ടവർക്ക് പോലും ഷെയ്ൻ ഈ 11 പേരിലൊരാളെന്ന് തിരിച്ചറിഞ്ഞിരുന്നില്ല. ചലനമറ്റതും ഗുരുതരമായി മുറിവേറ്റതുമായ തന്റെ സുഹൃത്തുക്കളെ ആംബുലൻസിൽ കയറ്റുമ്പോഴേക്കും ഷെയ്നിന്റെ മനസ്സിൽ ആഴത്തിൽ മുറിവേറ്റിരുന്നു. എല്ലാം കഴിഞ്ഞ് അതുവഴി വന്ന ഒരു വാഹനത്തിൽ കയറി ഹോസ്റ്റലിൽ തിരിച്ചെത്തിയ അവൻ ആരോടും ഒന്നും മിണ്ടാതെ മുറിക്കകത്തു കയറി വാതിലടച്ചിരുന്നു. കാറിൽ ഉണ്ടായിരുന്നത് 10 പേരാണെന്നാണ് ആദ്യം കരുതിയിരുന്നത്. പിന്നീടാണ് പതിനൊന്ന് കുട്ടികൾ ഉണ്ടായിരുന്നതായി തിരിച്ചറിഞ്ഞത്.
ഒന്നും സംസാരിക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു ഷെയ്നെന്നാണ് സുഹൃത്തുക്കൾ പറഞ്ഞത്. ഉടനെ ആശുപത്രിയിലെത്തിച്ചു നിലവിൽ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ്. മാനസികാഘാതം മറികടക്കാനുള്ള ചികിത്സ നൽകുന്നുണ്ടെന്നു മെഡിക്കൽ കോളജ് അധികൃതർ അറിയിച്ചു. ചേർത്തല സ്വദേശി കൃഷ്ണദേവ് , കൊല്ലം ചവറ സ്വദേശി മുഹസിൻ മുഹമ്മദ്, കൊല്ലം പോരുവഴി സ്വദേശി ആനന്ദ് മനു, എറണാകുളം കണ്ണൻകുളങ്ങര സ്വദേശി ഗൗരി ശങ്കർ, ആലപ്പുഴ എടത്വ സ്വദേശി ആൽവിൻ ജോർജ് ,ഷെയിൻ ഡെൻസ്റ്റൻ എന്നിവർക്കാണ് പരിക്കേറ്റത്. ഇതിൽ ആനന്ദ് മനുവിന്‍റെയും, ആൻവിൻ ജോർജിന്റെയും നില ഗുരുതരമാണ്. പരിക്കേറ്റവർ ആലപ്പുഴ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.11 പേരായിരുന്നു കാറിലുണ്ടായിരുന്നത്. എല്ലാവരും ആലപ്പുഴ ഗവ. മെഡിക്കൽ കോളേജിലെ ഒന്നാം വർഷ മെഡിക്കൽ എംബിബിഎസ് വിദ്യാർത്ഥികളാണ്.