ഫിന്‍ജാല്‍ ദുരന്തത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായഹസ്തവുമായി ടിവികെ അധ്യക്ഷനും നടനുമായ വിജയ്. പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന 300 കുടുംബങ്ങൾക്ക് വിജയ് സഹായം വിതരണം ചെയ്തു. ചെന്നൈ പണയൂരിലെ പാർട്ടി ആസ്ഥാനത്ത് വച്ചാണ് പ്രളയ സഹായം കൈമാറിയത്. പ്രളയക്കെടുതിയിൽ സഹായമെത്തിക്കുന്നതിനും സന്നദ്ധ പ്രവർത്തനങ്ങൾക്കും ടിവികെ പ്രവർത്തകർ സജീവമായി തന്നെ ഉണ്ടായിരുന്നു.
മഴ മുന്നറിയിപ്പ് തുടരുന്ന സാഹചര്യത്തിൽ സർക്കാർ ജാഗ്രത കുറയ്ക്കരുതെന്നും വിജയ് ഇന്നലെ ട്വീറ്റ് ചെയ്തിരുന്നു. കൂടാതെ ദുരന്തനിവാരണ സേനയിലെ അംഗങ്ങൾക്ക് വേണ്ട സഹായം നൽകണമെന്നും താഴ്ന്ന പ്രദേശങ്ങളിലുള്ളവരെ മാറ്റിപാർപ്പിക്കണമെന്നും വിജയ് നിർദേശിച്ചു.
അതേസമയം ഫിന്‍ജാല്‍ ദുരിതബാധികര്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍. ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപയും തകര്‍ന്നവീടുകള്‍ പുനര്‍നിര്‍മിച്ച് നല്‍കുകയും ചെയ്യുമെന്ന് അറിയിച്ചു. തമിഴ്‌നാടിന് അടിയന്തര സഹായം നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും ഉറപ്പു നല്‍കി.
അതിനിടെ വിഴിപ്പുറത്ത് ദുരിതബാധിതരെ സന്ദര്‍ശിക്കാന്‍ എത്തിയ മന്ത്രി കെ പൊന്‍മുടിക്ക് നേരെ നാട്ടുകാര്‍ ചെളിയെറിഞ്ഞ് പ്രതിഷേധിച്ചു. മന്ത്രി കാറിൽ നിന്നും പുറത്തിറങ്ങാത്തതിനെ ചൊല്ലിയായിരുന്നു പ്രതിഷേധം.