നമ്മുടെ നാട്ടില്‍ വിവാഹ സീസണാണ് ഇപ്പോള്‍. വിവാഹച്ചടങ്ങിനിടെയുള്ള രസകരമായ സംഭവങ്ങളുടെ വീഡിയോകളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. ഇപ്പോഴിതാ വിവാഹ ആഘോഷത്തിനിടെയുള്ള മറ്റൊരു ചടങ്ങാണ് സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗ് ആയിരിക്കുന്നത്. മീറത്ത്-ഡെറാഡൂണ്‍ ഹൈവേയിലെ ഒരു റിസോര്‍ട്ടില്‍വെച്ച് നടന്ന വിവാഹ ആഘോഷങ്ങളുടെ വീഡിയോ ആണ് വൈറലായിരിക്കുന്നത്.
2.5 കോടി രൂപയുടെ പണം സ്ത്രീധനമായി കൈമാറുന്നതാണ് വീഡിയോയിലുള്ളത്. ഒരു സ്യൂട്ട്‌കെയ്‌സിനുള്ളിലാക്കിയാണ് പണം കൈമാറുന്നത്. വരന്റെ ചെരുപ്പ് മോഷ്ടിച്ച് നടത്തുന്ന ഒരു ചടങ്ങും ഉത്തരേന്ത്യയിലെ വിവാഹ ആഘോഷങ്ങളിൽ പതിവാണ്. വധുവിന്റെ സഹോദരിമാര്‍, കസിന്‍സ്, സുഹൃത്തുക്കള്‍ എന്നിവരാണ് ചെരുപ്പ് മോഷ്ടിക്കുക. എന്നാല്‍, ചെരുപ്പ് മോഷ്ടിക്കുന്ന ചടങ്ങിലേക്കായി 11 ലക്ഷം രൂപയാണ് ചെലവാക്കിയത്. ചെരുപ്പ് മോഷ്ടിച്ചതിന് ആചാരമായി പ്രതിഫലം നല്‍കാറുണ്ട്. ഇവിടെ ചടങ്ങിനിടെ 11 ലക്ഷം രൂപയാണ് കൈമാറിയത്.
ചെരുപ്പ് മോഷ്ടിച്ചവരടക്കം പലരും ഇത്ര വലിയ തുക കണ്ട് ഞെട്ടുന്നതും വീഡിയോയില്‍ കാണാം. വരനും വധുവിനും നല്‍കുന്ന സമ്മാനങ്ങളുടെ പേരില്‍ കുടുംബാംഗങ്ങള്‍ പരസ്പരം തര്‍ക്കിക്കുകയും തമാശയായി പരിഹസിക്കുകയും ചെയ്യുന്ന ചടങ്ങുമുണ്ട്. മറ്റ് ചില ചടങ്ങുകൾക്കു വേണ്ടി എട്ട് ലക്ഷം രൂപയാണ് നല്‍കിയത്. ഇതോടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയ്ക്ക് തിരി കൊളുത്തി.
സമ്മിശ്ര പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ വീഡിയോയ്ക്ക് ലഭിക്കുന്നത്. ഈ വീഡിയോ തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്ന് ചിലര്‍ ചൂണ്ടിക്കാട്ടി. അതേസമയം, ഇത്രയധികം തുക ചെലവാക്കുന്നത് വ്യക്തിപരമായ കാര്യമാണെന്ന് ചിലര്‍ പറഞ്ഞു.
അതിനിടെ സുഹൃത്തുക്കൾക്കൊപ്പം ലൂഡോ കളിക്കുന്ന വരന്റെ ചിത്രം സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു. സാമൂഹിക മാധ്യമമായ എക്‌സിലാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. ‘സഹോദരന് തന്റേതായ ചില മുന്‍ഗണനകളുണ്ട്’ എന്ന ക്യാപ്ഷനോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. വളരെ വേഗമാണ് ഈ ചിത്രം വൈറലായത്. ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ നാല് ലക്ഷത്തിലധികം പേരാണ് ഈ ചിത്രം കണ്ടത്. ‘എന്തു സംഭവിച്ചാലും ലൂഡോ കളിക്കുന്നത് നിര്‍ത്തരുതെന്ന്’ ഫോട്ടോയുടെ താഴെ ഒരാള്‍ കമന്റ് ചെയ്തു. ‘‘സഹോദരാ, അവിടെയും ഇവിടെയും നിങ്ങള്‍ പരാജയപ്പെട്ടതായി’’ മറ്റൊരു ഉപയോക്താവ് പറഞ്ഞു.
അതേസമയം, വിവാഹമണ്ഡപത്തിലിരുന്ന് ഓണ്‍ലൈനായി ഷെയര്‍മാര്‍ക്കറ്റില്‍ ട്രേഡിംഗ് നടത്തുന്ന വരന്റെ വീഡിയോ ഇക്കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. വിവാഹമണ്ഡപത്തില്‍ ഇരുന്ന് ഫോണില്‍ നോക്കുന്ന വരനെയാണ് ചിത്രത്തില്‍ കാണുന്നത്. വിവാഹത്തിന് തൊട്ടുമുന്‍പുള്ള ദൃശ്യങ്ങളാണിതെന്ന് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാകും. എങ്കിലും കൈയ്യിലുള്ള ഫോണിലാണ് വരന്റെ ശ്രദ്ധ മുഴുവന്‍. ഫോണ്‍ സൂം ചെയ്ത് നോക്കുമ്പോള്‍ വരന്‍ ഓഹരി വിപണിയില്‍ വ്യാപാരം നടത്തുന്നതാണ് കാണാന്‍ കഴിയുന്നത്. വരന്‍ അറിയാതെ രഹസ്യമായാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്.