ന്യൂഡൽഹി: മാർ ജോർജ് കൂവക്കാടിനെ കർദിനാളായി ഉയർത്തുന്നത് ഭാരതത്തിന് അഭിമാനകരമായ കാര്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചടങ്ങിന് സാക്ഷ്യം വഹിക്കാൻ കേന്ദ്രമന്ത്രി ജോർജ് കുര്യൻ്റെ നേതൃത്വത്തിലുള്ള സംഘത്തെ ഇന്ത്യാ ഗവൺമെൻ്റ് വത്തിക്കാനിലേക്ക് അയച്ചുവെന്നും പ്രധാനമന്ത്രി എക്സിൽ കുറിച്ചു. ചടങ്ങുകൾക്ക് മുമ്പ്, ഇന്ത്യൻ പ്രതിനിധികൾ പരിശുദ്ധ ഫ്രാൻസിസ് മാർപാപ്പയെ സന്ദർശിച്ചതായും പോസ്റ്റിൽ പറയുന്നു.
ഇന്ത്യൻ സഭാചരിത്രത്തിലാദ്യമായിട്ടാണ് വൈദികരിൽ നിന്ന് ഒരാളെ നേരിട്ട് കർദിനാൾ പദവിലേയ്ക്ക് ഉയർത്തുന്നത്. വൈദികനായിരിക്കെ കർദിനാൾ പദവിയിലേക്ക് എന്ന അപൂർവ നേട്ടമാണ് മാർ ജോർജ് കൂവക്കാട്ട് കൈവരിച്ചത്. ചങ്ങനാശേരി അതിരൂപതാംഗം മാർ ജോർജ് കൂവക്കാട്ട് ഉൾപ്പടെ 21 കർദിനാൾമാരുടെ സ്ഥാനാരോഹണമാണ് വത്തികാനിൽ നടന്നത്.