റിസർവ് ബാങ്ക് ഓഫ് ഇന്ത്യക്ക് (ആർബിഐ) റഷ്യൻ ഭാഷയിൽ ബോംബ് ഭീഷണി. ബാങ്കിൻറെ ഔദ്യോഗിക വെബ്സൈറ്റിലേക്ക് ഇമെയിൽ വഴിയാണ് ബോംബ് ഭീഷണി എത്തിയത്.വെള്ളിയാഴ്ച രാവിലെയാണ് ഭീഷണി സന്ദേശം എത്തിയത്. ഒരു മാസത്തിനുള്ളിൽ ഇത് രണ്ടാമത്തെ ഭീഷണിയാണ് ആർബിഐക്ക് ലഭിക്കുന്നത്.ബാങ്കിൻറെ പരാതിയെ തുടർന്ന് മുംബൈ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
ബാങ്കിൻറെ ഔദ്യോഗിക വെബ്സൈറ്റിലേക്കാണ് ബോംബ് ഭീഷണി എത്തിയതെന്നും. ഇമെയിൽ റഷ്യൻ ഭാഷയിലായിരുന്നു എന്നും ബാങ്ക് ബോംബ് വെച്ച് തകർക്കുമെന്നാണ് ഭീഷണിയിൽ ഉണ്ടായിരുന്നതെന്നും മുംബൈ പൊലീസ് സോൺ വൺ ഡിസിപി പറഞ്ഞു. അജ്ഞാതനായ വ്യക്തിക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഐപി അഡ്രസ്സും ലൊക്കേഷനും മറയ്ക്കാൻ വിപിഎൻ ഉപയോഗിച്ചാണോ ഇമെയിൽ അയച്ചതെന്നും പൊലീസ് പരിശോധിക്കുകയാണ്. സഞ്ജയ് മൽഹോത്ര ആർബിഐയുടെ 26-ാമത് ഗവർണറായി ചുമതലയേറ്റ് ദിവസങ്ങൾക്ക് ശേഷമാണ് ബോംബ് ഭീഷണി ലഭിക്കുന്നത്. രാജസ്ഥാൻ കേഡർ ഐഎഎസ് ഓഫീസറാണ് മൽഹോത്ര. പ്രധാനമന്ത്രി നരേന്ദ്രമോദി അധ്യക്ഷനായ ക്യാബിനറ്റ് കമ്മിറ്റിയാണ് റിസർവ് ബാങ്ക് ഗവർണറെ നിയമിക്കുന്നത്.
ഡൽഹിയിലെ ആറ് സ്കൂളുകൾക്കെതിരെയും വെള്ളിയാഴ്ച രാവിലെ ഇമെയിൽ വഴി ബോംബ് ഭീഷണി വന്നിരുന്നു. ഇതിനെ തുടർന്ന് വിവിധ ഏജൻസികൾ സ്കൂൾ പരിസരത്ത് പരിശോധന നടത്തിയിരുന്നു. ഡിസംബർ 9ന് 44 സ്കൂളുകൾക്കെതിരെയും ബോംബ് ഭീഷണി വന്നിരുന്നു.