വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മകൻ്റെ മോചനം സ്വപ്നം കാണുന്ന ഒരു ഉമ്മയുണ്ട് തലശ്ശേരിയില്‍. ദുബായ് ജയിലില്‍ വധശിക്ഷ കാത്തു കഴിയുന്ന മകനെ രക്ഷിക്കാന്‍ ആരോട് സഹായം തേടണമെന്ന് ഈ പാവം ഉമ്മയ്ക്ക് അറിയില്ല. ആര് കനിഞ്ഞാലാണ് മകനെ ഒന്ന് കാണാനാവുക എന്ന് ഉള്ളുരുകി ചിന്തിക്കുകയാണ് നെട്ടൂര്‍ തെക്കേപറമ്പത്ത് വീട്ടില് അറങ്ങലോട്ട് ലൈല.
കഴിഞ്ഞ ആറ് മാസമായി മകൻ്റെ വരവിനായി കാത്തിരിക്കുകയാണ് ലൈല. അറബ് പൗരന്‍ വധിക്കപ്പെട്ട കേസില്‍ ലൈലയുടെ മകന്‍ മുഹമ്മദ് റിനാഷ് (28) കഴിഞ്ഞ രണ്ടു വര്‍ഷമായി ദുബായില്‍ ജയിലിലാണ്. മൂന്നു വര്‍ഷം മുന്‍പാണു ജോലി തേടി റിനാഷ് ദുബായിലേക്കു പോയത്. ദുബായില്‍ ട്രാവല്‍ ഏജന്‍സിയിലായിരുന്നു റിനാഷ് ജോലി ചെയ്തിരുന്നത്. സുഹൃത്തിൻ്റെ വീട്ടില്‍ പോയപ്പോള്‍ അറബ് പൗരന്‍ റിനാഷിനെ ആക്രമിച്ചു. ഇതിനിടയില്‍ കുത്തേറ്റ അറബ് പൗരന്‍ അബ്ദുല്ല സിയാദ് റാഷിദ് അല്‍ മന്‍സൂരി കൊല്ലപ്പെടുകയായിരുന്നു. 2023 ഫെബ്രുവരി 8-നായിരുന്നു സംഭവം. കേസില്‍ ആറ് മാസം മുന്‍പാണ് കോടതി വധശിക്ഷ വിധിച്ചത്.
ദുബായ് ജയിലില്‍ കഴിയുന്ന തൻ്റെ മകൻ്റെ മോചനത്തിന് ഏതു വാതിലില്‍ മുട്ടണമെന്ന് ലൈല തിരക്കാത്ത ആളുകളില്ല. കാണുന്ന ആളുകളോടെക്കെ ലൈല അന്വേഷിക്കുകയാണ്. തലശ്ശേരി സ്വദേശിനി ലൈലയുടെ നാല് മക്കളില്‍ മൂന്നാമനാണു മുഹമ്മദ് റിനാഷ്. വധശിക്ഷയ്ക്കു വിധിക്കപ്പെട്ടതറിഞ്ഞ് ലൈല ദുബായിലെ ജയിലില്‍ പോയി മകനെ കണ്ടിരുന്നു. ഇന്ത്യന്‍ എംബസി മുഖേന അബുദാബി ഭരണാധികാരിക്കും മുഖ്യമന്ത്രി പിണറായി വിജയനും ഷാഫി പറമ്പില്‍ എംപിക്കും ഇതിനോടകം ലൈല നിവേദനം നല്‍കി. രാഹുല്‍ ഗാന്ധിയെ ഗല്‍ഹിയില്‍ ചെന്ന് കണ്ട് നിവേദനം നല്‍കാനുള്ള തയ്യാറെടുപ്പിലാണ് ലൈല. സര്‍ക്കാരോ, സംഘടനകളോ തൻ്റെ പ്രാര്‍ത്ഥന കേള്‍ക്കുമെന്നും, നിയമ പോരാട്ടത്തിനൊടുവില്‍ തന്നെ കാണാന്‍ തൻ്റെ പൊന്നു മകന്‍ തിരിച്ചെത്തുമെന്നും ഈ ഉമ്മ പ്രതീക്ഷിക്കുന്നു.