ആഗ്ര: യുഎസില്‍ നിന്നുള്ള മിശ്രവിവാഹിതരായ ദമ്പതികള്‍ ജന്മനാടായ അലിഗഡില്‍ വെച്ച് നടത്താനിരുന്ന വിവാഹ റിസപ്ഷന്‍ റദ്ദാക്കി. തീവ്ര വലതുപക്ഷ സംഘടനകളുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് തീരുമാനം. വിവാഹ റിസപ്ഷന്‍ സംഘടിപ്പിക്കുന്നത് സാമുദായിക സൗഹൃദം തകര്‍ക്കുമെന്ന് ആരോപിച്ചാണ് സംഘടനകള്‍ എതിര്‍പ്പ് ഉയര്‍ത്തിയത്. അലിഗഢിലെ ജിടി റോഡിലുള്ള വിവാഹമണ്ഡപത്തിൽ ഡിസംബര്‍ 21നാണ് റിസപ്ഷന്‍ നടത്താന്‍ നിശ്ചയിച്ചിരുന്നത്. വിവാഹ റിസപ്ഷന്‍ നടത്തരുതെന്ന് ആവശ്യപ്പെട്ട് ബജ്‌റംഗ്ദള്‍, കര്‍ണിസേന, ബ്രാഹ്‌മണ്‍ മഹാ സഭ എന്നീ സംഘടനകളുടെ നേതൃത്വത്തില്‍ കളക്ടറേറ്റിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു. കൂടാതെ ജില്ലാഭരണകൂടത്തിന് നിവേദനവും സമര്‍പ്പിച്ചിരുന്നു. റിസപ്ഷന്‍ നടത്തിയാല്‍ പ്രതിഷേധം ശക്തമാക്കുമെന്നും പ്രതിഷേധക്കാര്‍ ഭീഷണി മുഴക്കി. സമ്മര്‍ദം ശക്തമായതോടെ ഇരുവരുടെയും വീട്ടുകാര്‍ റിസപ്ഷന്‍ വേണ്ടെന്ന് വയ്ക്കുകയായിരുന്നു.
യുഎസില്‍ ഒരു ബഹുരാഷ്ട്ര കമ്പനിയില്‍ സീനിയര്‍ എക്‌സിക്യുട്ടിവായി ജോലി ചെയ്യുന്ന ആഷര്‍ ചൗധരിയും സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന എംബിഎ ബിരുദധാരിയായ ആവണി ഭാര്‍ഗവും തമ്മിലുള്ള വിവാഹം നാല് മാസം മുമ്പ് കഴിഞ്ഞിരുന്നു. യുഎസിലെ സാന്‍ഫ്രാന്‍സിസ്‌കോയില്‍ സ്ഥിതി ചെയ്യുന്ന ഇന്ത്യന്‍ കോണ്‍സുലേറ്റില്‍വെച്ച് സ്‌പെഷ്യല്‍ മാരേജ് ആക്ട് പ്രകാരമായിരുന്നു വിവാഹം. ഇവര്‍ അടുത്തിടെ ജന്മനാടായ അലിഗഢിൽ എത്തിയിരുന്നു. തുടര്‍ന്നാണ് ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുവേണ്ടിയും ഇരുവരുടെയും വീട്ടുകാര്‍ റിസപ്ഷന്‍ നടത്താന്‍ തീരുമാനിച്ചത്.
റിസപ്ഷനില്‍ പങ്കെടുക്കുന്നതിന് ക്ഷണിച്ചുകൊണ്ടുള്ള ക്ഷണക്കത്ത് നല്‍കി തുടങ്ങിയതോടെയാണ് പ്രതിഷേധം തുടങ്ങിയത്. “നവദമ്പതികളായ ആവണിയെയും ആഷറിനെയും അനുഗ്രഹിക്കുന്നതിനായി നിങ്ങളുടെ സാന്നിധ്യത്തിനായി ഞങ്ങള്‍ സന്തോഷപൂര്‍വം ക്ഷണിക്കുന്നു” എന്നാണ് വിവാഹക്ഷണക്കത്തില്‍ വിവരിച്ചിരുന്നത്. ഈ ക്ഷണക്കത്ത് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. തുടര്‍ന്ന് ഹിന്ദു സംഘടനകള്‍ തെരുവില്‍ പ്രതിഷേധം സംഘടിപ്പിക്കുകയും പരിപാടി നടത്തുന്നത് സാമുദായിക ഐക്യം തകര്‍ക്കുമെന്ന് അവകാശപ്പെടുകയും ചെയ്തു.
വെള്ളിയാഴ്ച സംഘടനകളുടെ നേതൃത്വത്തില്‍ കളക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തി. പരിപാടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എഡിഎമ്മിന് നിവേദനം നല്‍കി. വിവാഹ റിസപ്ഷന്‍ നടത്തിയാല്‍ ഉണ്ടാകാവുന്ന ഭവിഷ്യത്തുകള്‍ സംബന്ധിച്ച് ജില്ലാ ഭരണകൂടത്തിനും വിവാഹ മണ്ഡപ ഉടമയ്ക്കും ഇവര്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.
റിസപ്ഷന്‍ ലവ് ജിഹാദിന്റെ വ്യക്തമായ ഉദാഹരണമാണെന്ന് ഓള്‍ ഇന്ത്യ കര്‍ണി സേന സംസ്ഥാന പ്രസിഡന്റ് താക്കൂര്‍ ഗ്യാനേന്ദ്ര സിംഗ് ചൗഹാന്‍ ആരോപിച്ചു. തങ്ങള്‍ പ്രതിഷേധത്തില്‍ നിന്ന് പുറകോട്ട് പോകില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അലിഗഢ് മുന്‍ മേയര്‍ ശകുന്തള ഭാരതിയും സമാനമായ ആശങ്ക പങ്കുവെച്ചു. ‘‘റിസപ്ഷന്‍ ഒരു കാരണവശാലും സംഘടിപ്പിക്കാന്‍ പാടില്ല. എന്തെങ്കിലും അനിഷ്ടസംഭവമുണ്ടായാല്‍ വിവാഹ മണ്ഡപ ഉടമയും ജില്ലാ ഭരണകൂടവും ഉത്തരവാദികളായിരിക്കും,’’ അവര്‍ പറഞ്ഞു.
“പ്രായപൂര്‍ത്തിയായവര്‍ തമ്മില്‍ വിവാഹം നടത്തുന്നതിന് ഭരണഘടന അനുമതി നല്‍കുന്നുണ്ടെങ്കിലും അലിഗഢ് പോലെയുള്ള നഗരങ്ങളില്‍ ഇത്തരം പരിപാടി സംഘടിപ്പിക്കുന്നത് പ്രശ്‌നങ്ങളുണ്ടാക്കും. വിവാഹത്തിന് എതിരല്ല ഞങ്ങള്‍. എന്നാല്‍, ഇത്തരം ചടങ്ങുകള്‍ ഇവിടെ നടക്കാന്‍ പാടില്ല,” ബജ്‌റംഗ്ദള്‍ നേതാവ് ഗൗരവ് ശര്‍മ പറഞ്ഞു.
സാമൂഹികമാധ്യമത്തിലൂടെയാണ് നവദമ്പതികളുടെ കുടുംബാംഗങ്ങള്‍ വിവാഹ റിസപ്ഷന്‍ മാറ്റിവെച്ച കാര്യം അറിയിച്ചത്. “അപ്രതീക്ഷിതമായ സാഹചര്യങ്ങള്‍” മൂലം വിവാഹ റിസപ്ഷന്‍ റദ്ദാക്കുകയാണെന്ന് അവര്‍ അറിയിച്ചു.