ശിവഗിരി: കേരളം കണ്ട വിശ്വമഹാകവിയായിരുന്ന കുമാരനാശാന്‍ കടുത്ത ദേശീയവാദിയുമായിരുന്നുവെന്ന് മാധ്യമ പ്രവര്‍ത്തകും കേരള സര്‍വകകലാശാല സെനറ്ററുമായ പി ശ്രീകുമാര്‍. മതപരിവര്‍ത്തനത്തെ എതിര്‍ത്ത വ്യക്തിയുമായിരുന്നു. യോഗം പ്രവര്‍ത്തകര്‍ ബുദ്ധമതത്തിലേക്ക് പരിവര്‍ത്തനത്തിനു മുതിര്‍ന്നപ്പോള്‍ അത് എതിര്‍ത്തു കൊണ്ട് ആശാന്‍ രചിച്ചതാണ് മതപരിവര്‍ത്തന രസവാദം. ശിവഗിരി തീര്‍ത്ഥാടന മഹാമഹത്തിന്റെ ഭാഗമായി നടന്ന മഹാകവി കുമാരനാശാന്‍ ദേഹവിയോഗ ശതാബ്ദി സമ്മേളനത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു ശ്രീകുമാര്‍.
വത്തിക്കാനില്‍ ശിവഗിരി മഠത്തിന്റെ നേതൃത്വത്തില്‍ സര്‍വമതസമ്മേളനം നടന്നതിന്റെ പിന്നാലെ ആശാനെ സ്മരിച്ചുകൊണ്ട് നടത്തുന്ന പരിപാടിക്ക് പ്രത്യേകതയുണ്ട്. ലോകത്ത് ആദ്യത്തെ ലോകമതസമ്മേളനം ചിക്കാഗോയില്‍ നടന്നത് കത്തോലിക്ക സഭയുടെ പ്രമാണിത്വം അടിവരയിടാനായിരുന്നു. സ്വാമി വിവേകനന്ദന്റെ സാന്നിധ്യം കാര്യങ്ങള്‍ മാറ്റി മാറിച്ചു. ഭാരതത്തിലെ ആദ്യ സര്‍വ്വമത സമ്മേളനമാണ് ആലുവായില്‍ ശ്രീനാരായണ ഗുരു വിളിച്ചു ചേര്‍ത്തത്. ‘മാപ്പിളലഹള’യെത്തുടര്‍ന്ന് കേരളത്തിലെ സാമൂഹിക അന്തരീക്ഷം അത്രയധികം ഭയാനകമായിരുന്നു. ഭയങ്കരവും പൈശാചികവുമായ സംഭവത്തെ ആസ്പദമാക്കി മഹാകവി കുമാരാശാന്‍ ‘ദുരവസ്ഥ’ എന്ന കാവ്യം രചിച്ചു. സര്‍വമത സമ്മേളനം എന്ന ആശയം ശ്രീനാരായണ ഗുരുവിന്റെ ചിന്താമണ്ഡലത്തിലെത്തിച്ചതില്‍ കുമാരനാശാന് വലിയ പങ്കുണ്ട്.
ദുസ്സഹമായ വ്യവസ്ഥിതിക്കെതിരെ മാറ്റുവിന്‍ ചട്ടങ്ങളെ എന്ന് വിരല്‍ ചൂണ്ടി ഗര്‍ജിച്ച നവോത്ഥാന കവി. രാഗം മാംസനിബദ്ധമല്ലെന്ന് എല്ലാ തലമുറയിലെയും യുവതയെ ഉദ്‌ബോധിപ്പിച്ച വേദാന്ത കവി. ജാതി ചോദിക്കുന്നില്ല ഞാന്‍ സോദരീ, എന്ന് ജാതി കടന്നശുദ്ധമാക്കിയ മലയാള നാടിന്റെ ദു:സ്ഥിതിയെ കാലത്തിന് മുന്നില്‍ തുറന്നു കാട്ടിയ ഋഷികവി.. ക്രൂരമുഹമ്മദര്‍ ചിന്തുന്ന ഹൈന്ദവച്ചോരയാല്‍ ചോന്നെഴുമേറനാട്ടില്‍ കവിതയുടെ കരുത്തുകൊണ്ട് നൂറ്റാണ്ടിന്റെ പോരാട്ടം കാലങ്ങള്‍ക്ക് മുമ്പേ നയിച്ച വിപഌകവി, സ്‌നേഹമാണഖിലസാരമൂഴിയില്‍ സ്‌നേഹ സാരമിഹ സത്യമേകമാം എന്ന് പ്രപഞ്ച തത്വത്തെ നിരൂപിച്ച ദാര്‍ശനിക കവി.. സ്വാതന്ത്ര്യം തന്നെ അമൃതം സ്വാതന്ത്ര്യം തന്നെ ജീവിതം പാരതന്ത്ര്യം മാനികള്‍ക്ക് മൃതിയേക്കാള്‍ ഭയാനകം എന്ന് മലയാളിക്ക് സ്വാതന്ത്ര്യ ഗീത പകര്‍ന്ന പ്രവാചക കവി. ഇങ്ങനെയെല്ലാം വിശേഷിപ്പിക്കാവുന്ന കുമാരനാശാനെ ബിട്ടീഷുകാരുടെ പാദസേവകന്‍ എന്ന് ആക്ഷേപിച്ചവര്‍ ഇന്ന് അദ്ദേഹത്തെ ആഘോഷിക്കുന്നത് നല്ലതാണെന്നും പി ശ്രീകുമാര്‍ പറഞ്ഞു.
ശിവഗിരിമഠം പ്രസിഡന്റ് സച്ചിദാനന്ദസ്വാമി സമ്മേളനം ഉദ്ഘാടനം ചെയ്തു. മലയാള ഭാഷയുടെ നവോത്ഥാന പ്രസ്ഥാന നായകനായിരുന്നു ശ്രീനാരാണ ഗുരുദേവനെന്ന് സ്വാമി പറഞ്ഞു. വെണ്‍മണിപ്രസ്ഥാനകവിതകളില്‍ നിന്നു മഹാകവി കുമാരനാശാനെ തിരുത്തിയതു ഗുരുദേവനായിരുന്നു. ശൃംഗാരകവിതകള്‍ രചിച്ചുകൊണ്ടിരുന്ന ആശാനെ ഗുരുദേവന്‍ പിന്‍തിരിപ്പിക്കുയുണ്ടായി. പിന്നാലെ ദാര്‍ശനിക കവിതകള്‍ക്കൊപ്പം ഗുരുദേവ ദര്‍ശന ഭാഷ്യമാണു ആശാന്‍ ലോകത്തിനു സമര്‍പ്പിച്ചതെന്നും സ്വാമി പറഞ്ഞു.
സ്വാമി ധര്‍മ്മാനന്ദ അധ്യക്ഷത വഹിച്ചു. വര്‍ക്കല ശ്രീനാരായണ കോളേജിലെ മലയാളം വിഭാഗം പ്രൊഫസര്‍ ഡോ. സിനി ആശാന്റെ ഗുരുദര്‍ശനം എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി. ഗുരുധര്‍മ്മപ്രചരണസഭാ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി, കാല്ലം ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയര്‍മാര്‍ അനില്‍ എസ്. കല്ലേലിഭാഗം, ഗുരുധര്‍മ്മ പ്രചരണസഭ പി. ആര്‍.ഒ പ്രൊഫ. സനല്‍കുമാര്‍, വെട്ടൂര്‍ ശശി എന്നിവര്‍ പ്രസംഗിച്ചു. തോന്നയ്ക്കല്‍ ആശാന്‍ സ്മാരക അവാര്‍ഡ് ജേതാവ് എന്‍. എസ്. സുരേഷ് കൃഷ്ണന് ഉപഹാരം നല്‍കി. കവിതാരചനാ മത്സരവും നടന്നു.