മധ്യപ്രദേശിലെ ഇന്‍ഡോര്‍ നഗരത്തില്‍ 2025 ജനുവരി 1 മുതല്‍ ഭിക്ഷക്കാര്‍ക്ക് പണം കൊടുക്കുന്നവര്‍ക്കെതിരെ കേസെടുക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ജനുവരി 1 മുതല്‍ ഭിക്ഷ നല്‍കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ അവര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാനാണ് തീരുമാനം. ഇന്‍ഡോറിനെ യാചകവിമുക്ത നഗരമാക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. രാജ്യത്ത് ഭിക്ഷാടനം അവസാനിപ്പിക്കാന്‍ കേന്ദ്ര സാമൂഹ്യ നീതി മന്ത്രാലയം നടപ്പാക്കുന്ന പദ്ധതിയോട് അനുബന്ധിച്ചാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
ഭിക്ഷാടനത്തിനെതിരെ ബോധവല്‍ക്കരണം നടത്തിവരികയാണെന്ന് ജില്ലാ കളക്ടര്‍ ആശിഷ് സിംഗ് അറിയിച്ചു. 2024 ഡിസംബര്‍ അവസാനം വരെ ബോധവല്‍ക്കരണം തുടരുമെന്നും അദ്ദേഹം പറഞ്ഞു. ഭിക്ഷ നല്‍കുന്നത് ജനങ്ങള്‍ അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഭിക്ഷ യാചിക്കുന്നത് തെറ്റാണെന്നും അതിനാല്‍ ഭിക്ഷ നല്കി ഇന്‍ഡോറിലെ ജനം പങ്കാളികളാകരുതെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
നിലവില്‍ ഭിക്ഷാടനം നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. ജനുവരി 1മുതലാണ് നിയമം പ്രാബല്യത്തില്‍ വരിക. നിരാലംബരായ ജനങ്ങളെ ഭിക്ഷാടനത്തിലേക്ക് എത്തിക്കുന്ന മാഫിയ സംഘങ്ങളെ തിരിച്ചറിഞ്ഞെന്നും ഭിക്ഷാടനത്തിലേര്‍പ്പെട്ടിരുന്ന നിരവധി പേരെ പുനരധിവസിപ്പിച്ചെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.
നിര്‍ബന്ധിത ഭിക്ഷാടനത്തില്‍ ചില മാഫിയ ക്രിമിനല്‍ സംഘങ്ങള്‍ക്കും പങ്കുണ്ടെന്ന് ആശിഷ് സിംഗ് ചൂണ്ടിക്കാട്ടി. അത്തരം ശൃംഖലകളെ തകര്‍ക്കാന്‍ ജില്ലാ ഭരണകൂടം സജീവമായി പ്രവര്‍ത്തിച്ചുവരികയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇന്‍ഡോര്‍ ഉള്‍പ്പെടെയുള്ള രാജ്യത്തെ പത്ത് നഗരങ്ങളെ യാചക വിമുക്തമാക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച കേന്ദ്ര പദ്ധതിയായ SMILE (Support for Marginalized Individuals for Livelihood and Enterprise)-ന് കീഴിലാണ് ഈ പരിഷ്കാരങ്ങള്‍ നടപ്പാക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, സന്നദ്ധ സംഘടനകള്‍ എന്നിവ മുഖേന നടപ്പിലാക്കുന്ന പദ്ധതിയാണിത്. പദ്ധതി നല്കുന്ന പ്രധാന സേവനങ്ങള്‍ എന്തെല്ലാമാണെന്ന് പരിശോധിക്കാം.
– ബോധവല്‍ക്കരണം.
– ഭിക്ഷാടകരെ തിരിച്ചറിഞ്ഞ് പുനരധിവസിപ്പിക്കുക.
– വൈദ്യസഹായം നല്‍കുക.
– കൗണ്‍സിലിംഗും വിദ്യാഭ്യാസവും ഉറപ്പാക്കുക.
– ഉപജീവനത്തിനായുള്ള നൈപുണ്യവികസന പരിശീലനം നല്‍കുക.
അതിജീവനത്തിന് വേണ്ടിയാണ് പലരും ഭിക്ഷാടനത്തിലേക്ക് എത്തുന്നതെന്നും അതിനാല്‍ അത്തരക്കാരെ പുനരധിവസിപ്പിച്ച് ജീവിതമാര്‍ഗം കാട്ടിക്കൊടുക്കേണ്ടത് അനിവാര്യമാണെന്നും പദ്ധതി അടിവരയിട്ട് പറയുന്നു.
ദാരിദ്ര്യത്തിന്റെ ഏറ്റവും തീവ്രമായ രൂപമാണ് ഭിക്ഷാടനമെന്ന് കേന്ദ്ര സാമൂഹ്യനീതി മന്ത്രാലയം വ്യക്തമാക്കി. കൂട്ടായ പ്രവര്‍ത്തനത്തിലൂടെ മാത്രമെ ഭിക്ഷാടനത്തെ തുടച്ചുനീക്കാനാകുവെന്നും മന്ത്രാലയം പറയുന്നു. 2011ലെ സെന്‍സസ് പ്രകാരം ഇന്ത്യയിലെ ഭിക്ഷാടകരുടെയും അലഞ്ഞുതിരിഞ്ഞുനടക്കുന്നവരുടെയും എണ്ണം 4.13 ലക്ഷമാണ്.