പാലസ്തീന്‍ ഐക്യദാര്‍ഢ്യത്തിന്റെ അടയാളമായ തണ്ണിമത്തന്‍ ആലേഖനം ചെയ്ത ബാഗുമായി കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ പ്രിയങ്ക ഗാന്ധി പാര്‍ലമെന്റിലെത്തിയത് വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. പ്രിയങ്കയെ അഭിനന്ദിച്ച് മുന്‍ പാക് മന്ത്രി ചൗധരി ഫവദ് ഹുസൈനും രംഗത്തെത്തി. സമുന്നതനായ സ്വാതന്ത്ര്യസമര സേനാനി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ പേരക്കുട്ടി തലയുയര്‍ത്തി നില്‍ക്കുകയാണെന്ന് അദ്ദേഹം എക്‌സില്‍ കുറിച്ചു. പാകിസ്ഥാനിലെ ഒരു എംപി പോലും ഈ ധൈര്യം കാണിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
“നെഹ്‌റുവിനെ പോലെയൊരു സ്വാതന്ത്ര്യസമര സേനാനിയുടെ പേരക്കുട്ടിയില്‍ നിന്നും മറ്റെന്താണ് പ്രതീക്ഷിക്കേണ്ടത്? പ്രിയങ്ക ഗാന്ധി തലയുയര്‍ത്തി നില്‍ക്കുകയാണ്. ഇന്നുവരെ പാകിസ്ഥാനിലെ ഒരു പാര്‍ലമെന്റംഗം പോലും ഈ ധൈര്യം കാണിച്ചിട്ടില്ല,” അദ്ദേഹം എക്‌സില്‍ കുറിച്ചു.
ഡിസംബര്‍ 16നാണ് പലസ്തീന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടുള്ള ബാഗുമായി പ്രിയങ്ക പാര്‍ലമെന്റിലെത്തിയത്. ഇക്കഴിഞ്ഞ ജൂണില്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ വിമര്‍ശിച്ചും പ്രിയങ്ക രംഗത്തെത്തിയിരുന്നു. ഗാസയില്‍ വംശഹത്യയ്ക്ക് നേതൃത്വം കൊടുക്കുകയാണ് നെതന്യാഹുവെന്നും പ്രിയങ്ക ആരോപിച്ചു. അമേരിക്കന്‍ കോണ്‍ഗ്രസില്‍ നടത്തിയ പ്രസംഗത്തില്‍ ഗാസയില്‍ ഇസ്രായേല്‍ നടത്തുന്ന ആക്രമണത്തെ നെതന്യാഹു ന്യായീകരിച്ചതിന് പിന്നാലെയാണ് പ്രിയങ്ക വിമര്‍ശനവുമായി എത്തിയത്. ഗാസയിലെ വംശഹത്യയ്‌ക്കെതിരെ ശബ്ദമുയര്‍ത്തണമെന്ന് പ്രിയങ്ക ആവശ്യപ്പെട്ടിരുന്നു.
“ശരിയായി ചിന്തിക്കുന്നവരുടെ ധാര്‍മിക ഉത്തരവാദിത്തമാണിത്. ആക്രമണത്തിലും വിദ്വേഷത്തിലും വിശ്വസിക്കാത്ത ഇസ്രായേലിലെ ജനങ്ങളും ശബ്ദമുയര്‍ത്തണം. ഇസ്രായേലിന്റെ വംശഹത്യയെ പിന്തുണയ്ക്കാത്ത ലോകരാജ്യങ്ങള്‍ മുന്നോട്ടെത്തി ഇസ്രായേലിനെ തടയണം,” എന്ന് പ്രിയങ്ക എക്‌സില്‍ കുറിച്ചു.
2023 ഒക്ടോബര്‍ 7ന് ഹമാസ് ഇസ്രായേലിന് നേരെ നടത്തിയ ആക്രമണത്തോടെയാണ് ഇസ്രായേല്‍-പാലസ്തീന്‍ യുദ്ധം ആരംഭിച്ചത്. ഹമാസ് ആക്രമണത്തില്‍ 1200 ഓളം പേര്‍ കൊല്ലപ്പെട്ടു. 200 ഓളം പേരാണ് ബന്ദികളാക്കപ്പെട്ടത്. ഇതേത്തുടര്‍ന്നാണ് ഇസ്രായേല്‍ ഗാസയില്‍ ആക്രമണം ശക്തമാക്കിയത്. 41,000ലേറെ പേരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.