തിരുവനന്തപുരം: ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് കേരള പ്രത്യേക പതിപ്പ് തയ്യാറാക്കുന്ന ഫിൽക്ക ഫിലിം സൊസൈറ്റി (തിരുവനന്തപുരം), രശ്മി ഫിലിം സൊസൈറ്റി (മലപ്പുറം) , മുവാറ്റുപുഴ ഫിലിം സൊസൈറ്റി എന്നിവയ്ക്കും അമേരിക്കൻ മലയാളി വാരിക നേർകാഴ്ച, കാനഡ മലയാളി മാഗസിൻ സമീക്ഷ, ലണ്ടൻ മലയാളി പ്രസിദ്ധീകരണം ലിമ എന്നിവയ്ക്കും ചലച്ചിത്ര അക്കാദമി ഡെപ്യൂട്ടി ഡയറക്ടറും മറ്റ് ചിലരും ചേർന്ന് ഫിലിം ഫെസ്റ്റിവൽ വാർത്ത തയ്യാറാക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയതിൽ പ്രതിഷേധം.
ലൈഫ്ടൈം അച്ചീവ്മെൻ്റ് പുരസ്കാരം നേടിയ ഹോങ് കോങ് സംവിധായിക ആൻ ഹുയി താനുമായുള്ള അഭിമുഖം അനുവദിക്കേണ്ടതില്ലെന്ന് നിർദേശം നൽകിയതായി വോളണ്ടിയർമാർ അറിയിച്ചു. എന്നാൽ മേൽപ്പറഞ്ഞ പ്രസിദ്ധീകരണങ്ങളുടെ പ്രതിനിധികളും ഫിലിം സൊസൈറ്റികളുടെ വക്താവും ആൻ ഹുയി താമസിക്കുന്ന ഹോട്ടലിൽ എത്തി ആൻ ഹുയിയെ നേരിട്ടുകണ്ടപ്പോൾ ആൻ ഹുയി അങ്ങനെ നിർദ്ദേശം നൽകിയിട്ടില്ലെന്ന് അറിയിച്ചു. മാത്രമല്ല, 30 മിനിറ്റ് ഇൻ്റർവ്യൂ ഉടൻ അനുവദിക്കുകയും ഫോട്ടോ എടുക്കുകയും ചെയ്തു.
സ്പിരിറ്റ് ഓഫ് സിനിമ പുരസ്കാരം നേടിയ സംവിധായിക പായൽ കപാഡിയയെ കാണുന്നതിനും ഡെപ്യൂട്ടി ഡയറക്ടറും മറ്റ് ചിലരും മേൽപ്പറഞ്ഞ ഫിലിം സൊസൈറ്റികളെയും വിദേശ പ്രസിദ്ധീകരണങ്ങളെയും അനുവദിച്ചില്ല. ഇതേ തുടർന്ന് പത്ര പ്രതിനിധികളും ഫിലിം സൊസൈറ്റി വക്താവും പായൽ കപാഡിയ വസിക്കുന്ന ഹോട്ടലിലെത്തി. പായൽ കപാഡിയ മുൻ പരിചയം വെച്ച് പ്രതിനിധികളെ സ്വീകരിക്കുകയും ഫോട്ടോ എടുക്കുകയും ചെയ്തു. എന്നാൽ അഭിമുഖ സമയം ക്രമീകരിക്കുന്നതിൽ വോളണ്ടിയർമാർ വീണ്ടും തടസ്സം സൃഷ്ടിച്ചു. ചലച്ചിത്ര അക്കാദമി ഡെപ്യൂട്ടി ഡയറക്ടറുടെ വിലക്ക് നിർദേശം ഉണ്ടെന്ന് വോളണ്ടിയർമാർ അറിയിച്ചു. പക്ഷേ പായൽ കപാഡിയ വൈകിട്ട് കൂടിക്കാഴ്ച നടത്താമെന്ന് സമ്മതിച്ചെങ്കിലും അത് നടത്താൻ തടസ്സങ്ങളുണ്ടാക്കി.
കേരളത്തിൽ ചലച്ചിത്ര അക്കാദമി രൂപീകരിക്കും മുമ്പ് ഫിലിം സൊസൈറ്റികളാണ് ചെറുതും വലുതുമായ ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ നടത്തിപ്പോന്നിരുന്നതും മികച്ച പ്രേക്ഷകരെ ഓരോ ജില്ലയിലും ഇപ്പോഴും പരിപോഷിപ്പിക്കുന്നതും. വിദേശ മലയാളി പ്രസിദ്ധീകരണങ്ങൾ ഇപ്പോൾ വിശ്വക്ലാസിക് സിനിമകൾക്ക് പ്രാമുഖ്യം നൽകുന്നുമുണ്ട്. ഫിലിം സൊസൈറ്റി പ്രസിദ്ധീകരണങ്ങളും മുഖ്യപങ്ക് വഹിക്കുന്നു.
വിലക്ക് ഏർപ്പെടുത്തിയതിന് പിന്നിൽ പിൻവാതിൽ നിയമനം നേടിയവരും ദിവസ വേതനക്കാരും ചലച്ചിത്ര അക്കാദമിയിൽ പദവികൾ കൈക്കലാക്കിയ അയോഗ്യരുമാണെന്നും നിക്ഷിപ്ത താൽപര്യങ്ങൾ ഉള്ളവരുമാണെന്നും ഫിലിം സൊസൈറ്റികളുടെ വക്താവും ചലച്ചിത്ര ഗ്രന്ഥകാരനും നോവലിസ്റ്റുമായ സാബു ശങ്കർ പറഞ്ഞു.