കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ബ്രിട്ടീഷ് പൗരത്വവുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ മറുപടി നല്‍കുന്നതിന് കേന്ദ്ര സര്‍ക്കാരിന് അലഹബാദ് ഹൈക്കോടതി കൂടുതല്‍ സമയം അനുവദിച്ചു. ഹൈക്കോടതിയിലെ ലഖ്‌നൗ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. 2025 മാര്‍ച്ച് 24ന് കൂടുതല്‍ വാദം കേള്‍ക്കുന്നതിനായി ഹര്‍ജി വീണ്ടും പരിഗണിക്കും.
രാഹുല്‍ ഗാന്ധിക്ക് ബ്രിട്ടീഷ് പൗരത്വമുണ്ടെന്ന് ആരോപിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് സമര്‍പ്പിച്ച ഒരു നിവേദനത്തില്‍ സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങള്‍ നല്‍കാന്‍ കോടതി കേന്ദ്രത്തോട് നിര്‍ദേശിച്ചിരുന്നു. 2024 നവംബര്‍ 25നാണ് ഹൈക്കോടതി ഈ നിര്‍ദേശം നല്‍കിയത്. എന്നാല്‍, നിശ്ചിത സമയത്തിനുള്ളില്‍ മറുപടി നല്‍കാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ല. തുടര്‍ന്ന് കേന്ദ്രത്തിനായി ഹാജരായ അഭിഭാഷകന്‍ കൂടുതല്‍ സമയം അഭ്യര്‍ത്ഥിച്ചു. തുടര്‍ന്ന് കേന്ദ്രത്തിന് സമയം നീട്ടി നല്‍കുകയായിരുന്നുവെന്ന് ഇന്റര്‍വീനര്‍ കൗണ്‍സിലായ അഭിഭാഷകന്‍ അശോക് പാണ്ഡെ അറിയിച്ചു.
പൗരത്വ പ്രശ്‌നം സംബന്ധിച്ച് രാഹുല്‍ ഗാന്ധിക്കെതിരേ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അഭിഭാഷകനും കര്‍ണാടകയിലെ ബിജെപി നേതാവുമായ എസ് വിഘ്‌നേഷ് ശിശിര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് അരുണ്‍ ബന്‍സാലിയും ജസ്റ്റിസ് ജസ്പ്രീത് സിംഗും അടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.
2024 ജൂലൈയില്‍ സമാനമായ ഹര്‍ജി പിന്‍വലിക്കാന്‍ കോടതി ശിശിറിനെ അനുവദിച്ചിരുന്നു. പൗരത്വ നിയമം പ്രകാരം നിയമപരമായ നടപടികള്‍ സ്വീകരിക്കാനുള്ള അനുമതി നല്‍കുകയും ചെയ്തിരുന്നു. രാഹുല്‍ ഗാന്ധിക്ക് ബ്രിട്ടീഷ് പൗരത്വം ഉണ്ടെന്ന് ആരോപിച്ച് അദ്ദേഹത്തിന്റെ ഇന്ത്യന്‍ പൗരത്വം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ശിശിര്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് രണ്ട് നിവേദനങ്ങള്‍ നല്‍കിയിട്ടുണ്ട്.