പഞ്ചാബില്‍ ബഹു നില കെട്ടിടം തകർന്നുവീണു.നിരവധി പേർ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായി പൊലീസ് പറഞ്ഞു. പഞ്ചാബിലെ മൊഹാലി ജില്ലയിൽ ശനിയാഴ്ച വൈകിട്ടോടെയാണ് സംഭവം നടന്നത്.
ജില്ലാ ഭരണകൂടത്തിന്‍റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചു. രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായി 2 മണ്ണുമാന്തി യന്ത്രങ്ങൾ സംഭവ സ്ഥലത്ത് എത്തിച്ചിട്ടുണ്ട്. അഗ്നിശമനസേനയും ദേശീയ ദുരന്ത നിവാരണ സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്. മൊഹാലിയിലെ സാഹിബ്സാധാ അജിത് സിംഗ് നഗറിന് സമീപമത്തെ സൊഹാന ഗ്രാമത്തിലുള്ള ബഹുനില കെട്ടിടമാണ് തകർന്നുവീണതെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ അറിയിച്ചു. ജില്ലാ ഭരണകൂടത്തെയും രക്ഷാപ്രവർത്തകരെയും സംഭവസ്ഥലത്ത് വിന്യസിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ആർക്കും ജീവഹാനി ഉണ്ടാവരുതെന്നാണ് പ്രാർത്ഥന എന്നും സംഭവത്തിന് ഉത്തരവാദികളായവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും അദ്ദേഹം സമൂഹമാധ്യമമായ എക്സിൽ പങ്കുവച്ച കുറിപ്പിൽ പറഞ്ഞു.
രക്ഷാപ്രവർത്തനം കാര്യക്ഷമമായി നടക്കുന്നുണ്ടെന്ന് മൊഹാലി സീനിയർ സൂപ്രണ്ട് ഓഫ് പോലീസ് ദീപക് പരീക് അറിയിച്ചു. കെട്ടിടാവശിഷ്ടങ്ങൾക്കുള്ളിൽ കുടുങ്ങി കിടക്കുന്നത് എത്ര പേരാണെന്ന് വ്യക്തമല്ലെന്നും കെട്ടിടാവശിഷ്ടങ്ങൾ മാറ്റാനുള്ള പ്രവർത്തനം നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഒരു വലിയ ശബ്ദത്തോടെയാണ് കെട്ടിടം തകർന്നുവീണതെന്ന് സമീപവാസികൾ പറയുന്നു. സമീപത്ത് ബേസ്മെന്റിന്റിന് കുഴിയെടുത്തതാണ് കെട്ടിടം തകർന്നു വീഴാൻ കാരണമെന്നാണ് പ്രാഥമിക വിവരം.