കോഴിക്കോട്: കേരളത്തേയും മലയാളത്തേയും ലോകത്തിന്റെ നെറുകയിലെത്തിച്ച മഹാപ്രതിഭയാണ് എം.ടി. വാസുദേവന്‍ നായര്‍ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അന്തിമോപചാരമര്‍പ്പിക്കാനായി മുഖ്യമന്ത്രി നടക്കാവിലെ എം.ടിയുടെ വീട്ടിലേക്ക് പോയേക്കുമെന്നാണ് വിവരം.
‘കേരളത്തേയും മലയാളത്തേയും ലോകത്തിന്റെ നെറുകയിലെത്തിച്ച മഹാപ്രതിഭയുടെ വിടവാങ്ങലാണ് സംഭവിച്ചിരിക്കുന്നത്. ഇത് കേരളത്തില്‍ സംഭവിച്ച ഏറ്റവും വലിയ നഷ്ടമാണ്. നമ്മുടെ സംസ്‌കാരത്തെ വലിയ തോതില്‍ ഉയര്‍ത്തിക്കാട്ടാന്‍ എം.ടി. ചെയ്ത സേവനം മറക്കാവുന്നതല്ല. വിവിധ മേഖലകളിലാണ് അദ്ദേഹത്തിന്റെ സര്‍ഗവാസന കഴിവുതെളിയിച്ചിരുന്നത്. അദ്ദേഹം വിടപറഞ്ഞ ഘട്ടത്തില്‍ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നു.’ -മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
ബുധനാഴ്ച രാത്രി പത്ത് മണിക്കാണ് എം.ടി. വാസുദേവന്‍ നായര്‍ വിട പറഞ്ഞത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. മരണസമയത്ത് മകള്‍ അശ്വതിയും ഭര്‍ത്താവ് ശ്രീകാന്തും കൊച്ചുമകന്‍ മാധവും സമീപത്തുണ്ടായിരുന്നു. എം.ടിയുടെ വേര്‍പാടില്‍ അനുശോചിച്ച് സംസ്ഥാനത്ത് രണ്ടു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. വ്യാഴാഴ്ച ചേരാനിരുന്ന മന്ത്രിസഭായോഗം ഉള്‍പ്പെടെ എല്ലാ സര്‍ക്കാര്‍ പരിപാടികളും മാറ്റിവെച്ചു.
കോഴിക്കോട് കൊട്ടാരം റോഡിലെ വീടായ സിതാരയിലെത്തിച്ച എം.ടി. വാസുദേവന്‍ നായരുടെ ഭൗതിക ശരീരത്തില്‍ എം.എന്‍ കാരശ്ശേരി, ഷാഫി പറമ്പില്‍ എം.പി, എം. സ്വരാജ്, മന്ത്രി എ.കെ. ശശീന്ദ്രന്‍ എന്നിവര്‍ വീട്ടിലെത്തി അന്തിമോപരചാരമര്‍പ്പിച്ചു. വ്യാഴാഴ്ച അഞ്ചുമണിയോടെ കോഴിക്കോട് മാവൂര്‍ റോഡ് ശ്മശാനത്തില്‍ എം.ടിയുടെ മൃതദേഹം സംസ്‌കരിക്കും.