Wednesday, February 5, 2025

HomeNewsIndiaകടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് ഇന്ത്യയെ മന്‍മോഹന്‍ സിംഗ് കരകയറ്റിയതെങ്ങനെ?

കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് ഇന്ത്യയെ മന്‍മോഹന്‍ സിംഗ് കരകയറ്റിയതെങ്ങനെ?

spot_img
spot_img

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് രാജ്യം കൂപ്പുകുത്തുന്നതിനിടെയാണ് 1991ൽ ഇന്ത്യയുടെ ധനമന്ത്രിയായി ഡോ. മൻമോഹൻ സിംഗ് അധികാരമേൽക്കുന്നത്. ഒരു അധ്യാപകനായി തന്റെ കരിയര്‍ ആരംഭിച്ച മന്‍മോഹന്‍ സിംഗ് ഇന്ത്യയുടെ ധനമന്ത്രിയായി രാഷ്ട്രീയ മേഖലയിലേക്ക് വേഗത്തിൽ ചുവടുമാറ്റം നടത്തുകയായിരുന്നു.

വളരെ അപ്രതീക്ഷിതമായിട്ടാണ് അദ്ദേഹം ധനമന്ത്രി സ്ഥാനത്തേക്ക് എത്തിയത്. സര്‍ക്കാരിന്റെ സാമ്പത്തിക ഉപദേഷ്ടാവായും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഗവര്‍ണറായും അദ്ദേഹം മുമ്പ് സേവനം അനുഷ്ഠിച്ചിരുന്നു.

മന്‍മോഹന്‍ സിംഗ് ധനമന്ത്രിയായി സ്ഥാനമേറ്റെടുക്കുമ്പോള്‍ 1991ല്‍ ഇന്ത്യയുടെ ധനക്കമ്മി മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ 8.5 ശതമാനത്തിനടുത്തായിരുന്നു. കയറ്റുമതിയേക്കാള്‍ കൂടുതല്‍ ഇറക്കുമതിയെയായിരുന്നു അന്ന് രാജ്യം ആശ്രയിച്ചിരുന്നത്. കൂടാതെ കറന്റ് അക്കൗണ്ട് കമ്മി ഇന്ത്യയുടെ ജിഡിപിയുടെ 3.5 ശതമാനത്തിനും അടുത്തായിരുന്നു. ഇത് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് രാജ്യത്തെ തള്ളിവിട്ടു. ഇതിന് പിന്നാലെയാണ് പിവി നരസിംഹ റാവു സര്‍ക്കാരില്‍ മന്‍മോഹന്‍ സിംഗ് ധനമന്ത്രിയായി നിയമിതായത്.

ധനമന്ത്രിയായിരിക്കെ തന്റെ കന്നി പ്രസംഗത്തില്‍ ഡോ. സിംഗ് വിഖ്യാത എഴുത്തുകാരന്‍ വിക്ടര്‍ ഹ്യൂഗോയുടെ വാക്കുകള്‍ ഉദ്ധരിച്ചു. ‘ഭൂമിയിലെ ഒരു ശക്തിക്കും ഒരു ആശയത്തെ തടയാന്‍ കഴിയില്ല’ എന്ന വിക്ടര്‍ ഹ്യൂഗോയുടെ വാക്കുകളാണ് അദ്ദേഹം പറഞ്ഞത്.

സാമ്പത്തിക ഉദാരവത്കരണം രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ ലോകത്തിന് മുന്നിൽ തുറന്നുകൊടുക്കാന്‍ ലക്ഷ്യമിട്ടുള്ള നയപരമായ മാറ്റങ്ങളെ സൂചിപ്പിക്കുന്നു. ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെ ഇന്നത്തെ നിലയിലേക്ക് രൂപപ്പെടുത്തിയ പ്രധാന തന്ത്രങ്ങളിലൊന്നാണിത്.

രൂപയുടെ മൂല്യത്തകര്‍ച്ച: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുമായി ചേര്‍ന്ന് സര്‍ക്കാര്‍ രണ്ടുഘട്ടങ്ങളിലായി രൂപയുടെ മൂല്യത്തകര്‍ച്ച നടത്തി. 1991 ജൂലൈ 1ന് പ്രധാന കറന്‍സികള്‍ക്കെതിരേ 9 ശതമാനത്തോളം മൂല്യത്തകര്‍ച്ചയുണ്ടാക്കി. രണ്ട് ദിവസത്തിന് ശേഷം 11 ശതമാനത്തോളം മൂല്യത്തകര്‍ച്ച നടത്തി. ഇന്ത്യന്‍ കയറ്റുമതി കൂടുതല്‍ മത്സരാധിഷ്ഠിതമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇപ്രകാരം ചെയ്തത്.

വിദേശ കരുതല്‍ നാണ്യ ശേഖരം വര്‍ധിപ്പിക്കാന്‍ കൈവശ്യമുള്ള സ്വര്‍ണം പണയം വെച്ചു: റിസര്‍വ് ബാങ്ക് 1991 ജൂലൈ 18 വരെ നാല് തവണകളായി ബാങ്ക് ഓഫ് ഇംഗ്ലണ്ടില്‍ ഇന്ത്യയുടെ സ്വര്‍ണനിക്ഷേപം പണയം വെച്ചു. ഈ വഴിയിലൂടെ ഏകദേശം 400 മില്ല്യണ്‍ ഡോളര്‍ സമാഹരിക്കാനായി. ഇതിന് മുമ്പ് ദേശീയ തിരഞ്ഞെടുപ്പുകള്‍ക്കിടയില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മേയ് 16ന് യൂണിയന്‍ ബാങ്ക് ഓഫ് സ്വിറ്റ്‌സര്‍ലാന്‍ഡിന്(യുബിഎസ്) 200 മില്ല്യണ്‍ ഡോളര്‍ സമാഹരിക്കാന്‍ 20 ടണ്‍ സ്വര്‍ണം വിറ്റിരുന്നു. അന്താരാഷ്ട്ര നാണ്യ നിധിയില്‍ നിന്ന് രണ്ട് ഘട്ടങ്ങളിലായി രണ്ട് ബില്ല്യണ്‍ ഡോളറിന്റെ അടിയന്തര വായ്പയും സര്‍ക്കാരിന് ലഭിച്ചു.

വ്യാപാരനയം: കയറ്റുമതി വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ലൈസന്‍സിംഗ് പ്രക്രിയയില്‍ മാറ്റം കൊണ്ടുവരാന്‍ ശ്രമിക്കുന്ന ഒരു പുതിയ വ്യാപാരനയം സര്‍ക്കാര്‍ പ്രഖ്യാപിച്ചു. രൂപയുടെ മൂല്യത്തകര്‍ച്ചയോടെ കയറ്റുമതി വര്‍ധിച്ചു. ഇതില്‍ നിന്നുള്ള ഉത്തേജനം കണക്കിലെടുത്ത് സര്‍ക്കാര്‍ കയറ്റുമതി സബ്‌സിഡികള്‍ ഒഴിവാക്കി. കയറ്റുമതിക്കാര്‍ക്ക് അവരുടെ ഉപയോഗത്തിനോ വില്‍പനയ്ക്കോ അനുവദിച്ചുകൊണ്ട് വ്യാപാരം ചെയ്യാവുന്ന എക്സിം സ്‌ക്രിപ്പുകള്‍(EXIM Scrips) എന്ന ആശയം അവതരിപ്പിച്ചു. കയറ്റുമതിയുടെ മൂല്യത്തെ അടിസ്ഥാനമാക്കിയാണ് ഇത്തരം സ്‌ക്രിപ്പുകള്‍ കണക്കാക്കിയിരുന്നത്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങള്‍ വഴി ഇറക്കുമതി റൂട്ട് ചെയ്യേണ്ടതിന്റെ ആവശ്യകതയും നയം ഇല്ലാതാക്കി. സ്വകാര്യമേഖലയ്ക്ക് സ്വന്തമായി ഇറക്കുമതി ചെയ്യാന്‍ അനുമതി നല്‍കി.

പുതിയ വ്യവസായ നയം: 1991ലെ കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നതിന്റെ തലേന്ന് പുതിയ വ്യാവസായിക നയം അവതരിപ്പിക്കപ്പെട്ടു. ലൈസന്‍സ് രാജ് ഭരണത്തില്‍ നിന്ന് മാറി രാജ്യത്തെ വ്യവസായങ്ങളോടും വിദേശ നിക്ഷേപങ്ങളോടും പെരുമാറുന്ന രീതിയില്‍ വലിയ മാറ്റങ്ങള്‍ ഈ നയം നിര്‍ദേശിച്ചു. ലയനങ്ങളും സംയോജനങ്ങളും സുഗമമാക്കിക്കൊണ്ട് ബിസിനസ്സുകളുടെ എളുപ്പത്തിലുള്ള പ്രവേശനവും പുനര്‍നിര്‍മ്മാണവും സുഗമമാക്കുന്നതിന് കുത്തക, നിയന്ത്രണ ട്രേഡ് പ്രാക്ടീസ് ആക്ടിലെ ചില വ്യവസ്ഥകളില്‍ നയം ഇളവ് വരുത്തി. ഒട്ടേറെ മേഖലകളിലെ പൊതുമേഖലാ കുത്തക അവസാനിപ്പിക്കാന്‍ ഇത് കാരണമായി. വിദേശ ഇക്വിറ്റി നിക്ഷേപങ്ങള്‍ക്ക് നേരത്തെയുള്ള 40 ശതമാനം പരിധിയില്‍ നിന്ന് 51 ശതമാനമായി ഉയര്‍ത്തി.

പൊതുമേഖലാ കുത്തക ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട ചില പ്രധാനമേഖലകളില്‍ മാത്രമായി പരിമിതപ്പെടുത്തി.

ഈ മാറ്റങ്ങളെല്ലാം ഇന്ത്യയില്‍ ബിസിനസ് ചെയ്യുന്നത് എളുപ്പമാക്കി മാറ്റി. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ വിദേശ ചരക്കുകളുടെയും നിക്ഷേപങ്ങളുടെയും പ്രളയം ഇന്ത്യന്‍ വിപണിയില്‍ ദൃശ്യമായി.

ബജറ്റ് 1991-92: അതുവരെ തുടര്‍ന്നുവന്നിരുന്ന പാരമ്പര്യങ്ങളില്‍ നിന്ന് വ്യതിചലിക്കുന്നതായിരുന്നു 1991 ജൂലൈ 24ന് മന്‍മോഹന്‍ സിംഗ് അവതരിപ്പിച്ച ബജറ്റ്. ഇതിന് മുമ്പ് ഏതാനും ആഴ്ചകളിലായി ഇന്ത്യന്‍ സര്‍ക്കാര്‍ നടത്തി വന്ന പരിഷ്‌കരണ നടപടികളുടെ തുടര്‍ച്ചായായിരുന്നു അത്. ധനക്കമ്മി ഉയരുന്ന സാഹചര്യത്തില്‍ ബജറ്റ് കോര്‍പ്പറേറ്റ് നികുതി നിരക്കുകള്‍ അഞ്ച് ശതമാനം വര്‍ധിപ്പിച്ച് 45 ശതമാനമാക്കി.

പാചക വാതക സിലിണ്ടറുകള്‍, വളം, പെട്രോള്‍ എന്നിവയുടെ വില വര്‍ധിപ്പിക്കുകയും പഞ്ചസാരയുടെ സബ്സിഡി എടുത്തുകളയുകയും ചെയ്തു.

മ്യൂച്ചല്‍ ഫണ്ടുകള്‍ സ്വകാര്യ മേഖലയ്ക്ക് തുറന്നുകൊടുക്കാനും പ്രവാസികളുടെ നിക്ഷേപത്തിനുള്ള നിയമങ്ങളില്‍ ഇളവ് വരുത്തുകയും ചെയ്തു.

ഇതിന് പുറമെ കണക്കില്‍ പെടാത്ത സ്വത്ത് വെളിപ്പെടുത്തുന്നതിനുള്ള പദ്ധതിയും സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ആളുകളെ വിചാരണയില്‍ നിന്നും പലിശയില്‍ നിന്നും പിഴയില്‍ നിന്നും ഒഴിവാക്കി. ബജറ്റിന് ശേഷവും പരിഷ്‌കരണം തുടര്‍ന്നു. അടുത്ത എട്ട് മാസങ്ങളോളം പരിഷ്‌കരണങ്ങള്‍ വേഗത്തിലാക്കുകയും ഇന്ത്യയെ പ്രതിസന്ധിയില്‍ നിന്ന് കരകയറ്റാന്‍ സര്‍ക്കാര്‍ നിരവധി പ്രഖ്യാപനങ്ങള്‍ നടത്തുകയും ചെയ്തു.

സാമ്പത്തിക പരിഷ്‌കാരങ്ങള്‍ നിര്‍ദേശിക്കുന്നതിനായി മുന്‍ ആര്‍ബിഐ ഗവര്‍ണര്‍ എം നരസിംഹത്തിന്റെ കീഴിലുള്ള സമിതിയെയും സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഇതിന് ശേഷം പ്രശ്‌സ്ത സാമ്പത്തിക വിദഗ്ധനായ രാജ ചെല്ലയ്യയുടെ കീഴില്‍ നികുതി പരിഷ്‌കരണങ്ങള്‍ ശുപാര്‍ശ ചെയ്യുന്നതിനായി മറ്റൊരു സമിതിയും സര്‍ക്കാര്‍ രൂപീകരിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments