ഉമാ തോമസ് എംഎൽഎയുടെ പരിക്ക് ഗുരുതരമെന്ന് റിപ്പോർട്ട്. നിലവിൽ എംഎൽഎയെ വെന്റിലേറ്ററിലേക്ക് മാറ്റിയതായി ആശുപത്രി അധികൃതർ അറിയിച്ചു. അപകടനില തരണം ചെയ്തിട്ടില്ലെന്ന് ഡോക്ടർമാർ അറിയിച്ചു. വീഴ്ചയിൽ തലച്ചോറിന് ക്ഷതം ഏറ്റിട്ടുണ്ട്. വാരിയെല്ല് പൊട്ടി ശ്വാസകോശത്തിന് മുറിവ് പറ്റിയിട്ടുണ്ട്. കൂടാതെ നട്ടെല്ലിനും നെഞ്ചിനും പരിക്ക്. ഇന്ന് വൈകിട്ടാണ് ഉമ തോമസ് ഒന്നാം നിലയിൽ നിന്നും താഴെ വീണത്.
പാലാരിവട്ടം റിനെ ആശുപത്രിയിലാണ് എംഎൽഎയെ പ്രവേശിപ്പിച്ചിരിക്കുന്നത്. അടിയന്തര ശസ്ത്രക്രിയയുടെ ആവശ്യമില്ലെന്നും ആന്തരിക രക്തസ്രാവമില്ലെന്നും ഡോക്ടർമാർ പറഞ്ഞു. തലച്ചോറിനേറ്റ പരുക്കും ശ്വാസകോശത്തിനേറ്റ പരുക്കും ഗുരുതരം. 24 മണിക്കൂറിന് ശേഷമേ എന്തെങ്കിലും പറയാൻ കഴിയൂ.
ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ വച്ചാണ് അപകടം ഉണ്ടായത്. ആർട്ട് മാഗസിൻ ആയ മൃദംഗ വിഷൻ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കവെയായിരുന്നു അപകടം. കലൂർ ജവഹർലാൽ നെഹ്റു ഇൻ്റർനാഷണൽ സ്റ്റേഡിയത്തിൻ്റെ വിഐപി ഗാലറിയിൽ നിന്നാണ് എംഎൽഎ താഴേക്ക് വീണത്. 20 അടി ഉയരത്തിൽ നിന്നാണ് വീണത്.
കോൺക്രീറ്റിൽ തലയടിച്ചു വീണെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. വേദിയിൽ ഇരിക്കാൻ ശ്രമിക്കുന്നതിനിടെ താത്കാലിക ബാരിക്കേഡിൽ പിടിച്ച് ഇരുന്നതാണ് അപകടത്തിന് കാരണമായതെന്നാണ് സൂചന. സേഫ്റ്റി ഗാർഡുമാർ ഇല്ലായിരുന്നു. വേദിയ്ക്ക് മുന്നിൽ ബാരിക്കേഡായി വെച്ചിരുന്നത് താത്കാലികമായി കെട്ടിയ റിബൺ ആയിരുന്നെന്നും റിപ്പോർട്ട്.