2025നെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ് ലോകരാജ്യങ്ങളെല്ലാം. വെടിക്കെട്ടും ആഘോഷങ്ങളുമെല്ലാമായാണ് രാജ്യങ്ങള്‍ പുതുവര്‍ഷത്തെ സ്വാഗതം ചെയ്യുന്നത്.ഓരോ രാജ്യങ്ങളിലും വ്യത്യസ്ത സമയങ്ങളിലാണ് പുതുവര്‍ഷം എത്തുന്നത്. കിരിബാത്തി റിപ്പബ്ലിക്കില്‍ സ്ഥിതി ചെയ്യുന്ന കിരിതിമാതി ദ്വീപിലാണ് ലോകത്തില്‍ ആദ്യം പുതുവര്‍ഷം പിറക്കുക. ക്രിസ്മസ് ദ്വീപ് എന്നും ഇതിന് പേരുണ്ട്. ക്രിസ്മസ് ദ്വീപിന് വളരെ അടുത്ത് സ്ഥിതി ചെയ്യുന്ന ന്യൂസിലാന്‍ഡിന്റെ ഭാഗമായ ടോംഗ, ചാതം ദ്വീപുകളില്‍ വലിയ ആഘോഷത്തോടെയാണ് പുതുവര്‍ഷത്തെ വരവേല്‍ക്കുന്നത്. സംസ്‌കാരത്തിന്റെ ഭാഗമായ പരമ്പരാഗത ആചാരങ്ങളും കരിമരുന്ന് പ്രകടനങ്ങളോടും കൂടെയാണ് 2025നെ ആഘോഷപൂർവം വരവേല്‍ക്കുക.
മറുവശത്ത്, ലോകത്തിന്റെ അങ്ങേയറ്റത്ത് യുഎസിനോട് ചേര്‍ന്ന് കിടക്കുന്ന ജനവാസമില്ലാത്ത ബേക്കര്‍ ദ്വീപിലും ഹൗലാന്‍ഡ് ദ്വീപിലുമാണ് പുതുവര്‍ഷം ഏറ്റവും അവസാനം എത്തുന്നത്. ഈ ദ്വീപുകളുടെയും ക്രിസ്മസ് ദ്വീപിന്റെയും ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ മൂലം ഏകദേശം 26 മണിക്കൂറിന്റെ ഇടവേളയിലാണ് ഇവയിൽ പുതുവര്‍ഷം പിറക്കുന്നതെന്ന കൗതുകകരമായ വസ്തുത കൂടിയുണ്ട്.
സിഡ്‌നി, ടോക്കിയോ, ലണ്ടന്‍, ന്യൂയോര്‍ക്ക് സിറ്റി തുടങ്ങിയ ലോകനഗരങ്ങളില്‍ വമ്പിച്ച ആഘോഷങ്ങളോടെയാണ് പുതുവര്‍ഷത്തെ സ്വാഗതം ചെയ്യുന്നത്. സിഡ്‌നിയിലെ പ്രശസ്തമായ ഹാര്‍ബര്‍ കരിമരുന്ന് പ്രകടനം, ടോക്കിയോയിലെ ടെംപിള്‍ ബെല്‍ ചടങ്ങുകള്‍, ന്യൂയോര്‍ക്കില്‍ നിന്നുള്ള ടൈംസ് സ്‌ക്വയര്‍ ബോള്‍ ഡ്രോപ് തുടങ്ങിയവയെല്ലാം പുതുവത്സരത്തെ വരവേല്‍ക്കുന്നതിനുള്ള ശ്രദ്ധേയമായ ആഘോഷങ്ങളാണ്
മാനവികതയുടെ നനാത്വത്തിലുള്ള ഏകത്വത്തെയാണ് ആഗോളതലത്തിലെ ഈ ആഘോഷങ്ങള്‍ പ്രതിഫലിപ്പിക്കുന്നത്. സന്തോഷവും സമൃദ്ധിയും നിറഞ്ഞൊരു പുതുവര്‍ഷത്തെ പ്രതീക്ഷിച്ച് ഓരോ രാജ്യവും അതിന്റേതായ പാരമ്പര്യ ആഘോഷങ്ങള്‍ നടത്തി വരുന്നു.