ന്യൂഡല്‍ഹി; മഹാരത്ന കമ്ബനിയായ ഗെയിലിന്റെ മാര്‍ക്കറ്റിങ് ഡയറക്ടര്‍ ഇ എസ് രംഗനാഥനെ കൈക്കൂലിക്കേസില്‍ സിബിഐ അറസ്റ്റുചെയ്തു.
പാലക്കാട് കൊല്ലങ്കോട് സ്വദേശിയാണ്. ഗെയില്‍ നിര്‍മിച്ച പെട്രോകെമിക്കല്‍ ഉല്‍പ്പന്നങ്ങള്‍ സ്വകാര്യകമ്ബനികള്‍ക്ക് വിലകുറച്ച് വിറ്റതുവഴി 50 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന കേസില്‍ ഞായറാഴ്ചയാണ് അറസ്റ്റ്.
ഇടനിലക്കാരായ പവന്‍ ഗൗര്‍, മലയാളിയായ എന്‍ രാമകൃഷ്ണന്‍ നായര്‍, റിഷബ് പോളികെം പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടര്‍ രാജേഷ് കുമാര്‍, വ്യവസായികളായ സൗരഭ് ഗുപ്ത, ആദിത്യ ബന്‍സാല്‍ എന്നിവരെ സിബിഐ ശനിയാഴ്ച അറസ്റ്റ് ചെയ്തിരുന്നു.
രംഗനാഥന്റെ ഡല്‍ഹിയിലെ ഓഫീസും നോയിഡയിലെ വീടും ഉള്‍പ്പെടെ എട്ട് സ്ഥലത്ത് സിബിഐ നടത്തിയ പരിശോധനയില്‍ 1.29 കോടി രൂപയും 1.3 കോടി രൂപയുടെ സ്വര്‍ണാഭരണങ്ങളും കണ്ടെത്തിയതായി സിബിഐ അറിയിച്ചു.
ഡിസംബറില്‍ രംഗനാഥന് വേണ്ടി വ്യവസായികളില്‍നിന്ന് രാജേഷ് കുമാറും ഗൗറും 10 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പിടികൂടിയെന്നാണ് സിബിഐ പറയുന്നത്. തുടര്‍ന്ന് നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് മറ്റുള്ളവരെ അറസ്റ്റ് ചെയ്യുന്നത്. ക്രിമിനല്‍ ഗൂഢാലോചന, കൈക്കൂലി ആവശ്യപ്പെടുക, ക്രമവിരുദ്ധമായ പ്രവൃത്തികള്‍ നടത്തുക തുടങ്ങിയവക്കാണ് കേസെടുത്തത്.
പാലക്കാട് എന്‍എസ്‌എസ് കോളേജ് ഓഫ് എന്‍ജിനിയറിങ്ങില്‍നിന്ന് ബിരുദം നേടിയ രംഗനാഥന്‍ 2020 ജൂലൈയിലാണ് ഗെയിലിന്റെ മാര്‍ക്കറ്റിങ് ഡയറക്ടറായി ചുമതലയേറ്റത്.