പനാജി: ഗോവയിലെത്തുന്നവര്‍ വിനോദസഞ്ചാരികളുടെ അനുമതിയില്ലാതെ അവരോടൊപ്പം സെല്‍ഫിയെടുക്കരുതെന്ന് ഗോവ ടൂറിസം വകുപ്പ്. വിനോദസഞ്ചാരികള്‍ക്ക് വേണ്ടി ടൂറിസം വകുപ്പ് പുറപ്പെടുവിച്ച ഉത്തരവിലാണ് നിര്‍ദേശം.
വിനോദസഞ്ചാരികളുടെ സ്വകാര്യത സംരക്ഷിക്കാനും സുരക്ഷ ഉറപ്പാക്കാനും ലക്ഷ്യമിട്ടാണ് ഉത്തരവ് പുറത്തിറക്കിയത്. സഞ്ചാരികളുടെ സ്വകാര്യതയെ മാനിച്ചുകൊണ്ട് അവര്‍ കടലില്‍ കുളിക്കുമ്ബോഴോ മറ്റോ അവരുടെ അനുമതിയില്ലാതെ ഫോട്ടോ എടുക്കാനോ സെല്‍ഫി എടുക്കാനോ പാടില്ലെന്ന് ഉത്തരവില്‍ പറയുന്നു.
അപകടങ്ങള്‍ ഒഴിവാക്കുന്നതിന് കുത്തനെയുള്ള പാറക്കെട്ടുകളും കടല്‍ പാറകളും പോലുള്ള അപകടകരമായ സ്ഥലങ്ങളില്‍ നിന്ന് സെല്‍ഫി എടുക്കുന്നതില്‍ നിന്നും സഞ്ചാരികളെ വിലക്കിയിട്ടുണ്ട്. സംസ്ഥാനം സന്ദര്‍ശിക്കുന്നവര്‍ പൈതൃക കേന്ദ്രങ്ങളിലെ ചുവരെഴുത്ത് നശിപ്പിക്കരുതെന്നും ഉത്തരവില്‍ പറയുന്നു.
ടൂറിസം വകുപ്പില്‍ രജിസ്റ്റര്‍ ചെയ്ത നിയമപരമായ ഹോട്ടലുകളും പാര്‍പ്പിട സൗകര്യങ്ങളും മാത്രം ഉപയോഗിച്ച് താമസം ബുക്ക് ചെയ്യാന്‍ യാത്രക്കാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബീച്ചുകള്‍ ഉള്‍പ്പടെയുള്ള തുറസ്സായ സ്ഥലങ്ങളില്‍ മദ്യം കഴിക്കുന്നത് നിരോധിച്ചിട്ടുണ്ട്. ഇത് ശിക്ഷാര്‍ഹമായ കുറ്റമാണ്. എന്നാല്‍ നിയമപരമായി ലൈസന്‍സുള്ള റെസ്റ്റോറന്റുകള്‍, ഹോട്ടലുകള്‍ എന്നിവയില്‍ മദ്യം കഴിക്കാമെന്നും ഉത്തരവില്‍ പറയുന്നു. തുറസ്സായ സ്ഥലങ്ങളില്‍ ഭക്ഷണം പാകം ചെയ്യരുതെന്നും ഇത് ലംഘിച്ചാല്‍ പാചക വസ്തുക്കള്‍ പിടിച്ചെടുക്കുകയും 50,000 രൂപ വരെ പിഴ ചുമത്തുമെന്നും ഉത്തരവില്‍ പറയുന്നു.